കുറഞ്ഞ ചെലവില്‍ പിറന്ന കോഴിക്കോടന്‍ സിനിമ ഐഎഫ്എഫ്‌കെയിലേക്ക്

കുറഞ്ഞ ചെലവില്‍ പിറന്ന കോഴിക്കോടന്‍ സിനിമ ഐഎഫ്എഫ്‌കെയിലേക്ക്

കുറഞ്ഞ ചെലവില്‍ പിറന്ന കോഴിക്കോടന്‍ സിനിമ ഐഎഫ്എഫ്‌കെയിലേക്ക്

കോഴിക്കോട്: പട്ടാളത്തില്‍ തുടര്‍ന്നാല്‍ സിനിമ ചെയ്യാന്‍ കഴിയില്ലെന്നു പേടിച്ച് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ യുവാവ്. നാട്ടിലെ യുപിസ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നു. അച്ഛനും അമ്മയും ചേട്ടനും ചേച്ചിയുമൊക്കെ നല്‍കിയ പണവുമായി സിനിമ പിടിക്കാനിറങ്ങി. ഒരു കൂട്ടം കൂട്ടുകാര്‍ കൂടെ നിന്നു. അങ്ങനെ പിറന്ന സിനിമ ഇത്തവണ രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. വിഷ്ണു ബി.ബീന സംവിധാനം ചെയ്ത ‘ചാവു കല്യാണം’ എന്ന സിനിമ ഐഎഫ്എഫ്‌കെയിലെ മലയാളം സിനിമ ടുഡേ വിഭാഗത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്.

എലത്തൂര്‍ ചെട്ടികുളം പാലാട്ടുവയലില്‍ പി.ബാബുവിന്റെയും എ. ബീനയുടെയും മകനായ വിഷ്ണുവിന് കുട്ടിക്കാലം തൊട്ട് സിനിമയായിരുന്നു ആഗ്രഹം. പട്ടാളത്തിലെ ജോലി മതിയാക്കി തിരികെ നാട്ടിലെത്തിയ ശേഷം ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍നില്‍ ബിരുദം നേടി. മൂന്നു വര്‍ഷം മുന്‍പാണ് മായനാട് എയുപി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്നത്. കൂട്ടുകാര്‍ക്കൊപ്പം ഏതാനും ഹ്രസ്വസിനിമകള്‍ ചെയ്തു പഠിച്ചു. തുടര്‍ന്നാണ് സ്വര്‍ണം പണയം വച്ചും കൂട്ടുകാരില്‍നിന്ന് പിരിച്ചുമൊക്കെ ‘ക്രൗഡ് ഫണ്ടിങ്ങി’ലൂടെ പണം കണ്ടെത്തിയത്. ഫാമിലി പ്രൊഡക്ഷന്‍സ് എന്ന കമ്പനിയുടെ പേരില്‍ വിഷ്ണുവിന്റെ അമ്മയുടെ സഹോദരി അജിത ജയചന്ദ്രനാണ് നിര്‍മാതാവ്.

കോഴിക്കോട്ടെ ഒരു ഗ്രാമത്തിലെ മരണവീട്ടില്‍ നടക്കുന്ന സംഭവങ്ങളാണ് ചാവു കല്യാണം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും വിഷ്ണുവാണ്. ചിത്രം പൂര്‍ണമായും ചിത്രീകരിച്ചത് ചേളന്നൂരിന് അടുത്ത് പട്ടര്‍പാലം ഗ്രാമത്തിലാണ്. കമ്യൂണിസ്റ്റ് പച്ച എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിധീഷ് ഭാസ്‌കര്‍, അഭിമല്‍ ദിനേശ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വിഷ്ണുവിന്റെ സുഹൃത്തും കൊല്‍ക്കത്ത എസ്ആര്‍എഫ്ടിഐഐയിലെ വിദ്യാര്‍ഥിയുമായ ശ്രീഹരി രാധാകൃഷ്ണനാണ് ഛായാഗ്രഹണം. എസ്ആര്‍എഫ്ടിഐഐയിലെ ഹൃദ്യ രവീന്ദ്രനാണ് സിങ്ക് സൗണ്ട് ഒരുക്കിയത്. നിതിന്‍ ജോര്‍ജാണ് ശബ്ദസംവിധാനം. ക്യാമറയ്ക്കു മുന്നിലും പിന്നിലുമായി 36 പുതുമുഖങ്ങളാണ് ‘ചാവുകല്യാണ’ത്തിലുള്ളത്. ഒടിടി റിലീസിനു വേണ്ട സാങ്കേതിക മികവ് പുലര്‍ത്തിയാണ് ചിത്രം പൂര്‍ത്തിയാക്കിയത്. വളരെ ചുരുങ്ങിയ ചെലവില്‍ നിര്‍മിച്ച ചിത്രത്തിന്റെ ചിത്രീകരണം കയ്യില്‍ പണം വരുന്നതിനനുസരിച്ചാണ് പൂര്‍ത്തിയാക്കിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *