ദില്ലി : അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നതൊഴിവാക്കാന്‍ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കാനും ഇന്ധന വാഹനങ്ങള്‍ ഘട്ടം ഘട്ടമായി നിര്‍ത്താലക്കണമെന്നും സുപ്രീം കോടതി. രാജ്യ തലസ്ഥാനത്ത് ഇന്ധന വണ്ടികളുടെ പെരുപ്പം കാരണം ജനജീവിതം ദുസ്സഹമാക്കുന്ന വായു മലിനീകരണം നിത്യ സംഭവമാണ്. ഇന്ധന വാഹനങ്ങള്‍ക്ക് പകരം ഇലക്ടിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ട സമയം എന്നേ അതിക്രമിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
മറ്റ് വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ നയങ്ങള്‍ നടപ്പിലാക്കുകയാണ് വേണ്ടതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ ഉയര്‍ന്ന വിലയായിരുന്നുവെങ്കിലും, പിന്നീട് അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നതായി ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ചാര്‍ജിങ് സ്‌റ്റേഷനുകളുടെ അഭാവത്തെപ്പറ്റി അദ്ദേഹം സൂചിപ്പിച്ചെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാവുകയാണെങ്കില്‍ ആവശ്യമായ ചാര്‍ജിങ് സ്റ്റേഷനുകള്‍ താനേ സ്ഥാപിക്കപ്പെടുമെന്ന് കോടതി വ്യക്തമാക്കി. മാത്രമല്ല വലയി ഇവികളും വിപണിയില്‍ ലഭ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
