തിരുവനന്തപുരം: ഇപ്പോള്‍ തിരുവനന്തപുരം കോര്‍പറേഷന്‍, ഇനി കേരളം ബിജെപിയുടെ കയ്യില്‍ വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.കേരളത്തില്‍ മാറ്റം വന്നു കഴിഞ്ഞുവെന്നും ഇത് പുതിയ തുടക്കമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. ഗുജറാത്തിലെ വിജയഗാഥ തുടങ്ങിയത് ഒരു നഗരത്തില്‍ നിന്നാണ്. തിരുവനന്തപുരത്തെ ബിജെപിയുടേത് സാധാരണ വിജയമല്ല. എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളുടെ അഴിമതിയില്‍ നിന്നുള്ള മോചനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം രാജ്യത്തിന് മാതൃകാ നഗരമായി മാറും. രാജ്യത്തെ ഏറ്റവും മികച്ച നഗരമാക്കി തിരുവനന്തപുരത്തെ മാറ്റാന്‍ എല്ലാ പിന്തുണയും നല്‍കും. കേരളത്തെ മാറ്റാനുള്ള സമയമാണ് അടുത്ത തിരഞ്ഞെടുപ്പ്. നിങ്ങള്‍ ഇതുവരെ കണ്ടത് രണ്ട് പക്ഷം മാത്രമാണ്. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ നശിപ്പിച്ചു. ഇനി മുതല്‍ മൂന്നാമത് ഒരു പക്ഷം കൂടി. അത് വികസനത്തിന്റെ പക്ഷമാണ്. പുത്തരിക്കണ്ടത്ത് ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ ഇവിടെ എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിക്കുകയാണ്. ത്രിപുരയില്‍ സിപിഎമ്മിന്റെ അടയാളം പോലും അവശേഷിക്കുന്നില്ല. ഇനി കേരളത്തെ മോചിപ്പിക്കണമെങ്കില്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും തൂത്തെറിയണമെന്നും അഡ്ജസ്റ്റ്‌മെന്റ് ഭരണം അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.എല്‍ഡിഎഫ് വികസനത്തിന്റെ ശത്രുവാണ്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങള്‍ക്ക് നിഷേധിക്കുന്നു. പിഎം ആവാസ് യോജനയും പിഎം ശ്രീയും നടപ്പാക്കിയില്ല. പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിഎംശ്രീയുടെ ഗുണം നിഷേധിച്ചു.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്വര്‍ണ്ണകൊള്ള പ്രതികളെ ജയിലില്‍ അടയ്ക്കും. ഇത് മോദിയുടെ ഗ്യാരന്റിയാണ്. കോണ്‍ഗ്രസില്‍ ഇപ്പോള്‍ മുസ്ലീം ലീഗിലേക്കാള്‍ വര്‍ഗീയവാദികള്‍. കോണ്‍ഗ്രസ് രാജ്യത്തെ വര്‍ഗ്ഗീയതയുടെ പരീക്ഷണ ശാലയാക്കി. കോണ്‍ഗ്രസ് ഇപ്പോള്‍ മുസ്ലിം ലീഗ് -മാവോ കോണ്‍ഗ്രസ്. മുസ്ലിം ലീഗിന്റെ അജണ്ട ആണ് കോണ്‍ഗ്രസ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. ഇതാണ് എന്‍ഡിഎ സര്‍ക്കാരിനുള്ള സമയം. 25 വര്‍ഷത്തേക്കുള്ള വികസന പദ്ധതി വേണം.
വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഒന്നും പ്രധാനമന്ത്രി നടത്തിയില്ല. മോദിയുടെ പ്രഖ്യാപനത്തിനായി തലസ്ഥാന നഗരം കാത്തിരുന്നുവെങ്കിലും പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചില്ല.
