കോഴിക്കോട്: 2010ല്‍ താന്‍ കെ പി സി സി പ്രസിഡണ്ടായിരുന്നപ്പോള്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 70% പഞ്ചായത്തുകള്‍ നേടിയതുപോലെ വരാന്‍ പോകുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യു ഡി എഫ് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മീറ്റ ദി ലീഡര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തെ പിണറായി ഭരണം സംസ്ഥാനത്തെ 10 വര്‍ഷം പിറകോട്ടടുപ്പിച്ചു. വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ ചെന്ന് 1000 രൂപയുടെ ഫോം നല്കി ആളുകളെ പറ്റിക്കുകയാണ്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലൈഫ് വീടുകള്‍ നല്‍കുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചവരാണ് ഇടതു മുന്നണി. ക്ഷേമപെന്ഷന് 2500 രൂപയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് അത് നല്‍കാനായിട്ടില്ല. അതി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന കേരളത്തില്‍ പൊള്ളയായ വാഗ്ദാനങ്ങളാണ് മുഖ്യമന്ത്രിയടക്കം നടത്തുന്നത്. ഈ തിരഞ്ഞെടുപ്പില്‍ ഗുരുതരമായ വര്‍ഗ്ഗീയ പ്രചരണമാണ് സി പി എം നടത്തുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ വര്‍ഗ്ഗീയത ഇളക്കിവിടാനാണ് ശ്രമിക്കുന്നത്. 45 വര്‍ഷക്കാലം കോഴിക്കോട് ഭരിച്ച സി പി എം കോഴിക്കോടിനെ പുറകോട്ടടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണ്ണകൊള്ളയില്‍ നിന്നുള്ള ജനരോഷം ശ്രദ്ധ തിരിക്കാനാണ് രാഹുല്‍ മാങ്കൂട്ടത്തിന്റെ കേസ് സജീവമാകുന്നതെന്നും, രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും, ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലക്ക് രാഹുലിനെതിരെ നടപടിയെടുത്തത്് കോണ്‍ഗ്രസ്സാണെന്നും, സമാന കേസുള്ള മുകേഷ് എം എല്‍ എയെ സി പി എം സംരക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുലിനെ കോണ്‍ഗ്രസ് ഒരു തരത്തിലും സംരക്ഷിക്കില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകും. തദ്ദേശ തിരഞ്ഞെടുപ്പ് ബി ജെ പിക്ക് ഫൈനല്‍ മല്‍സരമാണെന്ന് പറഞ്ഞ ബി ജെ പി അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കേരളത്തെക്കുറിച്ചൊന്നുമറിയില്ലെന്നദ്ദേഹം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കി. എം.കെ.രാഘവന് എം പിയും മീറ്റ് ദി ലീഡര്‍ പ്രോഗ്രാമില്‍ പങ്കെടുത്തു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ്സ ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത് സ്വാഗതം പറഞ്ഞു.
