ബെംഗളൂരു: പത്മശ്രീ ജേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു. ശ്വാസകോശ രോഗങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. കര്‍ണാടകയിലെ തുംകൂര്‍ ജില്ലയിലെ ഗുബ്ബി താലൂക്കില്‍ 1911 ജൂണ്‍ 30ന്ാണ് തിമ്മക്കയുടെ ജനനം. ഹുലിക്കല്‍ ഗ്രാമത്തിലെ ചിക്കയ്യയെയാണ് സാലുമരദ തിമ്മക്ക വിവാഹം കഴിച്ചത്. ഈ ദാമ്പത്യത്തില്‍ അവര്‍ക്ക് കുട്ടികളില്ലായിരുന്നു. കുട്ടികളില്ലാത്തതിന്റെ ദുഃഖം മറക്കാനാണ് അവര്‍ വഴിയരികില്‍ ആല്‍മരത്തൈകള്‍ നട്ടുപിടിപ്പിക്കുകയും അവയെ സ്വന്തം മക്കളെ പോലെ വളര്‍ത്തുകയുമായിരുന്നു. കുഡൂരില്‍ നിന്ന് ഹുലിക്കലിലേക്കുള്ള സംസ്ഥാനപാതയിലാണ് തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് 385 ആല്മരങ്ങള് നട്ടുപിടിപ്പിച്ചത്. മഗഡി താലൂക്കിലെ ഹുലിക്കല്‍ ഗ്രാമത്തിലാണ് തിമ്മക്കയും ഭര്‍ത്താവും താമസിച്ചിരുന്നത്. ‘വൃക്ഷ മാതാവ്’ എന്നറിയപ്പെട്ടിരുന്ന തിമ്മക്ക, തന്റെ മക്കളെപ്പോലെയാണ് മരങ്ങളെ വളര്‍ത്തിയിരുന്നത്.
പരിസ്ഥിതി സംരക്ഷണത്തിനായി അവര്‍ തന്റെ ജീവിതം മാറ്റിവച്ചു.സാലുമരദ തിമ്മക്കയെ രാജ്യം 2019ല്‍ പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചിരുന്നു. പത്മശ്രീക്ക് പുറമെ ഓണററി ഡോക്ടറേറ്റും മറ്റ് പുരസ്കാരങ്ങളും തിമ്മക്കയ്ക്ക് ലഭിച്ചിട്ടുണ്ട്.
