കോഴിക്കോട്: കോഴിക്കോട്ടുള്ള ഇ സി എച്ച് എസ് പോളി ക്ലിനിക്കില്‍ വിമുക്ത ഭടന്മാരെ ദ്രോഹിക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥര്‍ തുടരുകയാണെന്നും, ഇക്കാര്യമുന്നയിച്ച് കണ്ണൂര്‍ ഇ സി എച്ച എസ് ഉദ്യോഗസ്ഥന് പരാതി നല്‍കിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ പോലും തയ്യാറായില്ലെന്ന് ഇ സി എച്ച് എസ് ആന്റ് സി എസ് സി വെല്‍ഫെയര്‍ ഫോറം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി നല്ലകാലം ഉഴിഞ്ഞുവെച്ച വിമുക്ത ഭടന്മാരോട് മോശമായ ഭാഷയിലാണ് ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ ഇടപെടുന്നത്. രക്ത സാമ്പിള്‍ എടുക്കുന്ന സമയം പോലും പരിമിതപ്പെടുത്തിയിരിക്കുകയാണ്. പ്രായമായ കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ മതിയായ ചികിത്സ പോലും നല്‍കാതെ നിഷേധാത്മക സമീപനം തുടര്‍ന്നാല്‍ ധര്‍ണ്ണ സമരം അടക്കമുള്ള പ്രക്ഷോഭ മാര്‍ഗ്ഗം സംഘടിപ്പിക്കുമെന്നവര്‍ മുന്നറിയിപ്പ് നല്കി. കേന്ദ്ര സര്‍ക്കാരിന്റെ എം പാനല്‍ഡ് ഹോസ്പിറ്റലുകളില്‍ നിന്നും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. സര്‍ക്കാര്‍ വിമുക്ത ഭടന്മാര്ക്ക് നല്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും ജില്ലയിലെ 6000ത്തോളം വരുന്ന വിമുക്ത ഭടന്മാരുടെ പ്രശ്്ന പരിഹാരങ്ങള്‍ക്കായി നിരന്തരം ശബ്ദമുയര്‍ത്തുമെന്നും അവര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ വിശ്വനാഥന് എ, ഗിരീഷ് പി, നിഷികുമാര്‍, രാജന്. എ പങ്കെടുത്തു.
