സംസ്ഥാനം കടുത്ത വിലക്കയറ്റമാണ് നേരിടുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. രാജ്യത്ത് ഏറ്റവുമധികം വിലക്കയറ്റം അനുഭവപ്പെടുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളം, എല്ലാ സാധനങ്ങള്‍ക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ട ഗതികേടിലാണ്. കാര്‍ഷിക വിളകളുടെ തകര്‍ച്ചയാണിതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. മണ്ണില്‍ അധ്വാനിക്കുന്ന കര്ഷകന് ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തത് കര്‍ഷക ജീവിതം നിരാശപ്പെടുത്തുകയും, കൃഷി ഉപേക്ഷിക്കേണ്ടതായ സാഹചര്യമടക്കം വളര്‍ന്നുവരികയാണ്. പുതു തലമുറ കാര്‍ഷിക മേഖലയില്‍ സജീവമല്ല. കാര്‍ഷിക മേഖലയിലാവട്ടെ കാലത്തിനനുസരിച്ച് നവീകരണം നടപ്പിലാക്കി, പുതു തലമുറയെയടക്കം ആകര്‍ഷിക്കാനുള്ള നടപടികളും പരിമിതമാണ്. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മികവു ലഭിക്കുകയും, ഉല്‍പ്പന്നങ്ങള്‍ മൂല്യവര്‍ദ്ധിതമായി പരിവര്‍ത്തിക്കാനും, വരുമാന വര്‍ദ്ധനവ് ലഭ്യമാക്കാനും ആത്മാര്‍ത്ഥമായ നടപടികളുണ്ടാവണം.
ഉപ്പ്തൊട്ട് കര്‍പ്പൂരംവരെ അന്യ സംസ്ഥാനങ്ങളെയടക്കം ആശ്രയിക്കേണ്ട ഗതികേടിലാണ് മലയാളി. സംസ്ഥാനത്ത് ഉല്‍പ്പാദന രംഗം മെച്ചപ്പെടുത്തിയില്ലെങ്കില്‍ ഭീമമായ വിലകൊടുത്ത് സാധനം വാങ്ങേണ്ട ഗതികേട് മലയാളിയുടെ ചുമലില്‍ നിന്ന് ഒഴിയില്ല. കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍, കര്‍ഷകര്‍ക്ക് ആത്മവിശ്വാസം നല്‍കലാണ് പോംവഴി. വിളകള്‍ക്ക് മതിയായ വിലയും, കാര്ഷികസബ്സിഡികളും, ആഭ്യന്തര മാര്‍ക്കറ്റും ഉറപ്പാക്കണം. സര്‍ക്കാരിന്റെ കൃഷി വകുപ്പിന്റെ പ്രവര്‍ത്തനം ചട്ടപ്പടി പോരെന്നര്‍ത്ഥം. ഗ്രാമങ്ങളിലേക്ക് ഇറങ്ങുകയും, കൃഷി വികസിപ്പിക്കാന്‍ നടപടികളുണ്ടാവുകയും വേണം. കാര്‍ഷിക സംസ്കാരം വ്യാപിക്കാന്‍ തുടര്‍ നടപടികളുണ്ടാവണം. നാളികേരത്തിന്റെ നാടായ കേരളം ഇന്ന് നാളികേര ഉല്പാദനത്തില് മറ്റ് സംസ്ഥാനങ്ങള്‍ക്ക് പിന്നിലാണ്. മലയാളിക്ക് ഇളനീര് കുടിക്കണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ കനിയേണ്ട അവസ്ഥയാണുള്ളത്. നമ്മുടെ നാളികേര വികസന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം. പച്ചക്കറി ഉല്‍പ്പാദിപ്പിക്കാനുപയോഗിക്കുന്ന കീടനാശിനി നമുക്ക് വലിയ വെല്ലുവിളിയാണ്. മറുനാടുകളില്‍ നിന്ന് കച്ചവട ആവശ്യത്തിന് ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളാണ് നാം കഴിക്കുന്നത്. ഇതിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ മലയാളി അനുഭവിക്കുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിക്കുന്ന പല കാര്‍ഷിക പദ്ധതികളും ഉദ്ദേശ്യ ലക്ഷ്യം നേടുന്നില്ല എന്ന പോരായ്മയുമുണ്ട്. നാളികേരം, നെല്‍കൃഷി, പച്ചക്കറി കൃഷി, മറ്റ് ഉല്‍പ്പന്നങ്ങളുടെ കൃഷിയെല്ലാം ത്വരിതപ്പെടുത്തണം. ഓരോ വീടുകളിലും അവരവര്‍ തന്നെ കൃഷി ചെയ്യുന്ന രീതി വ്യാപിപ്പിക്കാന്‍ സര്‍ക്കാരിന്റെ കൂടെ സന്നദ്ധ സംഘടനകളും, രാഷ്ട്രീയ പാര്‍ട്ടികളും കൈകോര്‍ക്കണം. കാര്‍ഷിക രീതി മാറുന്നതോടെ മലയാളിയുടെ ഭക്ഷണ രീതിയും മാറിക്കൊണ്ടിരിക്കുന്നുണ്ട്. പുതിയ പല പേരുകളിലുള്ള വിഭവങ്ങളോടാണ് പുതു തലമുറക്ക് ആഭിമുഖ്യം. പച്ചക്കറികളും, പഴങ്ങളും, കിഴങ്ങ് വര്‍ഗ്ഗങ്ങളും കഴിച്ചിരുന്ന മലയാളി ഇന്ന് ഫാസ്റ്റ്ഫുഡിന്റെ പിന്നാലെ ഓടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടിയിലെ ഇളവ് ഇപ്പോഴും പല ഉല്‍പ്പന്നങ്ങള്‍ക്കും ലഭ്യമായിട്ടില്ല. അരി. തേയില, മല്ലി, കടല, മുട്ട എന്നിവയുടെ വില കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വെളിച്ചെണ്ണ 500ല്‍ നിന്ന് 380-450 നിരക്കിലാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. പഞ്ചസാര വിലയിലും നേരിയ വര്‍ദ്ധനവുണ്ട്. ഗോതമ്പ്, മല്ലിപൊടി, മുളക് പൊടി എന്നിവയിലും വര്‍ദ്ധനവുണ്ട്.
സര്ക്കാരിന്റേതടക്കമുളള തരിശായി കിടക്കുന്ന സ്ഥലങ്ങളില്‍ കൃഷി വ്യാപിപ്പിക്കാതെ നമുക്ക് രക്ഷയില്ല. കുടുംബശ്രീ പോലെ മാതൃകാപരമായ ഒരു സംവിധാനം കാര്‍ഷിക രംഗത്തേക്ക് ചുവട് വെച്ചില്ലെങ്കില്‍ കേരളീയരുടെ ആരോഗ്യവും വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.
