കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ലേബര്‍ കോഡിനെ എതിര്‍ത്തുകൊണ്ട് രാജ്യത്തെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രംഗത്ത് വന്നിരിക്കുകയാണ. ലേബര്‍ കോഡ് എന്ന നിയമവുമായി കേന്ദ്രസര്‍ക്കാര്‍ വന്നപ്പോള്‍ മുതല്‍ പ്രതിപക്ഷ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആ പ്രതിഷേധങ്ങളെയെല്ലാം തൃണവല്‍ഗണിച്ചാണ് ഇപ്പോള്‍ ലേബര്‍ കോഡ് പ്രാബല്യത്തില്‍ ആയിരിക്കുന്നത. ലേബര്‍ കോഡിനെ എതിര്‍ക്കുന്നതിന് ട്രേഡ് യൂണിയനുകള്‍ മുഖ്യമായും ചൂണ്ടിക്കാണിക്കുന്നത് അത് തൊഴിലാളി വിരുദ്ധമാണെന്നാണ്. തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകുമെന്നും വ്യവസായ മേഖല വന്‍കിടക്കാര്‍ക്കും കോര്പ്പറേറ്റ്കള്ക്കും തീറെഴുതി കൊടുക്കും എന്നുമാണ് പ്രധാനമായും അവര്‍ ഉന്നയിക്കുന്നത്. സംഘടിക്കാനും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടപെടാനും അവസരം നിഷേധിക്കപ്പെടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എട്ടു മണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നത് തൊഴിലാളി വര്‍ഗ്ഗം രക്തം ചിന്തി നേടിയ നേട്ടമാണ. അത് ബലി കഴിക്കപ്പെടും പുതിയ ലേബര്‍ കോഡില്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. രാജ്യത്ത് വന്‍കിട ഐടി കമ്പനി മേധാവികള്‍ തൊഴില്‍ സമയം കൂട്ടുന്നതിനെപറ്റിയാണ് ഇപ്പോള്‍ വാചാലമായി കൊണ്ടിരിക്കുന്നത്. ആഴ്ചയില്‍ എഴുപ്പത്തിരണ്ട് മണിക്കൂര്‍ വരെ ജോലി എടുക്കണമെന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഉണ്ടായാല്‍ മാത്രമേ രാജ്യം വികസിക്കും എന്നാണ് അവരുടെ ഭാഷ്യം. ഐടി മേഖലയിലും ബഹുരാഷ്ട്ര കുത്തക കമ്പനികളിലും തൊഴില്‍ സുരക്ഷിതത്വമില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. കമ്പനി മേധാവികള്‍ക്ക് തോന്നുംപടി നോട്ടീസ് നല്കി പിരിച്ചുവിടുന്ന നിരവധി അനുഭവങ്ങള്‍ തൊഴില്‍ മേഖലയിലുള്ളവര്‍ക്കുമുണ്ട് .ഇത്തരക്കാര്‍ക്ക് ഒത്താശ ചെയ്യുന്നതാണ് ലേബര്‍ കോഡുകള്‍ എന്ന ആരോപണം പൊതുസമൂഹം ചര്‍ച്ച ചെയ്യണം. നമ്മുടെ രാജ്യത്തെ ഇന്ന് കാണുന്ന പുരോഗതിയിലേക്ക് നയിച്ചത് ഇവിടുത്തെ കര്‍ഷകരും തൊഴിലാളികളും ആണ്. അവരുടെ ജീവിതം തകരാറില്‍ ആക്കുന്ന ഒരു നടപടിയും അംഗീകരിക്കാന്‍ ആവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകനും വ്യവസായശാലകളില്‍ അധ്വാനിക്കുന്ന തൊഴിലാളിയും ആണ് ഇന്ത്യയുടെ സൃഷ്ടി കര്‍ത്താക്കള്‍. മോദി സര്‍ക്കാര്‍ കാര്‍ഷിക മേഖലയില്‍ നടപ്പാക്കിയ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ തീക്ഷ്ണമായ സമരം രാജ്യം ദര്‍ശിച്ചതാണ്. ആ സമരത്തില്‍ നിരവധി കര്‍ഷകര്‍ക്കാണ് ജീവിതം നഷ്ടപ്പെട്ടത. കര്‍ഷകര്‍ ഉന്നയിച്ചത് കാര്‍ഷിക മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നു എന്നതായിരുന്നു. ഭാരത ശില്പികളായ നമ്മുടെ ഭരണകര്‍ത്താക്കള്‍ പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കം കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്ന നടപടികളും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. എല്ലാം സ്വകാര്യ മേഖലക്കായി അടിയറ വെക്കുമ്പോള്‍ നഷ്ടമാകുന്നത് തൊഴിലാളികളുടെയും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും അവകാശങ്ങളാണ്. ലക്ഷക്കണക്കിന് ഏക്കര്‍ വരുന്ന കല്‍ക്കരി പാടങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നുണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ രാജ്യത്തെത്തിയാല്‍ അവര്‍ ആരംഭിക്കുന്ന സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തനം പോലും തടസ്സപ്പെടും എന്നതിന് തമിഴ്നാട്ടിലെ ബഹുരാഷ്ട്ര കമ്പനി ഉദാഹരണമാണ്. കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും പരിരക്ഷ നല്കുന്ന നിയമനിര്‍മ്മാണമല്ല നമുക്ക് വേണ്ടത്. രാജ്യത്തെ ജനങ്ങളെ സമൃദ്ധിയിലേക്ക് നയിക്കുന്ന നിയമങ്ങളാണ് നമുക്കാവശ്യം. ലേബര്‍ കോഡ് തൊഴിലാളി വിരുദ്ധമല്ലെന്ന് കേന്ദ്രസര്‍ക്കാരും ബിജെപി നേതൃത്വവും വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയുടെ ട്രേഡ് യൂണിയനായ ബിഎംഎസ് പോലും ലേബര്‍ കോഡിലെ ചില വ്യവസ്ഥകളെ എതിര്‍ക്കുന്നുണ്ട് എന്നതും ഇതിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നതിന് ഉദാഹരണമാണ്. ലേബര്‍കോഡ് തൊഴിലാളികളെ ദ്രോഹിക്കുന്നത് ആവരുത്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാവുകയും തൊഴിലാളികളുടെ വിശ്വാസം സംരക്ഷിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
ലേബര്‍ കോഡ് ആശങ്ക അകറ്റണം
