മുഖ്യ ഖാസി സ്ഥാനാരോഹണം 17 ന് മിശ്കാല്‍ പള്ളിയില്‍
കോഴിക്കോട്: ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ മുഖ്യഖാസിയായി നിയമിതനായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലിയുടെ സ്ഥാനാരോഹണം ഏപ്രില്‍ 17 വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ന് മിശ്കാല്‍ പള്ളി അങ്കണത്തില്‍ വെച്ച് സംഘടിപ്പിക്കും. മിശ്കാല്‍ പള്ളി ആക്ടിങ്ങ് പ്രസിഡണ്ട് പി.ഒ.ഹാഷിമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടിയുടെ സംഘാടനത്തിനായി സി.ബി.വി. സിദ്ധിഖ് ചെയര്‍മാനും, എം.വി. റംസി ഇസ്മായില്‍ കണ്‍വീനറും,എം.വി. അബ്ദുള്ളക്കോയ ട്രഷററുമായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
പരമ്പരാഗത രീതിയില്‍ സംഘടിപ്പിക്കുന്ന സ്ഥാനാരോഹണ ചടങ്ങ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മേയര്‍ ഒ. സദാശിവന് മുഖ്യാതിഥിയായിരിക്കും. ഡോ മുഹമ്മദ് അബ്ദുള്‍ ഹഖീം അസ്ഹരി, സാമൂതിരി കേരള വര്‍മ്മ രാജ എന്നിവര്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും.
ഖാസി ഫക്രുദ്ധിനില് ആരംഭിച്ച് ഈ പരമ്പരയിലെ 23 ാമത്തെ ഖാസിയാണ് ജമലുല്ലൈലി. 2009 ന് ശേഷം 17 വര്‍ഷം പിന്നിട്ട ശേഷമാണ് ഇത്തരം ഒരു ചടങ്ങ് പള്ളിയില്‍ സംഘടിപ്പിക്കുന്നത്. സഫീര്‍ സഖാഫി,എം.വി.അബ്ദുള്ളക്കോയ,പി.കെ.എം കോയ,കെ.വി. അവറാന്കോയ, സി.ബി.വി.സിദ്ധീഖ് എം.വി.ബഷീര്‍,പി.വി. ഹസ്സന് കോയ, പുതിയകം സഹീര്‍,കെ.വി. ഇസ്ഹാഖ്, പി.ടി.ഇമ്പിച്ചിക്കോയ, ലിയാഖത്തലി , ഷബീറലി പി.കെ.എം. റഫീഖ്,അഡ്വ.കെ.വി. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.മിശ്കാല്‍ പള്ളി സെക്രട്ടറി എന്‍. ഉമ്മര്‍കോയ സ്വാഗതവും കണ്‍വീനര്‍ എം.വി.റംസി ഇസ്മായില്‍ നന്ദിയും പറഞ്ഞു.
