ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേര്‍ന്നു. യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനില്‍ നടത്തിയ വ്യോമാക്രമണവും മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങളും യോഗത്തില്‍ വിശദീകരിച്ചു. അവിടങ്ങളിലുളള ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് ഉന്നതതല യോഗം ആശങ്കരേഖപ്പെടുത്തി.
ആ മേഖലയിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും പരീക്ഷകള്‍ക്ക് ഹാജരാകേണ്ട വിദ്യാര്‍ത്ഥികളുടെ സാഹചര്യങ്ങളും യോഗം പ്രത്യേകമായി വിലയിരുത്തി.മേഖലയിലെ സുരക്ഷയെയും സാമ്പത്തിക, വാണിജ്യ പ്രവര്‍ത്തനങ്ങളെയും ഈ സാഹചര്യം എങ്ങനെ ബാധിക്കുമെന്ന് കമ്മിറ്റി ചര്‍ച്ച ചെയ്തു.
പ്രതിസന്ധിയിലായ ഇന്ത്യന്‍ പൗരന്മാരെ സഹായിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും യോഗത്തിന് ശേഷം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും സമാധാന അന്തരീക്ഷത്തിലേക്ക് തിരിച്ചുവരണമെന്നും യോഗം ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യം; പ്രധാനമന്ത്രിയുടെ
നേതൃത്വത്തില്‍ സി സി എസ് യോഗം ചേര്‍ന്നു
