ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര  വ്യാപാര കരാര്‍ പുതു ചരിത്രം

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര  വ്യാപാര കരാര്‍ പുതു ചരിത്രം

യൂറോപ്യന്‍ യൂണിയനും, ഇന്ത്യയും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാര്‍ പുതു ചരിത്രമായി രേഖപ്പെടുത്തപ്പെടും. 140 കോടി ജനങ്ങളുള്ള ലോകത്തിലെ നാലാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയും, 27 രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യന്‍ യൂണിയനും തമ്മിലുണ്ടാക്കുന്ന സ്വതന്ത്ര വ്യാപാര കരാര്‍ ഇരു പങ്കാളികള്‍ക്കും ഏറെ ഗുണകരമാകും.
അമേരിക്കന്‍ പ്രസിഡണ്ടായി ഡൊണാള്‍ഡ് ട്രംപ് രണ്ടാം പ്രവാശ്യം അധികാരമേറ്റയുടന്‍ ആരംഭിച്ച വ്യാപാര രംഗത്തെ അനിശ്ചിതത്വത്തിനും, വെല്ലുവിളികള്‍ക്കുമുള്ള പരോക്ഷ മറുപടിയാണ് ഇന്ത്യ-ഇയു സ്വതന്ത്ര വ്യപാര കരാര്‍. ഡൊണാള്‍ഡ് ട്രംപിന്റെ ഇറക്കുമതി തീരുവയില്‍പെട്ട് ഇന്ത്യയിലെ വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, ആഭരണങ്ങള്‍ എന്നീ മേഖലകള്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇതുമൂലം ദശലക്ഷക്കണക്കിന് പേര്‍ ജോലി ചെയ്യുന്ന മേഖലയ്ക്കും തളര്‍ച്ച നേരിട്ടിരുന്നു. ഇതിനൊരു മറുമരുന്നാണ് യൂറോപ്യന്‍  വിപണി. അമേരിക്കയുടെ പിന്തുണയില്ലെങ്കിലും മറ്റൊരു വിപണി കണ്ടെത്തി പരിഹാരമുണ്ടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും കരാറില്‍ പ്രതിഫലിക്കുന്നുണ്ട്.
രണ്ട് പതിറ്റാണ്ടിലൂടെ രൂപപ്പെട്ട നിരവധി ചര്‍ച്ചകളും, കൂടിയാലോചനകളും പിന്നിട്ട കരാറാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാവുന്നത്. 2007ല്‍ തുടങ്ങിയ വ്യാപാര ചര്‍ച്ചയാണ് 2013ല്‍ മുടങ്ങിയെങ്കിലും, 2022ല്‍ പുനരാരംഭിച്ച് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇന്ത്യയുടെ 22-ാമത് വ്യാപാര പങ്കാളിയായി ഇ യു ഇതോടെ മാറി.  അമേരിക്കയുടെ ഭീഷണി, കരാറിന് രൂപം നല്‍കുന്ന പ്രക്രിയക്ക് വേഗം കൂട്ടിയിട്ടുണ്ട്. യൂറോപ്പിലെ മാര്‍ക്കറ്റുകളിലേക്ക് തുണിത്തരങ്ങള്‍, സമുദ്രോല്‍പ്പന്നങ്ങള്‍, തുകല്‍എന്നിവയ്ക്കും, ആയൂര്‍വ്വേദം, സിദ്ധ, യൂനാനി, യോഗ, നാച്ച്യുറോപതി, ഹോമിയോപ്പതി ചികിത്സകര്‍ക്കും യൂറോപ്പില്‍ അവസരം ലഭിക്കും.
യൂറോപ്യന്‍ യൂണിയനുകളിലെ ഐടി, വിദ്യാഭ്യാസം, പ്രൊഫഷണല്‍ സര്‍വ്വീസസ്, ബിസിനസ് സര്‍വ്വീസ്, വാഹന മേഖല എന്നിവയെല്ലാം ഇന്ത്യയിലേക്ക് കൂടുതലായി കടന്നു വരും. 200 കോടി ജനങ്ങള്‍ ഒന്നിച്ച് ചേരുന്ന ഒരു മാര്‍ക്കറ്റ് ഇതുവഴി തുറന്നു വരുകയാണ്. ഇന്ത്യയ്ക്ക് ഒട്ടനവധി നേട്ടങ്ങള്‍ ഇതുവഴിയുണ്ടാകും. യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സിലിന്റെയും, കേന്ദ്ര മന്ത്രിസഭയുടെയും അംഗീകാരം വരുന്നതോടെ ഇന്ത്യ-ഇ യു കരാര്‍ നടപ്പായി തുടങ്ങും. പുതിയ ലോകം, പുതിയ ലോകക്രമം എന്നതും ഇതിലൂടെ രൂപപ്പെടും.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര

വ്യാപാര കരാര്‍ പുതു ചരിത്രം

Share

Leave a Reply

Your email address will not be published. Required fields are marked *