പി എം ശ്രീ പദ്ധതിയാണ് സിപിഎം ഉം, സിപിഐയും തമ്മിലുള്ള ഇപ്പോഴത്തെ ഉരസലിന് കാരണം. കേന്ദ്ര സര്‍ക്കാരിന്റെ പി എം ശ്രീ പദ്ധതി, കേരളത്തിലെ ക്യാമ്പസുകളില്‍ നടപ്പാക്കരുതെന്ന ഉറച്ച നിലപാടാണ് സിപിഐ മുന്നോട്ട് വെക്കുന്നത്. പി എം ശ്രീ നടപ്പാക്കിയില്ലെങ്കില്‍ കേന്ദ്ര വിഹിതം നല്‍കില്ലെന്ന ഭീഷണിയുമായി കേന്ദ്രവും നില്‍ക്കുന്നു. സിപിഎംനാകട്ടെ അവരുടെ പ്രപഖ്യാപിത നയങ്ങള്‍ ബലികഴിക്കാതെ പി എം ശ്രീ പദ്ധതി കേരളത്തില്‍ നടപ്പാക്കാനാവില്ല. പദ്ധതി നടപ്പാക്കിയാല്‍ സി പി ഐയുടെ എതിര്‍പ്പ് ഏത് രൂപത്തിലാവുമെന്ന ആലോചനയും സി പിഎംനെ അലോസരപ്പെടുത്തുന്നുണ്ട്. സിപിഐ, സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി നടപ്പാക്കിയാല്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. പി എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആണയിടുമ്പോഴും, പദ്ധതി നടപ്പാക്കുന്നതിനുള്ള രേഖയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചു കഴിഞ്ഞു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ഈ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ രണ്ട് കാര്യങ്ങളില്‍ സംസ്ഥാന ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎം പുറകോട്ട്‌പോയി എന്ന് വ്യക്തമാകും. സിപിഎംന്റെ പരമോന്നത ബോഡിയായ പാര്‍ട്ടി കോണ്‍ഗ്രസില്‍, മധുരയില്‍ വെച്ച് എടുത്ത നയരേഖയുടെ ലംഘനമാണ് നടന്നിരിക്കുന്നത്. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ പദ്ധതി (എന്‍ ഇ പി) രാജ്യത്തെ ഫെഡറല്‍ സംവിധാനങ്ങളുടെ ലംഘനമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട ഒളിച്ചു കടത്താനുള്ള ഉപാധിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് പി എം ശ്രീ പദ്ധതി. അങ്ങനെവരുമ്പോള്‍ പി എം ശ്രീ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയാല്‍ അത് പാര്‍ട്ടി കോണ്‍ഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയ നയങ്ങളുടെ ലംഘനമാവും. പാര്‍ട്ടി നയം ലംഘിക്കപ്പെടുമ്പോള്‍ അതിന് മറുപടി പറയേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ.ബേബിയുടെ വിശദീകരണം ഇനിയും വ്യക്തമായിട്ടില്ല. മറ്റൊന്ന് പി എം ശ്രീ പോലുള്ള നയങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ അത് ഇടതുമുന്നണിയിലോ, മന്ത്രി സഭയിലോ ചര്‍ച്ച ചെയ്യണം. എന്നാല്‍ പി എം ശ്രീയുടെ കാര്യത്തില്‍ മന്ത്രി സഭയില്‍ തീരുമാനമോ, എല്‍ഡിഎഫില്‍ ചര്‍ച്ചയോ നടന്നിട്ടില്ല. ഈ രണ്ട് കാര്യങ്ങള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മറുപടിയാണ് രാഷ്ട്രീയ കേരളം കാതോര്‍ത്തിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാരാവട്ടെ തങ്ങള്‍ സംസ്ഥാനത്തിന് നല്‍കുന്ന പണത്തിനെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ബ്രാന്‍ഡിംങ് വേണമെന്ന നിലപാട് കര്‍ശനമാക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ചൊല്‍പ്പടിക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് ഇതിനകം കീഴടങ്ങിക്കഴിഞ്ഞിട്ടുണ്ട്. പി എം ശ്രീ പദ്ധതിക്കെതിരെ സിപിഐ മാത്രമല്ല മറ്റ് സംഘടനകളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം സമ്മര്‍ദ്ദം സൃഷ്ടിക്കുമ്പോള്‍, സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം മധ്യത്തിനു മുമ്പായി അവസാനിക്കാനും സമയമായി. അതീവ രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുന്ന നയപരമായ തീരുമാനങ്ങളില്‍, ഇലയ്ക്കും മുളളിനും കേട് കൂടാതെ പ്രശ്‌ന പരിഹാരത്തിന് എന്ത് വഴി തിരഞ്ഞെടുക്കുമെന്നതും, അതിനെ സിപിഐ എങ്ങനെ സമീപിക്കുമെന്നതുമാണ് ഭാവി കേരള രാഷ്ട്രീയത്തിന്റെ പ്രധാന ഗതിവിഗതികള്‍.
