ആലപ്പുഴ: കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്നു കായലില്‍ തള്ളിയ കേസില്‍ രണ്ടാം പ്രതിയായ രജനിക്കും വധശിക്ഷ വിധിച്ച് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി. നേരത്തെ കേസില്‍ ഒന്നാം പ്രതിയായ പ്രബീഷിന് കോടതി വധശിക്ഷ വിധിച്ചിരുന്നു.ഒന്നാം പ്രതിക്ക് ചുമത്തിയിട്ടുള്ള എല്ലാ വകുപ്പുകളും രണ്ടാം പ്രതിക്കും ചുമത്തിയിരുന്നു. പ്രതി രജനി മയക്കുമരുന്ന് കേസില്‍ ഒഡീഷ ജയിലില്‍ ആയതിനാലാണ് വിധി പറയല്‍ ഇന്നത്തേക്ക് മാറ്റിയത്. രണ്ടാം പ്രതിക്കും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിത ശശിധരനെ കാമുകനും വനിതാ സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. 2021 ജൂലൈ 10 നാണ് അനിതയുടെ മൃതശരീരം പൂക്കൈതയാറില്‍ കണ്ടെത്തുന്നത്. വിവാഹിതനായ പ്രബീഷ് സുഹൃത്ത് രജനിയുമായും അനിതയുമായും അടുപ്പത്തിലായിരുന്നു.ഗര്‍ഭിണിയായ അനിതയോട് ബന്ധത്തില്‍ നിന്നും പിരിയാന്‍ പ്രബീഷ് നിര്‍ബന്ധിച്ചെങ്കിലും അനിത തയ്യാറായില്ല. തുടര്‍ന്ന് പാലക്കാട് ജോലി ചെയ്യുകയായിരുന്ന അനിതയെ രജനിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച് കഴുത്തു ഞെരിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നതാണ് കേസ്.ശബ്ദം പുറത്തു വരാതിരിക്കാന്‍ രജനി സഹായിച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം പൂക്കൈതയാറില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു. രണ്ടാം പ്രതിയായ രജനി കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം, ലഹരിക്കേസില്‍ പൊലീസിന്റെ പിടിയിലായിരുന്നു. എന്‍ഡിപിഎസ് കേസില്‍ ഒഡീഷയിലെ ജയിലിലായിരുന്നു രജനി.
ഗര്‍ഭിണിയായ യുവതിയെ കൊന്ന് കായലില്‍ തള്ളിയ കേസ്;
രണ്ടാം പ്രതി രജനിക്കും വധശിക്ഷ
