ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്

ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്

            സംസ്ഥാനത്തെ ആരോഗ്യ രംഗം ലോകോത്തര നിലവാരത്തിലാണെന്ന് കൊട്ടിഘോഷിക്കുമ്പോള്‍ ആ വാദഗതിയുടെ മുനയൊടിക്കുന്ന ചില സംഭവങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍, നമ്മുടെ ആരോഗ്യ മേഖലക്കും ചികിത്സ അനിവാര്യമാവുകയാണ്. ചികിത്സാ രംഗത്തെ കുറ്റകരമായ അനാസ്ഥയുടെ രണ്ട് ഇരകളായി കോഴിക്കോട്ടെ ഹര്‍ഷിനയും, ആലപ്പുഴയിലെ ഉഷാ ജോസഫും. ഹര്‍ഷിനക്കും, ഉഷാ ജോസഫിനും ചികിത്സക്കിടയില്‍ സംഭവിച്ച അനാസ്ഥ മൂലം ദുരിതമനുഭവിക്കേണ്ടി വന്നത് നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ നിന്നാണെന്നറിയുമ്പോഴാണ് സംഭവങ്ങളുടെ ആശങ്ക ഉയരുന്നത്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും, താലൂക്കാശുപത്രികളും ജില്ലാ ആശുപത്രികളും ചികിത്സയുടെ അവസാന കേന്ദ്രമെന്ന നിലയിലാണ് രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്കയക്കുന്നത്. അവിടെ വെച്ച് ചികിത്സാ പിഴവുണ്ടാകുന്നുണ്ടെങ്കില്‍ അതിനുത്തരവാദികളായ ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും മാതൃകാപരമായി ശിക്ഷിക്കണം. ഈ രണ്ട് സംഭവങ്ങളിലും സര്‍ജറിക്കിടയില്‍ കത്രികയടക്കം തുന്നിച്ചേര്‍ത്താണ് രോഗികളെ വീടുകളിലേക്കയച്ചത്. നിരവധി വര്‍ഷങ്ങള്‍ കൊടും വേദന അനുഭവിച്ച ഇവര്‍ പിന്നീടാണ് വേദനയുടെ കാരണം പരിശോധനകളിലൂടെ കണ്ടെത്തുന്നത്. പിഴവ് കണ്ടെത്തിയിട്ടും, അത് ന്യായീകരിക്കപ്പെടുകയും, കുറ്റക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കോഴിക്കോട്ടെ ഹര്‍ഷിനയുടെ കാര്യത്തില്‍ കണ്ടത്. തന്റെ വേദന മാറ്റാന്‍ ഹര്‍ഷിന കടം വാങ്ങിയും മറ്റുമാണ് ചികിത്സ നടത്തിയത്. ആ സഹോദരിക്ക് മതിയായ നഷ്ട പരിഹാരം നല്‍കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാത്തത് അതിലേറെ പരിതാപകരമാണ്. ഹര്‍ഷിന മെഡിക്കല്‍ കോളേജിന് മുന്നില്‍ തനിക്ക് നീതിക്കായി നിരന്തര സമരം തന്നെ നടത്തുകയുണ്ടായി. ഇക്കാര്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി നല്‍കിയ ഉറപ്പുപോലും, പാലിക്കപ്പെടുകയുണ്ടായില്ല. കുറ്റക്കാരായ ഡോക്ടര്‍മാരെ വെള്ളപൂശാനും, ചികിത്സാ പിഴവിനെ ന്യായീകരിക്കാനും ചില ഡോക്ടര്‍മാര്‍ കാണിക്കുന്ന വ്യഗ്രത, മെഡിക്കല്‍ എത്തിക്‌സിന് തന്നെ എതിരാണ്, മെഡിക്കല്‍ കോളേജുകളില്‍ ജീവനക്കാരുടെ പരിമിതിയുണ്ടെന്ന ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ പ്രസ്താവന ആരോഗ്യ വകുപ്പ് കണ്ണ് തുറന്ന് കാണണം. ഒട്ടേറെ പരിമിതികളും, പ്രയാസങ്ങളും മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടെങ്കിലും, അതിനെയെല്ലാം മറികടന്ന് ആരോഗ്യമേഖലയിലെ വെല്ലുവിളികളെ നേരിടാന്‍ സാധിക്കുന്നുണ്ടെങ്കിലും, നിരന്തരം ചികിത്സാ പിഴവുകള്‍ ഉണ്ടാവുന്നതിന് യാതൊരു ന്യായീകരണവുമില്ല. കുറ്റമറ്റ രീതിയില്‍ ആരോഗ്യ രംഗത്തെ നയിക്കാന്‍ കര്‍ശനമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ജനങ്ങള്‍ പ്രതിക്ഷിക്കുന്നുണ്ട്.

ചികിത്സ വേണ്ടത് ആരോഗ്യ വകുപ്പിന്

Share

Leave a Reply

Your email address will not be published. Required fields are marked *