കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ (കെ.എല്‍.എഫ്.) ഒമ്പതാം പതിപ്പിന് നാളെ (ജനുവരി 22) തിരിതെളിയും. ഇന്ത്യയിലെ ആദ്യ യുനെസ്കൊ സാഹിത്യനഗരമായ കോഴിക്കോട്, ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തില്‍ ജനുവരി 22 മുതല്‍ 25 വരെയാകും ഫെസ്റ്റിവല്‍ നടക്കുക. ഇന്ത്യന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് കെ.എല്‍.എഫിന്റെ ഭാഗമാകുമെന്ന സവിശേഷതയുമുണ്ട്. ഒമ്പതുമാസം നീണ്ട ബഹിരാകാശവാസത്തിനുശേഷമുള്ള സുനിത വില്യംസിന്റെ ആദ്യ ഇന്ത്യാസന്ദര്‍ശനമാണിത്. ഒളിമ്പ്യന്‍ ബെന്‍ ജോണ്സണ്, നൊബേല്‍ ജേതാക്കളായ അബ്ദുള്‍ റസാഖ് ഗുര്‍ണ, അഭിജിത് ബാനര്‍ജി, ബുക്കര്‍ പ്രൈസ് ജേതാക്കളായ കിരണ്‍ ദേശായി, ബാനു മുഷ്താഖ്, ഇന്റര്‍നാഷണല്‍ ബുക്കര്‍ പ്രൈസ് ജേതാക്കളായ ദീപ ബസ്തി, ഡെയ്സി റോക്വെല്, ജ്ഞാനപീഠജേതാവ് പ്രതിഭ റായ്, സാമ്പത്തികവിദഗ്ദ്ധന്‍ അരവിന്ദ് സുബ്രഹ്മണ്യന്, ചരിത്രകാരി റോമില ഥാപ്പര്‍, വിക്കിപീഡിയയുടെ സ്ഥാപകന്‍ ജിമ്മി വെയില്‍സ്, പ്രശസ്ത ചിന്തകന്‍ പീക്കോ അയ്യര്‍, എഴുത്തുകാരനായ അമിഷ് ത്രിപാഠി, മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശോഭ ഡേ, പ്രകാശ് രാജ്, ശശി തരൂര്‍ തുടങ്ങി സാഹിത്യ-സാംസ്കാരിക-സാമ്പത്തിക- പാരിസ്ഥിതികമേഖലകളില്നിന്നുള്ളവരെ കൂടാതെ സിനിമാ-സ്പോര്‍ട്സ് രംഗത്തെ പ്രമുഖരും ഈ സാഹിത്യോത്സവത്തിനു മാറ്റുകൂട്ടും.
സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എല്‍. എഫില്‍ അതിഥിരാജ്യമായ ജര്മ്മനിയില്നിന്നുള്പ്പെടെ 18 രാജ്യങ്ങളില്‍നിന്നുള്ള പ്രഭാഷകര്‍ സംവാദത്തിനെത്തും. യു.എസ്.എ., കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്, സ്പെയിന്, നോര്‍വെ, നെതര്‍ലാന്‍ഡ്, ബള്‍ഗേറിയ, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, അയര്‍ലന്‍ഡ്, സ്ലോവാക്കിയ, ജപ്പാന്, നൈജീരിയ, ബെല്‍ജിയം എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെയും നാനൂറിലധികം പ്രഭാഷകരാണ് പങ്കെടുക്കുന്നത്. 250-ല്‍ അധികം സംവാദങ്ങള്‍ക്കാണ് കെ.എല്‍.എഫ്. ഒമ്പതാം പതിപ്പ് സാക്ഷിയാകുന്നത്. കേരളത്തിലെ വിവിധ മേഖലകളില്‍ സാന്നിദ്ധ്യമറിയിച്ച നിരവധി ആളുകളും കെ.എല്‍.എഫിന്റെ ഭാഗമാകുന്നു. ലോകധര്‍മ്മി നാടകവേദി അവതരിപ്പിക്കുന്ന പെര്‍ഫോമേറ്റീവ് സെഷനുകള്‍കൂടി ഉള്‍പ്പെടുത്തി ഏറെ വ്യത്യസ്തമായാണ് വേദികള്‍ ഒരുക്കിയിട്ടുള്ളത്.
ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എട്ടു വേദികളിലായി നടക്കുന്ന സാഹിത്യോത്സവം ജനുവരി 22-ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, തമിഴ്നാട് ഐ.ടി. വകുപ്പ് മന്ത്രി പളനിവേല്‍ ത്യാഗരാജന്, കോഴിക്കോട് മേയര്‍ ഒ. സദാശിവന്, സാംസ്കാരികവകുപ്പ് ഡയറക്ടര്‍ ദിവ്യ എസ്. അയ്യര്‍, സുനിത വില്യംസ്, ഭാവന, പ്രകാശ് രാജ്, ജര്‍മ്മന്‍ കൗണ്‍സല്‍ ജനറല്‍ അക്കിം ബൂര്കാര്ട്ട്, സൗത്ത് ഏഷ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഗൊയ്ഥെ റീജിയണല്‍ ഡയറക്ടര്‍ ജനറല്‍ ഡോ. മരിയ സ്റ്റൂകന്ബര്ഗ്, ഡോ. സയ്യിദ് ഇബ്രാഹിം, നിര്‍മല ലക്ഷ്മണന്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ കെ. സച്ചിദാനന്ദന്, സംഘാടകസമിതി ചെയര്മാന് എ. പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രത്യേക രീതിയില്‍ ക്രമീകരിക്കപ്പെട്ട പവലിയന് അടക്കം വിപുലമായ സൗകര്യങ്ങള്‍ അതിഥിരാജ്യമായ ജര്‍മ്മനിക്കായി ഒരുക്കിയിട്ടുണ്ട്. ജര്മ്മനിയില്നിന്നെത്തുന്ന എഴുത്തുകാരും ചിന്തകരും കലാകാരന്മാരും ചേര്‍ന്നൊരുക്കുന്ന സാംസ്കാരിക-കലാപരിപാടികളും ഒരാഴ്ച നീളുന്ന സര്‍ഗ്ഗാത്മകത ശില്പശാലകളും സംവാദങ്ങളും പ്രദര്‍ശനങ്ങളും കൂടാതെ ജര്‍മ്മന്‍ രുചിവൈവിദ്ധ്യം പകര്ന്നുനല്കുന്ന ബെര്‍ലിന്‍ കിച്ചണും ഫിലിപ്പ് ഗെയ്സ്റ്റ് ഒരുക്കുന്ന പ്രത്യേക ഇന്‍സ്റ്റലേഷനും ജര്‍മ്മന്‍ സാംസ്കാരികപാരമ്പര്യം വിളിച്ചോതും. ബാംഗ്ലൂര്‍ ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മിഷെല്‍ ഹെയ്ന്സ്റ്റിന്റെ നേതൃത്വത്തില്‍ ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തുന്ന ഈ പരിപാടികള്‍ കോഴിക്കോടിന് അവിസ്മരണീയാനുഭവമായിരിക്കും നല്‍കുന്നത്. കെ.എല്‍. എഫിന് മുന്നോടിയായി വാഗമണില്‍ ഒരാഴ്ച നീളുന്ന ജര്‍മ്മന്‍ റെറ്റേഴ്സ് റെസിഡന്‍സി സംഘടിപ്പിച്ചിരുന്നു.
സാംസ്കാരികാഭിവൃദ്ധിക്കപ്പുറം കെ.എല്‍.എഫ്. കോഴിക്കോടിന്റെ പ്രാദേശിക ടൂറിസത്തിനും സാമ്പത്തികമുന്നേറ്റത്തിനും നല്കുന്ന സംഭാവന ചെറുതല്ല. ഫെസ്റ്റിവല്ക്കാലത്ത് ഹോട്ടല്‍, ഹോംസ്റ്റേ, ഗതാഗതം, റെസ്റ്റോറന്റ്, കരകൗശലം തുടങ്ങി തെരുവോരകടകളില്നിന്നെല്ലാമായി 130 കോടി രൂപയുടെ വരുമാനമുണ്ടായതായി അടുത്തിടെ നടത്തിയ വിലയിരുത്തല്‍ പറയുന്നു. നാലു ദിവസങ്ങളിലായി 6.5 ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ആശയപരതയുടെയും സര്‍ഗ്ഗാത്മകതയുടെയും സംവാദങ്ങളുടെയും ആഗോളകേന്ദ്രമായി കോഴിക്കോടിനെ ഉയര്‍ത്താന്‍ ചുരുങ്ങിയകാലംകൊണ്ടുതന്നെ കെ.എല്‍.എഫിനായിട്ടുണ്ട്.
സാഹിത്യവും സംസ്കാരവും ചിന്തകളെ മാത്രമല്ല നഗരങ്ങളെയും രൂപാന്തരപ്പെടുത്തുമെന്നും ഓരോ കെ.എല്‍.എഫും അതിര്‍ത്തികള്‍ക്കപ്പുറം സഞ്ചരിച്ച് ചിന്തകളും ആശയങ്ങളും സംസ്കാരങ്ങളും കൈമാറാനുള്ള സ്വതന്ത്രവേദിയാണ് സൃഷ്ടിക്കുന്നതെന്നും പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെ.എല്‍.എഫ്. ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി പറഞ്ഞു. ജര്‍മ്മനി അതിഥിരാജ്യമായി എത്തുന്നതോടെ ഏറെ ആകര്‍ഷകവും വ്യത്യസ്തവുമായ ഫെസ്റ്റിവലായിരിക്കും അരങ്ങേറുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബഹിരാകാശയാത്രികയായ സുനിത വില്യംസും റിമ കല്ലിങ്കലുമൊത്ത് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന പ്രത്യേക സംവാദമാണ് കുട്ടികള്‍ക്കായുള്ള സാഹിത്യോത്സവത്തിലെ ആകര്‍ഷണം. ഇതുകൂടാതെ കുട്ടികളിലെ സാഹിത്യാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിനായി കഥപറച്ചില്‍, ശില്പശാലകള്, ഇന്റര്‍ ആക്ടീവ് സെഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവല്‍ ദിവസങ്ങള്‍ വര്‍ണ്ണാഭമാക്കാന്‍ രാത്രിയില്‍ സാംസ്കാരികപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ജനുവരി 22ന് സുകന്യ രാംഗോപാലും സംഘവും അവതരിപ്പിക്കുന്ന ലയരാഗ സമര്‍പ്പണവും 23-ന് ജര്‍മ്മന്‍ സംഗീതവിരുന്നും 24-ന് ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ സംഗീതനിശയും 25-ന് ജോബ് കുര്യന് ലൈവ് കണ്‍സേര്‍ട്ടും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ചീഫ് ഫെസിലിറ്റേറ്റര്‍ രവി ഡി സി, ബാംഗ്ലൂര്‍ ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ മിഷെല്‍ ഹെയ്ന്‍സ്റ്റ്, ജനറല്‍ കണ്‍വീനര്‍ എ.കെ. അബ്ദുള്‍ ഹക്കീം, പ്രോഗ്രാം കണ്‍വീനര്‍ കെ.വി. ശശി, മീഡിയ കമ്മിറ്റി ചെയര്മാന് ഇ.പി മുഹമ്മദ്, കണ്‍വീനര്‍ ഫാരിസ് കണ്ടോത്ത് എന്നിവര്‍ പങ്കെടുത്തു.
കെ.എല്‍.എഫ് നാളെ; സുനിത വില്യംസ് പങ്കെടുക്കും
