ഡൊണാള്‍ഡ് ട്രംപ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡണ്ടായി സ്ഥാനമേറ്റയുടന്‍ കൈക്കൊണ്ട നടപടി ലോക രാഷ്ട്രീയ രംഗത്ത് വലിയ ചലങ്ങളാണുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അമേരിക്ക ലോക പൊലീസ് ചമയുന്നു എന്ന വാദം ശരിവെക്കുന്നതാണ് അദ്ദേഹത്തിന്റെ നടപടികള്‍. ലോക ക്രമത്തില്‍ അമേരിക്കയെ പ്രതിരോധിക്കാനും, ബദലായും നിലകൊള്ളാന്‍ ഇന്ന് മറ്റൊരു സംവിധാനമില്ല.സോവിയറ്റ് യൂണിയനടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയാണതിന് കാരണം. മൂന്നാം ലോക രാജ്യങ്ങളെയും, ദുര്‍ബല രാജ്യങ്ങളെയും തങ്ങളുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ അമേരിക്ക നടത്തികൊണ്ടിരിക്കുന്ന നടപടികള്‍ ലോകസമാധാനത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരുമായും സംഘര്‍ഷത്തിലേര്‍പ്പെടുമെന്ന പ്രഖ്യാപിത നയമാണ് ട്രംപ് കൈക്കൊണ്ട് വരുന്നത്. ലോകത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളെയും സര്‍ക്കാരുകളെയും കുല്‍സിത മാര്‍ഗത്തിലൂടെ അമേരിക്ക അട്ടിമറിച്ച കഥകള്‍ ചരിത്രത്തില്‍ നിരവധിയാണ്. ലോകത്ത് അവശേഷിക്കുന്ന സോഷ്യലിസ്റ്റ് രാജ്യങ്ങളെ ഇല്ലാതാക്കുക എന്ന പദ്ധതിയും ട്രംപിനുണ്ട്. അമേരിക്കക്കെതിരെ ചെറുത്ത് നില്‍ക്കുന്ന ക്യൂബയെ ഇല്ലാതാക്കാന്‍ അമേരിക്ക നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. അതിനെയെല്ലാം ചെറുത്ത് നിന്നാണ് ക്യൂബ ലോകത്തിന് മുന്‍പില്‍ തലയുയര്‍ത്തി നില്‍ക്കുന്നത്.
ലോകത്ത് ഇന്ന് കാണുന്ന മത തീവ്രവാദ സംഘടനകളെ പാലൂട്ടി വളര്‍ത്തിയതിന് പിന്നിലും അമേരിക്കയുണ്ട്. അത്തരം പ്രതിലോമ ശക്തികളെ ഉപയോഗിച്ച് അവിടങ്ങളിലെ ജനാധിപത്യ സര്‍ക്കാരുകളെ അട്ടിമറിച്ച കഥകളും ചരിത്രത്തിലുണ്ട്. ഒരു രാജ്യത്തിലെ സര്‍ക്കാരിനെതിരെ ജനരോഷമുയരുന്നത് ജനാധിപത്യത്തില്‍ സ്വാഭാവികമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഇടപെട്ട് സര്‍ക്കാരുകളെ അട്ടിമറിക്കാനും, ഭരണാധികാരികളെ വധിക്കാനും അമേരിക്ക ഇടപെട്ടിട്ടുണ്ടെന്നും ആരോപണമുണ്ട്.
ലോകം ഇന്ന് മുന്നോട്ട് പോകുന്നത് സമാധാനത്തിന്റെ ദിനങ്ങളിലൂടെയല്ല. സാമ്പത്തിക കൊള്ളയടിക്കാന്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നടപടികള്‍ പലയിടത്തും അസ്ഥിരത്വം സൃഷ്ടിക്കുകയാണ്. വെനസ്വേലയില്‍ കടന്നുയറി അവിടത്തെ പ്രസിഡണ്ടിനെയും പത്‌നിയേയും അമേരിക്ക തട്ടിക്കൊണ്ട്‌പോയിരിക്കുകയാണ്. തുടര്‍ന്ന് ഇറാനടക്കമുള്ള രാജ്യങ്ങളിലേക്ക് ഇത്തരം നടപടികള്‍ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അമേരിക്കയുടെ ഏകാധിപത്യപരവും, അക്രമണോത്സുകവുമായ ഇത്തരം ചെയ്തികള്‍ക്കെതിരെ ലോകത്താകമാനം ശബ്ദമുയരുന്നുണ്ട്. പല രാജ്യങ്ങളും പ്രതിഷേധിച്ചിട്ടുണ്ട്. ട്രംപിന്റെ നികുതി നടപടികള്‍ ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മുന്നേറ്റങ്ങള്‍ക്കിത് വിഘാതം സൃഷ്ടിക്കും.
ലോക പൊലീസായി അമേരിക്കയുടെ ഇടപെടലിനെതിരെ ലോകത്തെങ്ങുമുള്ള ജനാധിപത്യവാദിതകള്‍ ശബ്ദമുയര്‍ത്തണം. യുദ്ധവും, സംഘര്‍ഷവും ഇല്ലാതാക്കുന്നത് നിരപരാധികളായ മനുഷ്യരുടെ ജീവിതങ്ങളെയാണ്. ഒന്നും, രണ്ടും ലോകമഹായുദ്ധങ്ങളടക്കം നിരവധി യുദ്ധങ്ങള്‍ നമ്മളെല്ലാം കണ്ടതാണ്. ഗാസയില്‍ ഇസ്രയേലൊഴുക്കിയ ചോരപ്പുഴയും മനുഷ്യ ഹൃദയങ്ങളെ വേദനിപ്പിക്കുന്നു. ലോകത്തെല്ലായിടത്തും കടന്നുകയറി ഭീകരത സഷ്ടിക്കുന്ന അമേരിക്കന്‍ നടപടികള്‍ക്കെതിരെ ഇന്ത്യയടക്കമുള്ള ജനാധിപത്യ രാജ്യങ്ങള്‍ നിലകൊള്ളണം. ലാഭാധിഷ്ഠിത താല്‍പ്പര്യമുള്ള ഭരണകൂടങ്ങള്‍ കശാപ്പ് ചെയ്യുന്നത് ജനാധിപത്യത്തെയും മനുഷ്യ ജീവിതങ്ങളെയുമാണ്.
