ലോകത്തിനാകെ മാതൃകയാണ് ഇന്ത്യന്‍ ജനാധിപത്യം. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന അഭിമാനം ഓരോ ഭാരതീയന്റെയും ഉള്ളില്‍ തുടിക്കുന്നുണ്ട്. ബ്രിട്ടീഷുകാരോടും മറ്റ് വൈദേശിക ശക്തികളോടും ജീവന്‍പോലും പണയംവെച്ച് പടവെട്ടിയാണ് ഇന്ന് കാണുന്ന നമ്മുടെ ഇന്ത്യയെ മഹാന്മാരായ പൂര്‍വ്വ മഹത്തുക്കള്‍ കെട്ടിപ്പടുത്തത്. സ്വാതന്ത്യലബ്ധിക്ക്ശേഷം ഏറ്റവും മഹത്തരമായ ഒരു ഭരണഘടനയുണ്ടാക്കുകയും ഒരു നൂലില്‍കോര്‍ത്ത മുത്തുമണികള്‍പോലെ ഭാരതീയരെ ചേര്‍ത്ത് പിടിക്കുകയും ചെയ്തതിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന ഇന്ത്യ. അതിന്റെ പരിണതഫലമാണ് ജനാധിപത്യം. അതുകൊണ്ട്തന്നെ ഇന്ത്യന്‍ ജനാധിപത്യത്തെ ക്ഷയിപ്പിക്കാന് നടക്കുന്ന ഏത് ശ്രമവും തടയേണ്ടത് നമ്മള് ഭാരതീയരുടെ കടമയാണ്.
തിരഞ്ഞെടുപ്പുകള്‍ വോട്ടിംഗ് മെഷീനിലൂടെ ചെയ്യുന്നതിനെതിരെ വലിയചര്‍ച്ചകള്‍ നിലവില്‍ രാജ്യത്തുണ്ട്. വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാനാവുമെന്ന് തെളിവ് സഹിതം ഇതിനകം പലരും ഉന്നയിച്ചിട്ടുണ്ട്. ലോകത്തിലെ പരിഷ്കൃത രാജ്യങ്ങളിലടക്കം ഇപ്പോഴും ബാലറ്റ് പേപ്പര്‍ സംവിധാനം നിലനില്ക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. ഇപ്പോള്‍ വോട്ടര്‍പട്ടികയില്‍ വലിയ കൃത്രിമങ്ങള്‍ നടന്നതായാണ് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം വാര്‍ത്താമാധ്യമങ്ങളുടെ മുമ്പില്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. കര്‍ണ്ണാടകയിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ഭരണം പിടിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശ്രമങ്ങളുണ്ടായി എന്ന അദ്ദേഹത്തിന്റെ ആരോപണം അതീവ ഗുരുതരമാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി സത്യം പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അധികാരത്തിന് വേണ്ടി ആര്, ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചാലും അതംഗീകരിക്കാനാവില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാ സ്ഥാപനമാണ്. അത് പരിപൂര്‍ണ്ണമായും നിഷ്പക്ഷമായിരിക്കണം. ഈ നിഷ്പക്ഷത ഉറപ്പുവരുത്തുന്നതിലൂടെ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ എന്നത് നാം മറന്നു പോകരുത്.
ജനാധിപത്യം അപകടത്തിലാവരുത്
