ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ഉറങ്ങി യുവതി; വേറിട്ട പ്രതിഷേധം
ബെയ്ജിങ്: കുറഞ്ഞ ശമ്പളത്തില്‍ പ്രതിഷേധിച്ച് ചൈനയിലെ ഒരു യുവതി ഓഫീസില്‍ അഞ്ച് മണിക്കൂര്‍ ഉറങ്ങിയ സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. കുറഞ്ഞ ശമ്പളത്തില്‍ പ്രതിഷേധിച്ച് ഓഫീസില്‍ കിടന്നുറങ്ങിയ യുവതിയാണ് തന്നെ ബോസ് വഴക്കുപറഞ്ഞതായി വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചത്. ‘നല്കുന്ന പണത്തിനുള്ള ജോലിയേ ലഭിക്കൂ’ എന്ന നിലപാടിലായിരുന്നു യുവതി.
തനിക്ക് ലഭിക്കുന്ന വേതനം ജോലിഭാരത്തിന് അനുസരിച്ചുള്ളതല്ലെന്ന് വീഡിയോയില്‍ യുവതി പരാതിപ്പെടുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തന്റെ ജോലി സമയത്തില്‍ അഞ്ച് മണിക്കൂര്‍ ഉറങ്ങാന്‍ തീരുമാനിച്ചത്. ഓഫീസിലെ ഡെസ്കിനടിയില്‍ പുതപ്പും തലയണയുമായി യുവതി ഉറങ്ങുന്ന ചിത്രം ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലായിട്ടുണ്ട്.
ചിത്രങ്ങള്‍ പുറത്തുവന്നതോടെ തൊഴിലിടങ്ങളിലെ വേതന വ്യവസ്ഥയെക്കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വഴിതെളിഞ്ഞു. കമ്പനികള്‍ ജീവനക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ യുവതി ഉയര്‍ത്തിയ പ്രതിഷേധം ശരിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ഓഫീസിലെ ഈ പെരുമാറ്റം അച്ചടക്കമില്ലായ്മയാണെന്ന് മറ്റൊരു വിഭാഗം വിമര്‍ശിക്കുന്നു.
