ഡോക്ടര്‍മാര്‍ അവരുടെ ന്യായമായ ആവശ്യങ്ങളുന്നയിച്ച് നടത്തിക്കൊണ്ടിരിക്കുന്ന സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിച്ച് നില്‍ക്കുന്നത് ഒട്ടും ശരിയല്ല. സമരത്തിന്റെ ഘട്ടത്തില്‍ ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ചര്‍ച്ചക്ക് ശ്രമിച്ചെങ്കിലും അതിനും അവസരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പിടിവാശി പിടിക്കുന്തോറും കഷ്ടത്തിലാവുന്നത് പാവപ്പെട്ട രോഗികളാണ്.
സമരം കാരണം ഗവ.മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനം ഏതാണ്ട് താളം തെറ്റി കിടക്കുകയാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ ഒപിയില്‍ എത്താതായതോടെ ഒപി പ്രവര്‍ത്തനം അവതാളത്തിലായിട്ടുണ്ട്. ഓപ്പറേഷനുകള്‍ നടക്കുന്നില്ല. അടിയന്തിര സര്ജറിക്കാവശ്യമുള്ള കേസുകള്‍ പോലും സമരം നീളുന്നത് കാരണം പ്രയാസപ്പെടുകയാണ്.
ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിക്കുന്നത് അവരുടെ ശമ്പള കുടിശ്ശിക ലഭിക്കണമെന്നതാണ്. 10 വര്‍ഷം മുന്‍പാണ് ഡോക്ടര്‍മാരുടെ ശമ്പളം പരിഷ്ക്കരിച്ചത്. ഇക്കാലയളവിലെ നാല് വര്‍ഷത്തെയും ഒമ്പത് മാസത്തെയും ശമ്പള കുടുശ്ശികയാണ് ഡോക്ടര്‍മാര്‍ക്ക് ലഭിക്കുവാനുള്ളത്. ഈ വിഷയം ചര്‍ച്ച ചെയ്ത് കുടിശ്ശിക സംബന്ധിച്ച് ഒരു തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ തീരാവുന്ന ഒന്നാണ് ഇപ്പോള്‍ നടക്കുന്ന സമരം. സമര രംഗത്തുളള കെജിഎം സിടിഎ ഭാരവാഹികള്‍ പ്രശ്ന പരിഹാരത്തിനായി സര്‍ക്കാരിനെ സമീപ്പിക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സമീപനം അനുകൂലമല്ല.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വന്നിരിക്കെ പുതിയ പ്രഖ്യാപനങ്ങള്‍ നടത്താനും, ഉദ്ഘാടനങ്ങള്‍ സംഘടിപ്പിക്കാനും സര്‍ക്കാര്‍ സംവിധാനമാകെ ഓട്ടത്തിലാണ്. അതുകൊണ്ട്തന്നെ ഡോക്ടര്‍മാരുടെ സമരത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നുമില്ല. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിത സൗകര്യങ്ങളിലിരുന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാരാണ് ആരോഗ്യ കേരളത്തിന്റെ നട്ടെല്ലെന്ന് സര്‍ക്കാര്‍ മറന്നു പോകുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികളുടെ തിരക്ക് വളരെ വലുതാണ്. അവരെയെല്ലാം പരിശോധിച്ച് രോഗനിര്‍ണയം നടത്തി മുന്നോട്ട് പോകുന്നതിനാലാണ് നമ്മുടെ ആരോഗ്യ രംഗം ലോകോത്തര നിലവാരമെന്ന് നാം അവകാശപ്പെടുന്നതിന്റെ അടിസ്ഥാനം. പ്രകൃതി ദുരന്തങ്ങളും, കോവിഡ് കാലവുമെല്ലാം നമ്മുടെ ഡോക്ടര്‍മാര്‍ നല്കിയ സേവനം ആരും വിസ്മരിക്കരുത്. സ്വകാര്യ ആശുപത്രികളിലെ ഭാരിച്ച ചികിത്സാ ചിലവ് താങ്ങാനാവാത്തതിനാലാണ് ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളെ അഭയം പ്രാപിക്കുന്നത്. മഹാഭൂരിപക്ഷം വരുന്നവരുടെ ആശ്രയ കേന്ദ്രമായ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കരുത്.
മറ്റെന്തെല്ലാം കാര്യങ്ങള്‍ സര്‍ക്കാരിന്റെ മുന്നിലുണ്ടായാലും, ആരോഗ്യ രംഗത്തെ അനിശ്ചിതത്വത്തിന് പരിഹാരം കാണാന്‍ നടപടികളുണ്ടാവണം. ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ച് സാധാരണക്കാര്‍ക്ക് ചികിത്സയൊരുക്കാന്‍ വേഗത്തില്‍ നടപടികളുണ്ടാവണം.
