ടെഹ്റാന്‍: ഇറാനിലുള്ള ഇന്ത്യക്കാരോട് അവിടം വിടാന്‍ അറിയിപ്പു നല്‍കി ഇറാനിലെ ഇന്ത്യന്‍ എംബസി. സ്ഥിതി വഷളായ സാഹചര്യത്തിലാണ് എംബസിയുടെ അറിയിപ്പ്. വിദ്യാര്‍ത്ഥികള്‍, തീര്‍ത്ഥാടകര്‍, വ്യാപാരികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടെ എല്ലാ പൗരന്മാരോടും നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച്, വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ രാജ്യം വിടാനാണ് എംബസി ആവശ്യപ്പെട്ടിരിക്കുന്നത്.
ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്ക് ശമനമുണ്ടാകുന്നില്ലെന്ന് മാത്രമല്ല പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന തരത്തിലുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശവും മോശം അവസ്ഥയ്ക്ക് കൂടുതല്‍ കാരണമായേക്കും. പ്രതിഷേധക്കാരോട് സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ ആഹ്വാനം ചെയ്യുകയും പിന്മാറരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്ത ട്രംപ്, യുഎസിന്റെ സഹായം വൈകാതെ അവിടെ എത്തും എന്നും പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
പ്രക്ഷോഭത്തിന്റെ ഭാഗമായി ഇതുവരെ നടന്ന മരണങ്ങളുടെയെല്ലാം ചുമതല അവര്‍ ‘ഭീകരവാദികള്‍’ എന്നുവിളിച്ച് പ്രതിഷേധക്കാരുടെ തലയില്‍ കെട്ടിവെച്ചിട്ടുമുണ്ട്.ഈ പശ്ചാത്തലത്തിലാണ്, ഇറാനിലുള്ള ഇന്ത്യക്കാരോട് അതീവ ജാഗ്രത പുലര്‍ത്താനും പ്രതിഷേധ സ്ഥലങ്ങള്‍ ഒഴിവാക്കാനും ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധം പുലര്‍ത്താനും യാത്രാ- തിരിച്ചറിയല്‍ രേഖകള്‍ തയ്യാറാക്കാനും പ്രാദേശിക സംഭവങ്ങള്‍ നിരീക്ഷിക്കാനും എംബസി അഭ്യര്‍ത്ഥിച്ചത്. സഹായത്തിനായി അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ഇമെയില്‍ പിന്തുണയും സജ്ജമാക്കിയിട്ടുണ്ട്.
പണപ്പെരുപ്പത്തെയും കറന്‍സി മൂല്യത്തകര്‍ച്ചയെയും തുടര്‍ന്നുണ്ടായ ഇറാനിലെ പ്രതിഷേധം ബുധനാഴ്ച 20-ാം ദിവസത്തിലേക്ക് കടന്നു. രാജ്യത്തുടനീളമുള്ള ഏകദേശം 280 സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ഉണ്ടായി. നിരവധി ജീവഹാനിയും സംഭവിച്ചു. അതേസമയം, പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിക്കുന്ന ട്രംപിന്റെ പ്രസ്താവനകള്‍ ഇറാനില്‍ അമേരിക്കന്‍ ആക്രമണത്തിന്റെ സൂചനകളും നല്‍കുന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യക്കാരോട് ഇറാന്‍ വിടാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസി
