സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കും; ഇനിയും വിസ്മയങ്ങള്‍ പ്രതീക്ഷിക്കാം: വി.ഡി സതീശന്
കൊച്ചിഃ യുഡിഎഫ് സ്ഥാനാര്‍ഥികളെ 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്ന് വി.ഡി സതീശന്. നാളെ നടക്കുന്ന ചര്‍ച്ചകള്‍ക്കായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഇത്രയും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന് കരുതിയില്ലെന്ന് സതീശന് പറഞ്ഞു. ചൂടുകാലമായത് കൊണ്ടുതന്നെ പെട്ടന്ന് തീരുന്നതാണ് നല്ലത്. ടിം യു.ഡി.എഫില്‍ തര്‍ക്കമില്ല. ഗ്രൂപ്പിന്റെ പേരില്‍ സീറ്റ് വീതം വെപ്പില്ല. ആ കാലം കഴിഞ്ഞു.
സര്‍ക്കാരിന്റെ തെറ്റായ നടപടികള്‍ കൃത്യമായി ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം സര്‍ക്കാര്‍ ചിലവില്‍ നടത്തി. ജനങ്ങളുടെ പണം ചിലവഴിച്ച് പരസ്യം നല്കി. ഇതെല്ലാം ചോദ്യം ചെയ്യപ്പെടും. അവസാന മന്ത്രി സഭയിലെ വാഗ്ദാനങ്ങള്‍ ഇനി എല്‍ഡിഎഫ് പാലിക്കണ്ടല്ലോയെന്നും സതീശന് ചോദിച്ചു.പത്ത് കൊല്ലം ചെയ്യാത്ത പദ്ധതികളാണ്. പിന് വാതില്‍ നിയമനങ്ങളടക്കം വരുന്ന യുഡിഎഫ് സര്‍ക്കാര്‍ പുനഃപരിശോധിക്കും. ഇനിയും വിസ്മയങ്ങള്‍ പ്രതീക്ഷിക്കാമെന്നും പ്രതിപക്ഷ നേതാവ്.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ടു ദിവസത്തനകമുണ്ടാവുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. 26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കും. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മിഷന് സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കുമെന്നും പറഞ്ഞ വേണുഗോപാല്‍ കെ.സുധാകരനുമായി സംസാരിക്കുമെന്നും പറഞ്ഞു.
അതേസമയം, കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രില്‍ ഒമ്പതിന് ഒറ്റഘട്ടമായാണ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. പത്രികാ സമര്‍പ്പണം മാര്‍ച്ച് 23 വരെയും സൂക്ഷ്മ പരിശോധന മാര്‍ച്ച് 24നും നടക്കും. മാര്‍ച്ച് 26 വരെ പത്രിക പിന്‍വലിക്കാം.
