സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തിന്റെ ധൃതി വരുത്തിവെച്ച ദുരന്തമായിരുന്നു കണ്ണൂരിലെ ബി എല്‍ ഒ ആയിരുന്ന അനീഷ് ജോര്‍ജിന്റെ മരണം. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് അയാള്‍ ജീവിതത്തോട് വിട പറഞ്ഞത്. എസ് ഐ ആര് നടപടിക്രമം ദീര്‍ഘിപ്പിക്കണമെന്ന് കേരളത്തിലെ ഭരണപക്ഷ-പ്രതിപക്ഷ പാര്‍ട്ടികളെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷനോട് ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ് ഐ ആര് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. എസ് ഐ ആറിന്റെ ആവശ്യത്തെപ്പോലും ചോദ്യം ചെയ്തും സുപ്രീം കോടതിയില്‍ ഹര്‍ജികള്‍ നിലനില്‍ക്കുകയാണ്. കേരളത്തില്‍ ജില്ലാ കലക്ടര്‍മാര്‍ നല്കുന്ന ഉത്തരവുകളുടെ ആശയക്കുഴപ്പമുണ്ടാകുന്നുണ്ട്.
എന്യൂമറേഷന് നടപടികള്‍ക്ക് ഡിസംബര്‍ 4 വരെ സമയമുണ്ടെങ്കിലും കാര്യങ്ങള്‍ ധൃതിപിടിച്ചാണ് നടക്കുന്നത്. ജോലി പൂര്‍ത്തീകരിക്കാന്‍ ബി എല്‍ ഒമാര്‍ നെട്ടോട്ടത്തിലാണ്. ഇതവരുടെ ആരോഗ്യ പ്രശ്നങ്ങളിലേക്കടക്കം നയിക്കുന്നുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ച എസ് ഐ ആര് നടപടികള്‍ കേരളത്തില്‍ നടപ്പാക്കുമ്പോള്‍, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം തന്നെ വേണമായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. വോട്ടര്‍പട്ടികയിലെ വിലാസത്തിലുള്ളവര്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതുപോലെ സ്ഥലത്തില്ലാത്തവര്‍, സ്ഥലം മാറിപ്പോയവര്‍ ഇവരെയെല്ലാം മനസ്സിലാക്കി ഫോം നല്‍കാനുള്ള പ്രയാസം ബി എല്‍ ഒ മാര്‍ നേരിടുന്നുണ്ട്. എസ് ഐ ആര് സമ്മര്‍ദ്ദം കാരണം ഗുജറാത്തിലും ബി എല്‍ ഒ ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണം നടപ്പാക്കുമ്പോള്‍ ആവശ്യമായ സമയം അനുവദിക്കേണ്ടതായിരുന്നു എന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ബീഹാറില്‍ നടപ്പാക്കിയ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നു വന്നിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളെ പ്രതിപക്ഷം രാജ്യമാകെ ചോദ്യം ചെയ്യുന്ന സ്ഥിതിവിശേഷം വളര്‍ന്നു വരുന്നുണ്ട്. ആക്ഷേപങ്ങള്‍ക്കും, തര്‍ക്കങ്ങള്‍ക്കും ഇടയാക്കാതെ, ആവശ്യമായ സമയമനുവദിച്ച് എസ് ഐ ആര് പോലുള്ള വലിയ നടപടിക്രമങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണം.
