വയനാട്ടിലേക്കുള്ള ചുരം പാതയ്ക്ക് വഴികാട്ടിയത് ആദിവാസിയായ കരിന്തണ്ടനാണെന്ന് പഴങ്കഥകളില്‍ കാണുന്നു. വയനാട്ടിലെ സുഗന്ധവ്യഞ്ജനങ്ങള്‍ കോഴിക്കോട്ടെത്തിച്ച് കപ്പലില്‍ പുറം നാടുകളിലേക്ക് കടത്താന്‍ വഴി അന്വേഷിച്ചു നടന്ന ബ്രിട്ടീഷുകാര്‍ക്ക് മലമടക്കുകളിലൂടെയുള്ള ഇന്നത്തെ ഹെയര്‍പിന്‍ വഴി കാണിച്ചുകൊടുത്തത് കരിന്തണ്ടനായിരുന്നുവത്രെ. വഴി മനസ്സിലാക്കിയ ശേഷം അവര്‍ കരിന്തണ്ടനെ വകവരുത്തിയെന്നും പിന്നീട് അലഞ്ഞു നടന്ന് ശല്ല്യം ചെയ്ത കരിന്തണ്ടന്റെ ആത്മാവിനെ ലക്കിടിയിലെ ചങ്ങലമരത്തില്‍ ബന്ധിച്ചു പ്രശ്‌നപരിഹാരം കണ്ടുവെന്നുമാണ് കഥയുടെ അവസാനം. കഥയോ കാര്യമോ എന്തുമാകട്ടെ ലക്കിടിയിലെ ചങ്ങലമരം ഇന്നും സന്ദര്‍ശകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.
താമരശ്ശേരി ചുരത്തിന് വഴി നിര്‍ദ്ദേശിച്ചത് കരിന്തണ്ടനായിരുന്നുവെങ്കില്‍ ചുരം റോഡിന് ബദലായുള്ള ആനക്കാംപൊയില്‍-കള്ളാടി തുരങ്ക പാതയുടെ സാധ്യത ചൂണ്ടിക്കാണിച്ചത് ആദ്യകാല കുടിയേറ്റ കര്‍ഷകരിലെ നായാട്ടുകാരാണ്. ആനക്കാംപൊയിലില്‍ നിന്ന് മുത്തപ്പന്‍ പുഴ, മറിപ്പുഴ, സ്വര്‍ഗം കുന്ന് വഴി 15 കിലോമീറ്ററോളം കുന്നു കയറി നടന്നാല്‍ ചൂരല്‍മലയിലെ തൊള്ളായിരംകണ്ടി എസ്‌റ്റേറ്റിലെത്താമെന്ന് അവര്‍ നാട്ടുകാരോട് പറഞ്ഞു. അട്ട കടി സഹിച്ച് അവര്‍ ഈ മലകള്‍ കയറി വേട്ടയാടി വരുമ്പോള്‍ പറയുന്ന വീര കഥകളിലാണ് ഈ ബദല്‍ വഴിയുടെ സാധ്യത പുറത്തു വന്നത്.
1970കള്‍ ആയപ്പോഴേക്കും വയനാടന്‍ ചുരത്തില്‍ ഗതാഗതത്തിരക്കു കൂടി. മഴക്കാലത്ത് ഇടയ്ക്കിടെ ചുരം റോഡ് ഇടിഞ്ഞ് ഗതാഗത തടസവും പതിവായി. അപ്പോഴാണ് നായാട്ടുകാര്‍ പറഞ്ഞ ബദല്‍ പാതയുടെ കാര്യം ഉള്ളിലുണര്‍ന്നത്. ആനക്കാംപൊയിലിന്റെ പിന്നോക്കാവസ്ഥയും ദുരിതങ്ങളും വിവരിക്കുന്ന ഒരു പരമ്പര ‘ദീപികയില്‍’ പ്രസിദ്ധീകരിച്ചു. അതിലാണ് ആനക്കാംപൊയിലിന്റെ വികസന സാധ്യതയുടെ ഭാഗമായി 1978 ജൂണ്‍ അഞ്ചിലെ പത്രത്തില്‍ ആനക്കാംപൊയില്‍-കള്ളാടി ബദല്‍പാതയെക്കുറിച്ച് പരാമര്‍ശിച്ചത്.
അന്ന് തിരുവമ്പാടി എം.എല്‍.എ യായിരുന്ന പി.സിറിയക്ക് ജോണിനോട് ഇക്കാര്യം സൂചിപ്പിച്ചു. അദ്ദേഹത്തിന് ഇതില്‍ താല്‍പ്പര്യമായി. വയനാട്ടിലേക്ക് മറ്റൊരു വഴി ആവശ്യമാണെന്നും ആനക്കാംപൊയിലില്‍ നിന്നുള്ള മറ്റൊരു വഴിയ്ക്ക് സാധ്യയുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ ചൂണ്ടിക്കാട്ടി. അടുത്ത ബജറ്റില്‍ ടോക്കണ്‍തുക ഈ റോഡിനെക്കുറിച്ചുള്ള സര്‍വെയ്ക്ക് അനുവദിച്ചു.ദുര്‍ഘടമായ കാട്ടിലൂടെ മാസങ്ങള്‍ നീണ്ട സര്‍വേയാണ് എഞ്ചിനീയര്‍മാര്‍ നടത്തിയത്. നാടിന്റെ വികസനത്തില്‍ ഏറെ തല്‍പ്പരനായിരുന്ന ആനക്കാംപൊയില്‍ പള്ളി വികാരി ഫാ.അഗസ്റ്റിന്‍ മണക്കാട്ടുമറ്റം എഞ്ചിനീയര്‍മാരുടെ സംഘത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കി. നാട്ടുകാരുടെ വലിയൊരു സംഘം കാടുവെട്ടി വഴിയൊരുക്കാനും മറ്റുമായി എഞ്ചിനീയര്‍മാരുടെ കൂടെ എപ്പോഴുമുണ്ടായിരുന്നു.
പഠനശേഷം അവര്‍ വിശദമായ റിപ്പോര്‍ട്ടു നല്‍കി. റോഡിന് വനഭൂമി ഏറ്റെടുക്കണം. അന്നത്തെ കണക്കില്‍ സാമാന്യം നല്ല തുക ചെലവഴിക്കണം ആ നീക്കം റിപ്പോര്‍ട്ടില്‍ ഒതുങ്ങി.
1985ല്‍ വയനാടന്‍ ചുരത്തില്‍ ഇരുപതോളം സ്ഥലങ്ങളില്‍ റോഡു തകര്‍ന്നു. ചുരത്തിന്റെ നടുവിലുള്ള തകരപ്പാടിയ്ക്കടുത്തുള്ള ഭാഗം ഒലിച്ചു പോയതോടെ വയനാട് ഒറ്റപ്പെട്ടു. ഒരു മാസത്തോളം ഈ നില തുടര്‍ന്നു. അന്നു ഞാന്‍ മലയാള മനോരമയുടെ വയനാട് ജില്ലാ ലേഖകനാണ്. ആനക്കാംപൊയിലില്‍ നിന്നുള്ള ബദല്‍പാതയുടെ നിര്‍ദ്ദേശവും അതിനായി നടന്ന സര്‍വ്വേയുടെ കാര്യങ്ങളും വിവരിച്ച് വാര്‍ത്തകള്‍ കൊടുത്തു.
തിരുവമ്പാടിയിലെയും മേപ്പാടിയിലെയും നാട്ടുകാരും ജനപ്രതിനിധികളും ഉണര്‍ന്നു. തിരുവമ്പാടി പള്ളി വികാരി ഫാ.ജോസഫ് പുത്തന്‍പുര, രാഷ്ട്രീയ നേതാവ് പി.ചിദംബരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ അടങ്ങിയ വലിയ സംഘം ആനക്കാംപൊയിലില്‍ നിന്ന് സ്വര്‍ഗം കുന്ന് വഴി മല കയറി മേപ്പാടിയിലെത്തി വമ്പിച്ച പൊതു സമ്മേളനം നടത്തി ബദല്‍പാത സാധ്യമാണെന്ന് വിവരിച്ചു.
തുടര്‍ന്ന് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി.എ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള വയനാട്ടില്‍ നിന്നുള്ള സംഘം ഈ ബദല്‍ പാതയിലൂടെ നടന്ന് തിരുവമ്പാടിയിലെത്തി വലിയ പൊതു സമ്മേളനം നടത്തി ബദല്‍ പാതയുടെ സാധ്യതയും ആവശ്യകതയും നാട്ടുകാരെ ബോധ്യപ്പെടുത്തി.
ചുരം റോഡിനു ബദലായുള്ള റോഡിനെക്കുറിച്ചുള്ള വാര്‍ത്തയോ ലേഖനമോ വന്നാല്‍ പരിസ്ഥിതി വാദികള്‍ അതിനെതിരെ വാദമുഖങ്ങള്‍ നിരത്തി രംഗത്തിറങ്ങും. സഹ്യപര്‍വത നിരകളിലെ എത്രയോ മലകള്‍ തുരന്നാണ് കൊങ്കണ്‍ റെയില്‍വേ സാധ്യമായത്. ലോകമെങ്ങും ഇത്തരം പാതകള്‍ സുഗമമായി പ്രവര്‍ത്തിക്കുന്നു.
റോഡിനായി മരങ്ങള്‍ വെട്ടാതെ തുരങ്ക പാത നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പിന്നീട് ഉയര്‍ന്നു വന്നു. സ്വര്‍ഗം കുന്ന് കയറി കളളാടിയിലേക്ക് റോഡുണ്ടാക്കുകയെന്നത് ഏറെ ദുഷ്‌ക്കരമാണെന്ന് സര്‍വ്വേകളില്‍ ബോധ്യപ്പെട്ടിരുന്നു.
മത്തായി ചാക്കോയും പീന്നീട് ജോര്‍ജ്.എം.തോമസും തിരുവമ്പാടി എം.എല്‍.എ മാരായി വന്നപ്പോള്‍ വീണ്ടും റോഡ് ചര്‍ച്ച സജീവമായി. അങ്ങനെയാണ് തുരങ്ക പാതയിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. കിഫ്ബിയുടെ സഹായത്തോടെ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന തുരങ്ക പാതയുടെ നിര്‍മ്മാണോത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 2025 ഓഗസ്റ്റ് 31ന് നിര്‍വ്വഹിച്ചു.
ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്ന് 8.73 കിലോമീറ്റര്‍ പാറ തുരന്നുണ്ടാക്കുന്ന പാത മേപ്പാടി കളളാടിയിലെ മീനാക്ഷിപ്പാലത്താണ് എത്തുക. കോഴിക്കോട്ടു നിന്ന് വയനാട്ടിലേക്കുള്ള ദൂരത്തില്‍ 22 കിലോമീറ്റര്‍ കുറവുണ്ടാകും. തമിഴ്‌നാട്ടിലെ നീലഗിരിയിലേക്കും കര്‍ണാടകയിലെ മൈസൂര്‍, ബാംഗ്ലൂര്‍ നഗരങ്ങളിലേക്കും പെട്ടെന്ന് എത്താവുന്ന പാതകൂടിയാണിത്. താമരശ്ശേരി ചുരം റോഡിലെ നിരന്തരമുണ്ടാകുന്ന ഗതാഗതക്കുരുക്കില്‍പെട്ടു വലയുന്ന വയനാട്ടുകാരുടെ ദുരിതത്തിന് ഇതോടെ പരിഹാരമാകും.
