കോഴിക്കോട്: താമരശ്ശേരിക്കടുത്ത് അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോഴിമാലിന്യ പ്ലാന്റായ ഫ്രഷ്‌കട്ടിനെതിരായി നടന്ന സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുകയും കള്ളക്കേസില്‍പെടുത്തുകയും രാത്രികാലങ്ങളില്‍പോലും വീടുകളില്‍ കയറി റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ ജനകീയ പങ്കാളിത്തത്തോടെ പ്രതിരോധിക്കുമെന്ന് ഫ്രഷ്‌കട്ട് വിരുദ്ധ സമര സഹായ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ പേരിലാണ് പൊലീസ് ഫ്രഷ്‌കട്ടിനെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. ഫ്രഷ്‌കട്ടിനനുകൂലമായി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്, ശുചിത്വ മിഷന്‍ എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയാണ്. ഹൈക്കോടതിയെ വസ്തുതകള്‍ ബോധ്യപ്പെടുത്തി ഹൈക്കോടതി നിശ്ചയിക്കുന്ന അമികസ്‌ക്യൂറിയുടെ അന്വേഷണത്തിനായി ഹൈക്കോടതിയെ സമീപിക്കും. ഫ്രഷ്‌കട്ടിനെതിരായിട്ടുള്ള പരാതി അനേഷിച്ച നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ട് അടിയന്തിരമായി പുറത്ത് വിടണം. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളാകെ എതിര്‍ത്തിട്ടും എന്തുകൊണ്ടാണ് ഫ്രഷ്‌കട്ടിന് ഭരണ പിന്തുണ കിട്ടുന്നതെന്നും ഫഷ് കട്ടിന് പിന്നില്‍ ഭരണ പ്രതിപക്ഷ രംഗത്തുള്ള ഉന്നതന്മാരുടെ സഹായമുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഇക്കാര്യവും അന്വേഷിക്കേണ്ടതാണെന്ന് സമര സമിതി ഭാരവാഹികള്‍ പറഞ്ഞു. ആര് പിന്നിലുണ്ട് എന്നതല്ല പ്രശ്‌നം സ്ഥാപനം ജനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കരുത് എന്നതാണ് മുഖ്യമെന്നവര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസ് അതിക്രമം കാരണം ഈ പ്രദേശത്തെ പൊതു സ്ഥാപനങ്ങളുടെ അടക്കം പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പല വീടുകളിലും പുരുഷന്മാര്‍ ഇല്ല. പലരും ഒളിവിലാണ്. കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിനുത്തരവാദികളായവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കുന്നതില്‍ വിയോജിപ്പില്ല. എന്നാല്‍ വിഷയം പരിഹരിക്കാന്‍വേണ്ടി ഇടപെട്ട ജനപ്രതിനധികളുടേയും പേരില്‍ അടക്കം കേസ് എടുത്തിരിക്കുകയാണ്. വിവിധ വകുപ്പുകളിലായി ഒമ്പതോളം കേസുകള്‍ നൂറുകണക്കിനാളുകളുടെ പേരില്‍ എടുത്തിട്ടുണ്ട്. അവിടെ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാണ്. ശാസ്ത്രീയമായ തെളിവെടുപ്പിലൂടെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണം. ഫ്രഷ് കട്ടിന് ഭീമമായ നഷ്ടം സംഭവിച്ചു എന്ന പര്‍വ്വതീകരിച്ച റിപ്പോര്‍ട്ടാണ് ഇപ്പോഴുള്ളത്. കേസില്‍ അകപ്പെട്ടവര്‍ ജാമ്യം ലഭിക്കണമെങ്കില്‍ വലിയ ബാധ്യത നേരിടേണ്ടിവരും.
ഫ്രഷ് കട്ടിനുണ്ടായ നഷ്ടം സംബന്ധിച്ച് നിക്ഷ്പക്ഷമായ അന്വേഷണം നടത്തണം. പൊലീസ് ജനപക്ഷത്തു നില്‍ക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് പിന്‍വാങ്ങണം.് ഇക്കാര്യത്തില്‍ സമഗ്രമായ ഒരന്വേഷണം വേണമെന്നവര്‍ ആവശ്യപ്പെട്ടു. നിലവില്‍ പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതികളായവരുടെ വിവരം പുറത്ത് വിടണം. സര്‍ക്കാര്‍ സംവിധാനങ്ങളെ മുഴുവന്‍ സ്വാധീനിക്കാന്‍ ഫ്രഷ്‌കട്ടിന് സാധിക്കുകയാണ്. ജനങ്ങളെ ദ്രോഹിക്കുന്ന പൊലീസ് നടപടി തുടര്‍ന്നാല്‍ പൊലീസിനെ തടയുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ജനങ്ങളുടെ വികാരം മാനിക്കാതെ ഫ്രഷ്‌കട്ടിനനുകൂലമായുള്ള നിലപാടാണ് ജില്ലാഭരണകൂടത്തിന്റേയും പൊലീസിന്റേയും ഭാഗത്ത് നിന്നുണ്ടായത്. അശാസ്ത്രീയമായും ജനങ്ങളെ വെല്ലുവിളിച്ചും ഫ്രഷ്‌കട്ടിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ശുദ്ധവായു ലഭിക്കാതെയും ശുദ്ധജലം ലഭിക്കാതെയും ദുരിതം അനുഭവിക്കുകയാണ്. ഈ പ്രദേശത്തുള്ള പുഴ മലിനപ്പെട്ടു കഴിഞ്ഞു. പ്രദേശ വാസികള്‍ക്ക് ചര്‍മ്മ രോഗങ്ങളടക്കം പിടിപെടുകയാണ്.ഫ്രഷ്‌കട്ട് സമര സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 11ന് (ചൊവ്വാഴ്ച) 4 മണിക്ക് താമരശ്ശേരിയില്‍ സര്‍വ്വകക്ഷി നേതൃത്വത്തില്‍ മഹാറാലി സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സമര സഹായ സമിതി ചെയര്‍മാന്‍ ഗിരീഷ് ജോണ്‍, കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി, ടി.കെ.അരവിന്ദാക്ഷന്‍ മാസ്റ്റര്‍(സിപിഎം), ഗിരീഷ് തേവള്ളി (ബിജെപി), പി.ഗിരീഷ് കുമാര്‍ (കോണ്‍ഗ്രസ്സ്), കെ.വി.മുഹമ്മദ്(മുസ്ലിം ലീഗ്), പി.സി.അഷ്‌റഫ്(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി) എന്നിവര്‍ പങ്കെടുത്തു.
