ഇന്ത്യന്‍ കായിക മേള ലോക കായിക ലോകവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏറെ പിന്നിലാണെന്ന് കാണാന്‍ സാധിക്കും. ഓരോ ഒളിംമ്പിക്സും കഴിയുമ്പോള്‍ 130 കോടി ജനസംഖ്യയുള്ള ലോകത്തിലെ രണ്ടാം രാജ്യമായ ഇന്ത്യക്ക് ആഹ്ലാദിക്കാന്‍ മെഡല്‍ പട്ടിക നീളുന്നില്ല. എന്നതാണ് വാസ്തവം. ഈ അപര്യാപ്തത പരിഹരിക്കാന്‍ നമ്മുടെ കുട്ടികളെ വളരെ ചെറുപ്പത്തില്‍ തന്നെ സ്പോര്‍ട്സിന്റെ ഭാഗമാക്കുക എന്നത് മാത്രമാണ് പരിഹാരം. ഈ ദിശയില്‍ നന്നായി മുന്നേറുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ അഭിമാനമുയര്‍ത്തി രാജ്യത്തിനായി ഒളിംമ്പിക്സില്‍ മെഡല്‍ നേടിയ പ്രതിഭാശാലികളെ സൃഷ്ടിച്ച മണ്ണാണ് കേരളം. പിടി ഉഷയും അഞ്ജു ബേബി ജോര്‍ജും പിആര്‍ ശ്രീജേഷുംമെല്ലാം ഓളിംമ്പിക്സില് നാടിന്റെ അഭിമാന സ്തംഭങ്ങളായി മാറിയവരാണ്. മറ്റ് മലയാളി കായിക താരങ്ങളും ഒളിമ്പിക്സില്‍ രാജ്യത്തെ പ്രതിനിധീകരിച്ചുവന്നത് ഏറെ അഭിമാനകരമാണ്. ഇവരെല്ലാം തന്നെ പ്രതികൂലമായ സാഹചര്യങ്ങളിലൂടെ പടവെട്ടി കഠിനാധ്വാനം ചെയ്ത് മുന്നേറിയവരാണ്. അവരൊന്നുംതന്നെ വളഞ്ഞവഴി സ്വീകരിച്ചവരല്ല. മാത്രവുമല്ല ഇവര്‍ നമ്മുടെ കായിക ലോകത്തിന് ഉജ്ജ്വലമായ നേതൃത്വം നല്‍കുന്നവരാണ്.
എന്നാല്‍ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂള്‍ കായിക മേളയില്‍നിന്ന് വന്ന വാര്‍ത്ത കായികലോകത്തിന് അവമതിപ്പുണ്ടാക്കുന്നതാണ്. പ്രായതട്ടിപ്പ് നടത്തിയാണ് ഒരുവിദ്യാര്‍ഥി മത്സരിച്ചതെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ വിദ്യാര്‍ഥി സമര്‍പ്പിച്ച രേഖകളില്‍ വ്യത്യസ്തത കണ്ടെത്തിയിട്ടുണ്ട്. യഥാവിധി പരിശോധിക്കാതെ കുട്ടിക്ക് കായിക മേളയില്മത്സരിക്കാന് അവസരമുണ്ടാക്കിയവരാണ് ഇതിന് ഉത്തരം പറയേണ്ടത്.റിക്കാര്‍ഡുകള്‍ കൃത്യമായി പരിശോധിക്കാതെയും ശാരീരിക ക്ഷമത പരിശോധിക്കാതെയുമാണ് സ്കൂളില്‍ അഡ്മിഷന് നല്കിയതും തുടര്‍ന്ന് മേളയില്‍ പങ്കെടുക്കാനായതും. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് വെല്ലുവിളിയാണ്അനര്ഹരായവരുടെ കടന്നുകയറ്റം. നല്ലനിലയില്‍ പരിശ്രമിച്ച് വിജയം നേടിയെത്തുന്നവരെ തട്ടിപ്പിലൂടെ മത്സരിക്കുന്നവര്‍ പരാജയപ്പെടുത്തുന്നത് ഒഴിവാക്കപ്പെടണം. ഈ സംഭവം ഗൗരവമേറിയ വിഷയങ്ങളാണ് ഉയര്‍ത്തിക്കൊണ്ടുവരുന്നത്. ഉത്തജക മരുന്ന് പരിശോധനയും നിര്‍ബന്ധമാക്കണം. ഉത്തരേന്ത്യന്‍ കായിക മേളകളില്‍ കാണപ്പെടുന്ന ഇത്തരം പ്രവണതകള്‍ നമ്മുടെ നാട്ടില്‍ ഇല്ലാതിരിക്കാന്കര്ശന നടപടിയുണ്ടാകണം.
