സാഹിത്യ നഗരമായ കോഴിക്കോട്ട്, സാഹിത്യ നഗരത്തിന്റെ സാംസ്കാരിക സാധ്യതകള്‍ എന്ന വിഷയത്തില്‍ പീപ്പിള്‍സ് റിവ്യൂ രണ്ട് പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. സെപ്തംബര്‍ മാസത്തില്‍ നടന്ന ആദ്യ പരിപാടിയില്‍ നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സാഹിത്യ സംഘടനകളുടെ നേതാക്കളാണ് സംബന്ധിച്ചത്. രണ്ടാമതായി സംഘടിപ്പിച്ച പ്രോഗ്രാമില്‍ പ്രഗല്ഭ പ്രഭാഷകനും, പണ്ഡിതനുമായ ഡോ.എം.എന്‍.കാരശ്ശേരിയാണ് സംബന്ധിച്ചത്. ഈ രണ്ട് പ്രോഗ്രാമുകളിലും പങ്കെടുത്ത് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടിയത് നഗരത്തില്‍ കുറഞ്ഞ വാടകയ്ക്ക് ലഭിക്കുന്ന ഹാളുകളുടെ അഭാവമാണ്. നമുക്ക് ടൗണ്‍ഹാളും, സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളും ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. എന്നാല്‍ നഗരത്തിലെ സാമൂഹിക-സാംസ്കാരിക-സാഹിത്യ സാധ്യതകള്‍ കൂടുതല്‍ മിഴിവേകണമെങ്കില് സൗകര്യപ്രദമായ ഒരു ഇടം ഉണ്ടേവേണ്ടതുണ്ട്. ചെറിയ പ്രോഗ്രാമുകള്‍ നടത്താനാവശ്യമായ മിനി ഹാളുകള്‍, ഇടത്തരവും, വലുതുമായ പ്രോഗ്രാമുകള്‍ നടത്താനുതകുന്ന ഹാളുകള്‍ എന്നിവയും, പുസ്തകങ്ങളുടെയും മറ്റും മേളകള്‍ സംഘടിപ്പിക്കാനാവശ്യമായ പവലിയനുകളും ഉള്‍ക്കൊളളുന്ന സമഗ്രമായ ഒരു കള്‍ച്ചറല്‍ സെന്റര്‍ നഗരത്തില്‍ നിര്‍മ്മിക്കേണ്ടതായിട്ടുണ്ട്. മിതമായ വാടകയ്ക്ക് ലഭിക്കുകകൂടി ചെയ്താല്‍ കൂടുതല്‍ ചെറുതും വലുതുമായ പ്രോഗ്രാമുകള്‍ നഗരത്തിലേക്ക് ഒഴുകിയെത്തും. ഇക്കാര്യം കോര്പ്പറേഷന് ഗൗരവപൂര്‍വ്വം പരിഗണിക്കണമെന്നഭ്യര്ത്ഥിക്കുന്നു.
രാജ്യത്തെതന്നെ സാഹിത്യ നഗരമായകോഴിക്കോടിന് ഇത്തരം ബൃഹത്തായ ഒരു പദ്ധതി നടത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ലഭിക്കുമോ എന്നതും പരിശോധിക്കപ്പെടണം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ്തന്നെ മഹത്തായ പല കൃതികളും രചിക്കപ്പെട്ട നാടാണ് കോഴിക്കോട്. അത്തരം കൃതികളുടെ ശേഖരണവും, നമ്മുടെ അനശ്വര സാഹിത്യകാരന്മാരായ എസ്.കെ.പൊറ്റക്കാട്, തിക്കോടിയന്, എം.എന്‍.പാലൂര്, വൈക്കം മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ സൃഷ്ടികളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്ക്കാരവും സ്ഥിരമായി ഈ സാംസ്കാരിക സമുച്ചയത്തില്‍ ഒരുക്കാവുന്നതാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായിരുന്ന കെ.എഫ്.ജോര്‍ജ് ചൂണ്ടിക്കാണിച്ചതുപോലെ അദ്ദേഹം ഷേക്സ്പിയറിന്റെ നാട് സന്ദര്‍ശിച്ചപ്പോള്‍, അവിടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുളള ഗ്രാമം സന്ദര്‍ശിച്ചതായി പറഞ്ഞിട്ടുണ്ട്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആ നാട്ടിലെ നാടന്‍ കലാകാരന്മാരാണ്. അവര്‍ക്കതിന് പ്രതിഫലവും നല്‍കുന്നുണ്ട്. ഈ മാതൃകകള്‍ കോഴിക്കോട്ടും നടപ്പിലാക്കാനായാല്‍ നമ്മുടെ കലാകാരന്മാര്ക്കും തൊഴിലവസരങ്ങള്‍ ലഭ്യമാവും.
സാംസ്കാരിക പ്രവര്‍ത്തനമാണ് ഒരു നാടിന്റെ സംസ്കാരം ചിട്ടപ്പെടുത്തുന്നത്. വ്യാപാര-വാണിജ്യ മണ്ഡലവും മറ്റ് മേഖലകളിലും നമ്മുടെ കോഴിക്കോട് മുന്നിലാണ്. ഇപ്പോള്‍ നമുക്ക് യുനെസ്കോ നല്കിയ സാഹിത്യ പദവി കൂടുതല്‍ അര്‍ത്ഥവത്താക്കാന്‍ സമഗ്രമായ ചര്‍ച്ചയും, അതിനെ തുടര്‍ന്നുള്ള നടപടികളുമാണ് വേണ്ടത്. സാഹിത്യ സംബന്ധിയായ പരിപാടികളും മറ്റും നടക്കുമ്പോള്‍ സാഹിത്യകാരന്മാര്ക്കും, ഈ മേഖലയില്‍ കര്മ്മനിരതരായവര്ക്കും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.
ഓരോ മേഖലയിലും അനുഭവജ്ഞാനമുള്ളവര്‍ക്ക് പരിഗണന നല്കാന് അധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയ അതിപ്രസരം ഉണ്ടാവാതെ ശ്രദ്ധിക്കുകയും വേണം. സാഹിത്യം മനുഷ്യരെ ഒന്നിപ്പിക്കുന്ന ഒന്നാണ്. അതിന് വേര്‍തിരിവുകളില്ല. ഒരു നാടിനെ നമ്മള് എങ്ങിനെ പരിവര്‍ത്തിപ്പിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ആ നാടിന്റെ ഭാവി. സുകൃതങ്ങളുറങ്ങുന്ന മണ്ണാണ് കോഴിക്കോട്. അത് കൂടുതല്‍ മഴവില്ലഴകോടെ നിലനിര്‍ത്തുക എന്നതാണ് നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കടമ.
