വിദ്യാര്‍ത്ഥികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി ബി. ഇ. എം ഗേള്‍സ് സ്‌കൂള്‍

വിദ്യാര്‍ത്ഥികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി ബി. ഇ. എം ഗേള്‍സ് സ്‌കൂള്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികളിലെ സര്‍ഗ്ഗശേഷിക്ക് ചിറകുമുളപ്പിച്ച് അക്ഷരങ്ങളുടെ വിശാലമായ ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്താന്‍ മാനാഞ്ചിറ ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. 40 കുരുന്നുകളുടെ രചനകള്‍ കോര്‍ത്തിണക്കിയ പുതുനാമ്പുകള്‍ എന്ന പുസ്തകത്തിന്റെയും, മാളവിക സ്വരൂപ് എന്ന വിദ്യാര്‍ത്ഥിനിയുടെ 3027
AGARES 3.0 എന്ന ഇംഗ്ലീഷ് സയന്‍സ് ഫിക്ഷന്‍ നോവലിന്റെയും പ്രകാശനം ് സ്‌കൂള്‍ അങ്കണത്തില്‍ പ്രശസ്ത നോവലിസ്റ്റ് യു. കെ. കുമാരന്‍ നിര്‍വ്വഹിച്ചു.

പലപ്പോഴും ഡയറിത്താളുകളിലും നോട്ടുബുക്കിന്റെ അവസാന പേജുകളിലും ഒതുങ്ങിപ്പോകുമായിരുന്ന കുട്ടികളുടെ ചിന്തകളെയും സ്വപ്നങ്ങളെയും അക്ഷരങ്ങളാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാര്‍ത്ഥികളില്‍ ഒളിഞ്ഞുകിടക്കുന്ന സാഹിത്യ അഭിരുചികളെ കണ്ടെത്തി, അവര്‍ക്ക് എഴുതാനുള്ള ആത്മവിശ്വാസവും വ്യക്തമായ ദിശാബോധവും നല്‍കാന്‍ ഈ ഉദ്യമത്തിലൂടെ സാധിച്ചു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരാന്‍ മടിച്ചുനിന്ന കുട്ടികള്‍ക്ക് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്തുനിന്നും ലഭിച്ച നിരന്തരമായ പ്രോത്സാഹനം വലിയൊരു ഊര്‍ജ്ജമായി മാറി.

സ്‌കൂളിലെ പി.ടി.എ എക്‌സിക്യൂട്ടീവ് അംഗവും, മാധ്യമപ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ആമി ബെല്ല ജെയ്സിന്റെ മനസ്സില്‍ ഒന്നര വര്‍ഷം മുന്‍പ് ഉദിച്ച ആശയമാണ് ഇന്ന് രണ്ട് പുസ്തകങ്ങളായി പൂവണിഞ്ഞിരിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി പി.ടി.എ അംഗങ്ങളും സ്‌കൂളിലെ അധ്യാപകരും തുടക്കം മുതല്‍ ഒപ്പമുണ്ടായിരുന്നു.

നാല്‍പ്പത് കുട്ടികളുടെ നിഷ്‌കളങ്കമായ കവിതകളും, കഥകളും, അനുഭവങ്ങളുമാണ് പുതുനാമ്പുകള്‍ എന്ന പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഇതിനുപുറമെ, വായനക്കാരെ ശാസ്ത്രലോകത്തിന്റെ പുതിയൊരു വിസ്മയത്തിലേക്ക് കൊണ്ടുപോകുന്ന രചനയാണ് മാളവിക സ്വരൂപിന്റെ 3027 AGARES3.0. ഈ രണ്ട് പുസ്തകങ്ങളിലൂടെ മലയാള സാഹിത്യലോകത്തിന് 41 പുതിയ കുഞ്ഞെഴുത്തുകാരികളെയാണ് സ്‌കൂള്‍ സമ്മാനിക്കുന്നത്.
പ്രകാശനച്ചടങ്ങില്‍ അനീസ് ബഷീര്‍, ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ ആമി ബെല്ല ജെയ്‌സ്, റെറ്റിന പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്റര്‍ മുഹമ്മദ് സവാദ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനീഷ് എം. എ., ഹെഡ്മിസ്ട്രസ് ജെസ്സി ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

 

 

വിദ്യാര്‍ത്ഥികളെ എഴുത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തി
ബി. ഇ. എം ഗേള്‍സ് സ്‌കൂള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *