കോഴിക്കോട്: കുഞ്ഞുണ്ണിമാഷ് സ്വയം വളരാന്‍ കൂട്ടാക്കാത്ത കുട്ടിയും മുതിര്‍ന്ന് മുറ്റിയ ഋഷിയുമാണെന്ന് ആലങ്കോട് ലീലാകൃഷ്ണന്. കേരള ഭാഷാ ഇന്‍സ്റ്റ്റ്റിയൂട്ട് കോഴിക്കോട് പ്രാദേശിക കേന്ദ്രവും, കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാചരണ ചടങ്ങില്‍ ഡോ.കെ.എസ്.വിനോദ് രചിച്ച കവിതയുടെ ‘കതിര് കനം’ (കുഞ്ഞുണ്ണി കവിതാ പഠനം )പുസ്തക പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുസ്തകം സി.എസ്.മീനാക്ഷി ഏറ്റുവാങ്ങി.
ഒരു മതമേ ലോകത്തുള്ളൂവെന്നും, അത് സ്നേഹമാണെന്നും സ്നേഹ സ്വരൂപത്തെക്കുറിച്ച്് ഏറ്റവും വര്‍ണ്ണിച്ച കവിയാണ് കുഞ്ഞുണ്ണി മാഷെന്നും അദ്ദേഹം പറഞ്ഞു. സ്നേഹം ഉള്ളിലില്ലാത്തവര്‍ ഭക്തി കൊണ്ട് നടന്നിട്ട് കാര്യമില്ല. നീ നിന്റെ വിളക്കാവുക എന്നാണ് ശ്രീബുദ്ധന് ശിഷ്യനായ ആനന്ദനോട് പറഞ്ഞത്. ഇരുട്ട് നീക്കി വെളിച്ചം പകരുന്നവനാണ് ഗുരു. ഏത് കൊടുങ്കാറ്റ് വന്നാലും, ഭൂകമ്പം വന്നാലും കുട്ടികളെ രക്ഷിക്കുന്നവനാണ് ഗുരുനാഥന്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളില്‍ ബുദ്ധനെ കുറിച്ചുള്ള അന്വേഷണങ്ങളുണ്ടെന്നും ഋഷിയായ കവിയായിരുന്നു കുഞ്ഞുണ്ണി മാഷെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20-ാം നൂറ്റാണ്ടിലെ മനുഷ്യനെ മാനവികതയിലേക്ക് നയിച്ചത് പി.ഭാസ്ക്കരന്‍ മാഷായിരുന്നു. നാഗരിക പൂര്‍വ്വ മലയാളത്തിന്റെ നാടോടി ചൂട്ട് മിന്നി മിന്നിച്ച് നാട്ടിട വഴികളിലൂടെ നടന്ന വ്യക്തിയാണ് ഭാസ്ക്കരന്‍ മാഷ്, മലയാളക്കര മുഴുവന്‍ പാട്ടിലാക്കിയ കവി. ചടങ്ങില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍.ജയകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ.ഡോ.അഞ്ജു ഐ ആമുഖ ഭാഷണം നടത്തി.
