മരണത്തെ തോല്‍പിച്ച് കുഞ്ഞുചിരി

മരണത്തെ തോല്‍പിച്ച് കുഞ്ഞുചിരി

തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലില്‍ പുനര്‍ജന്മം!

മലപ്പുറം: തലയോട്ടിയില്‍ ദ്വാരവുമായി ജനിച്ച നവജാതശിശു ജീവിതത്തിലേക്ക് തിരികെ പിച്ചവെച്ചു. തലയോട്ടിയിലെ അതീവ സങ്കീര്‍ണ്ണവും അപൂര്‍വവുമായ വൈകല്യത്തോടെ ജനിച്ച മുക്കം സ്വദേശികളായ ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിനാണ് അരീക്കോട് ആസ്റ്റര്‍ മിംസ് മദര്‍ ഹോസ്പിറ്റലിലെ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ പുതുജീവന്‍ നല്‍കിയത്. ലോകത്താകെ ഇതുവരെ അഞ്ഞൂറോളം പേരില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപ്ലാസിയ ക്യൂട്ടിസ് കണ്‍ജനീറ്റ എന്ന അതീവ അപൂര്‍വ രോഗാവസ്ഥയായ മസ്തിഷ്‌കാവരണം പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞ് ജനിച്ചത്.

തലയില്‍ 7ഃ4 സെന്റീമീറ്റര്‍ വലുപ്പമുള്ള ദ്വാരത്തിലൂടെ തലച്ചോറിലെ സുപ്രധാന ഭാഗമായ ഡ്യൂറ മാറ്റര്‍ പുറത്തുകാണുന്ന നിലയിലായിരുന്നു കുഞ്ഞിന്റെ ജനനം. ചെറിയൊരു പരിക്കോ അണുബാധയോ പോലും ജീവന് ഭീഷണിയായേക്കാവുന്ന സാഹചര്യത്തിലാണ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അത്യപൂര്‍വമായ ഒരു ജീവന്‍രക്ഷാ ദൗത്യത്തിനായി കൈകോര്‍ത്തത്. ഏര്‍ലി ലെഫ്റ്റ് ടെമ്പറല്‍ റൊട്ടേഷണല്‍ സ്‌കാല്‍പ് ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ എന്ന അതിനൂതന ശസ്ത്രക്രിയയിലൂടെയാണ് ന്യൂറോ സര്‍ജറി, പ്ലാസ്റ്റിക് സര്‍ജറി, നിയോനറ്റോളജി, അനസ്‌തേഷ്യോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘം കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ച് നടത്തിയത്.

കുട്ടിയുടെ തലച്ചോറിന് യാതൊരുവിധ ആഘാതവും സംഭവിക്കാതെ ഡ്യൂറ മാറ്റര്‍ സംരക്ഷിച്ചെടുക്കുക എന്ന ദുഷ്‌കരമായ ദൗത്യം ന്യൂറോ സര്‍ജറി വിഭാഗം വിജയകരമായി പൂര്‍ത്തിയാക്കി. തുടര്‍ന്ന് കുഞ്ഞിന്റെ തലയിലെ ചര്‍മ്മം തന്നെ ഉപയോഗിച്ച് വിടവ് നികത്തുന്ന ഫ്‌ലാപ്പ് റീകണ്‍സ്ട്രക്ഷന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നിര്‍വ്വഹിച്ചു. പരസ്പരമുള്ള മികച്ച ഏകോപനമാണ് ഈ ജീവന്‍രക്ഷാ ദൗത്യത്തിന് കരുത്തായതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ജിന്റോ, നിയോനറ്റോളജിസ്റ്റുകളായ ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍ എന്നിവര്‍ പറഞ്ഞു. കൂടാതെ അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീനോടൊപ്പം ഡോ. റനീന, ഡോ. സബ്‌ല റഷീദ്.പി, ഡോ. ആതിര രാജു തുടങ്ങിയവര്‍ ശസ്ത്രക്രിയയില്‍ പങ്കാളിയായി.

ഡോക്ടര്‍മാരുടെ പ്രാവീണ്യവും പരിചയസമ്പത്തും ആത്മാര്‍ഥതയും ഒന്നിച്ചപ്പോള്‍ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവനാണ് രക്ഷിക്കാന്‍ സാധിച്ചതെന്ന് ആസ്റ്റര്‍ മിംസ് അസിസ്റ്റന്റ് ചീഫ് മെഡിക്കല്‍ സെര്‍വീസസ് ഡോ. നിഹ്‌മത്തുള്ള അഭിപ്രായപ്പെട്ടു.

അതിസങ്കീര്‍ണ്ണമായ ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യം വീണ്ടെടുത്ത കുഞ്ഞ് ആശുപത്രിയില്‍ നിന്ന് പത്താം നാള്‍ മാതാപിതാക്കളോടൊപ്പം യാത്രയായ വിവരം അരീക്കോട് ആസ്റ്റര്‍ മിംസ് സി.ഓ.ഓ. റോബിന്‍ സി.വി, അസിസ്റ്റന്റ് സി.എം.എസ് ഡോ. നിഹ്‌മത്തുള്ള, ന്യൂറോ സര്‍ജന്‍ ഡോ. എം. ഷെയ്ഖ് മുഹമ്മദ് സമീര്‍ ഖാന്‍, നിയനാറ്റോളജിസ്‌റ് ഡോ. ഡോ. സുമയ്യ അബ്ദുള്ള, ഡോ. മുഹമ്മദ് അജ്മല്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് ഷഹീന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അത്യാഹിത ഘട്ടങ്ങളില്‍ വിദഗ്ധ ചികിത്സയ്ക്കായി ദീര്‍ഘദൂരം യാത്ര ചെയ്യുന്നത് വലിയ വെല്ലുവിളിയാണെന്നും സമയബന്ധിതമായി അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ പ്രാദേശികമായി തന്നെ ലഭ്യമാക്കാന്‍ കഴിഞ്ഞതാണ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ നിര്‍ണായകമായതെന്നും അരീക്കോട് ആസ്റ്റര്‍ മിംസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ റോബിന്‍ സി.വി ചൂണ്ടിക്കാട്ടി. ഇത്തരം അത്യാധുനിക സൗകര്യങ്ങള്‍ സാധാരണക്കാര്‍ക്ക് സ്വന്തം പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

മരണത്തെ തോല്‍പിച്ച് കുഞ്ഞുചിരി

 

Share

Leave a Reply

Your email address will not be published. Required fields are marked *