പ്രകൃതിയേയും, മനുഷ്യനേയും ചേര്‍ത്തപിടിച്ച മഹാനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന് പീപ്പിള്‍സ് റിവ്യൂവിന്റെ പ്രണാമം. ഇന്ത്യയുടെ പരിസ്ഥിതി സംരക്ഷണത്തിനായി അദ്ദേഹം നയിച്ച വഴികള്‍ എന്നും ചരിത്രത്തില്‍ തങ്ക ലിപികളാല്‍ ശോഭിക്കും. ലാഭാധിഷ്ഠിത മനോഭാവത്തോടെ അമിതമായ പ്രകൃതി ചൂഷണം വന്‍ ദുരന്തമുണ്ടാക്കുമെന്നും, അത് കാലാവസ്ഥയെ അടക്കം ബാധിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ മുന്നറിയിപ്പ് അക്ഷരംപ്രതി ശരിയായിരുന്നെന്ന് പില്‍ക്കാലം പ്രകൃതി ദുരന്തങ്ങള്‍ വിയിരുത്തിയവര്‍ മനസ്സിലാക്കി. പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനായി അദ്ദേഹം ശബ്ദമുയര്‍ത്തി. പരിസ്ഥിലോല പ്രദേശമായ പശ്ചിമഘട്ടത്തില്‍ നടത്തുന്ന ഓരോ ഇടപെടലുകളും നാശത്തിനിടയാക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുള്‍ ശരിവെക്കുന്നതായിരുന്നു 2018ല്‍ ഉണ്ടായ പ്രളയവും, 2024ല്‍ പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലും.
പശ്ചിമഘട്ട സംരക്ഷണത്തിനായി 2011ല്‍ സമര്‍പ്പിച്ച ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ എതിര്‍ ശബ്ദമുയര്‍ത്തിയവര്‍ക്ക്, കേരളം അഭിമുഖീകരിച്ച പ്രകൃതി ദുരന്തങ്ങള്‍ക്ക് ഉത്തരമില്ലായിരുന്നു. രാജ്യത്ത് പരിസ്ഥിതി പ്രവര്‍ത്തനത്തിന് ജനകീയമാനം കണ്ടെത്തിയ പരിസ്ഥിതി ശാസ്ത്രജ്ഞന്‍കൂടിയായിരുന്നു അദ്ദേഹം. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലിന്റെ മകനായി ജനിച്ച അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷണ്‍, ശാന്തി സ്വരൂപ് ഭട്‌നഗര്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. പശ്ചിമഘട്ട സംരക്ഷണത്തിന് 2024ല്‍ യു എന്നിന്റെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് പുരസ്‌കാരം ലഭിച്ചു.
തന്റെ എട്ട് പതിറ്റാണ്ട് പിന്നിട്ട ജീവിതത്തില്‍ ആറു പതിറ്റാണ്ടും അദ്ദേഹം പ്രകൃതിക്കും മനുഷ്യനും വേണ്ടി നിലകൊണ്ടു. പ്രകൃതിയെ ചേര്‍ത്ത് പിടിക്കുന്നതിനര്‍ത്ഥം, മനുഷ്യ ജീവിതം പ്രകൃതിയുമായി സമന്വയിപ്പിക്കുകയാണെന്നു പഠിപ്പിച്ച മഹാനാണ് അദ്ദേഹം. കേരളത്തില്‍ വന്യ മൃഗ ശല്ല്യം രൂക്ഷമായപ്പോള്‍, അതിനെ നിയന്ത്രിക്കാനായില്ലെങ്കില്‍ സംസ്ഥാന വന വകുപ്പ് പിരിച്ചുവിടുകയാണ് നല്ലതെന്നദ്ദേഹം പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. മനുഷ്യ ജീവിതം സുരക്ഷിതമാക്കാനും, കൃഷി വിളകള്‍ സംരക്ഷിക്കാനുള്ള ഈ വാക്കുകള്‍ ഏറെ പ്രസക്തമാണ്. പ്രകൃതിക്കെതിരെ മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളുടെ ദുരന്തമാണ് നാമിന്ന് നേരിട്ട്‌കൊണ്ടിരിക്കുന്നത്. കേരളത്തില്‍ കെ-റെയില്‍ നടപ്പാക്കുകയാണെങ്കില്‍ അത് മറ്റൊരു ദുരന്തമാകുമെന്ന വാക്കുകളും ഏറെ ശ്രദ്ധേയമാണ്.ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രകൃതി സംരക്ഷണം എന്ന ദര്‍ശനത്തിന് ഏറെ പ്രസക്തിയുള്ള ഒരു കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. രാജ്യത്ത് പലയിടങ്ങളിലും വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് പ്രകൃതിയെ കൊള്ളയടിക്കാനുള്ള പരിപാടികള്‍ നടക്കുകയാണെന്ന പശ്ചാത്തലത്തില്‍ ജനകീയമായ ഇടപെടല്‍ അനിവാര്യമാണ്.
പ്രകൃതിയെ സംരക്ഷിക്കാന്‍ നമുക്ക് സാധിച്ചില്ലെങ്കില്‍ ഇനിയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള മുന്നൊരുക്കത്തില്‍ നാമെല്ലാം പങ്കാളികളാവേണ്ടതുണ്ട്. പ്രകൃതിക്കും, മനുഷ്യനും വേണ്ടി നിലകൊണ്ട പകരം വെക്കാനില്ലാത്ത പരിസ്ഥിതി ശാസ്ത്രജ്ഞന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
