ഒഡിഷയില്‍ 23കാരനായ ആദിവാസി യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

ഒഡിഷയില്‍ 23കാരനായ ആദിവാസി യുവാവിനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നു

 

ഒഡിഷയില്‍: ബഡാഖുണ്ഡയിലെ റോഡരികിലാണ്, കല്ലുകൊണ്ട് തലയും മുഖവും ഇടിച്ചുതകര്‍ത്ത നിലയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഗണേഷിന്റെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച വീട്ടില്‍ നിന്ന് മോട്ടോര്‍സൈക്കിളില്‍ ചന്തയിലേക്ക് പോയതാണ് ഗണേഷെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വീട്ടിലേക്ക് തിരിച്ചെത്തിയില്ല.

ഇതോടെ, കുടുംബം മാര്‍ക്കറ്റിലെത്തി ഗണേഷിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരമുണ്ടായില്ല. പിറ്റേന്ന് രാവിലെ യുവാവിന്റെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതായി നാട്ടുകാര്‍ കുടുംബത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബവും നാട്ടുകാരും അറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്തെത്തി.

വ്യാഴാഴ്ച രാത്രി ഗണേഷിനെ ചിലര്‍ കല്ലും ഇഷ്ടികകളും കൊണ്ട് അടിച്ചു കൊലപ്പെടുത്തിയതാവാമെന്നും രക്തക്കറയുള്ള ഇഷ്ടിക മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. യുവാവിന്റെ മുഖവും തലയും തകര്‍ന്നിരുന്നു. മൃതദേഹത്തിനടുത്ത് നിന്ന് ബൈക്കിന്റെ താക്കോല്‍ കണ്ടെത്തിയെങ്കിലും വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഉഡാല സബ് ഡിവിഷനല്‍ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തില്‍, ഗണേഷിന്റെ സഹോദരന്‍ സുരാജ് ഖുന്‍ഡ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സുഹൃത്തുക്കളില്‍ ചിലരെയും ചില നാട്ടുകാരേയും പൊലീസ് ചോദ്യം ചെയ്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

‘കൊലപാതകത്തിന്റെ യഥാര്‍ഥ കാരണമറിയാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കാത്തിരിക്കുകയാണ്. കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്’- ഖുന്‍ഡ പൊലിസ് പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *