കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം. പോറ്റി പ്രതിയായ രണ്ട് കേസുകളിലും ജാമ്യം ലഭിച്ചു. 90 ദിവസമായിട്ടും കുറ്റപത്രം നല്‍കാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഇതേ കേസില്‍ മുമ്പ് മുരാരി ബാബുവിനും ശ്രീകുമാറിനും സുധീഷിനും ജാമ്യം ലഭിച്ചിരുന്നു.ജനുവരി 21ന് ആയിരുന്നു പോറ്റിയ്ക്ക് ദ്വാരപാലകപാളി കേസില്‍ ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കര്‍ശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.
പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒന്നാം പ്രതി തന്നെ പുറത്ത് പോകുന്നത് പ്രതിഷേധത്തിന് ഇടയാക്കും.
നിലവിലെ സാഹചര്യത്തില്‍ ഇരുവര്‍ക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തില്‍ മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്, അടൂര്‍ പ്രകാശ് അടക്കമുള്ളവര്‍ക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്.
