രാഷ്ട്രീയ കേരളം ആകാംക്ഷയോടെ നോക്കിനില്‍ക്കുന്ന വിഷയമാണ് പിഎംശ്രീ പദ്ധതി. പദ്ധതി ഇടതുമുന്നണിയില്‍ ആലോചിക്കാതെ, മന്ത്രിസഭായോഗ തീരുമാനമില്ലാതെ വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതാണ് ഇപ്പോള്‍ വന്‍കോളിളക്കമുണ്ടാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു. അതിനുശേഷമാണ് നിര്‍ണ്ണായകമായ നീക്കം വിദ്യാഭ്യാസ വകുപ്പ് നടത്തിയത്. ഭരണ നേതൃത്വത്തിന്റെ പച്ചക്കൊടിയില്ലാതെ വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ ഒപ്പിടില്ലെന്നത് പച്ചപരമാര്‍ത്ഥമാണ്.
മോദി സര്‍ക്കാര്‍ മതേതരത്വവും ഫെഡറലിസവും തകര്‍ക്കുന്ന സര്‍ക്കാരാണെന്ന് രായ്ക്കുരാമാനം വിളിച്ചു പറയുകയും അതിനായി അണികളെ അണിനിരത്തി സമര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സിപിഎം നേതൃത്വം ഇക്കാര്യത്തില്‍ പാര്‍ട്ടിയണികളോടും പൊതുസമൂഹത്തോടും വിശദീകരണം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. സിപിഎം കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്, ബി ജെ പി സര്‍ക്കാരുകള്‍ എല്ലാകാലത്തും ഇടതുമുന്നണി സര്‍ക്കാരുകളോട് ചിറ്റമ്മനയം സ്വീകരിക്കുന്നു എന്നത് മുന്‍ കാലങ്ങളിലൊക്കെ ഇടതുമുന്നണി ഉന്നയിച്ചിട്ടുള്ളതാണ്. അതിപ്പോള്‍ പിണറായി സര്‍ക്കാരിനോട് മാത്രമുള്ള സമീപനമല്ല എന്ന് വ്യക്തം. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ കാലത്ത് നായനാര്‍ മന്ത്രിസഭക്കെതിരെ നടത്തിയ പരാമര്‍ശം കേരളീയരെ അപമാനിക്കുന്നതാണെന്ന് പറഞ്ഞ് അക്കാലത്തുണ്ടാക്കിയ പ്രചരണ പ്രക്ഷോഭം രാഷ്ട്രീയ കേരളം മറന്നിട്ടില്ല. എന്നാല്‍ മുന്‍ ഇടതുമുന്നണി മുഖ്യമന്ത്രിമാരൊന്നുംതന്നെ അത്തരം കേന്ദ്രനീക്കങ്ങള്‍ക്ക് മുമ്പില്‍ മുട്ടുമടക്കിയിട്ടില്ല എന്നതാണ് ചരിത്ര വസ്തുത. രാഷ്ട്രീയ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ഭരണവും സമരവുമായി മുന്നോട്ട് പോകുമെന്നാണ് ഇഎംഎസ് പ്രഖ്യാപിച്ചത്.
പിഎംശ്രീയില്‍ ഒപ്പിട്ടത് 1500 കോടി രൂപക്ക് വേണ്ടിയാണെങ്കില്‍ 1500 കോടിയുടെ മൂല്യം മാത്രമേ തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളൂ എന്ന് തുറന്ന് പറയാന്‍ കരാറില്‍ ഒപ്പിട്ട സിപിഎം നേതാക്കള്‍ തയ്യാറാവണം. ഗവര്‍ണര്‍മാരെയും മറ്റും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫെഡറലിസത്തെ തകര്‍ക്കുകയാണെന്ന് പിണറായി വിജയനടക്കം ആക്ഷേപിക്കുമ്പോള്‍ ബിജെപി സര്‍ക്കാരിന്റെ ആലയില്‍ കൊണ്ടുപോയി പശുവിനെ കെട്ടുന്നത് ആരെ ഭയന്നിട്ടാണ്.
സിപിഎം നേതൃത്വത്തിന്റെ ഈ നയവ്യതിയാനം പാര്‍ട്ടി അണികളിലും അനുഭാവികളിലും ചോദ്യചിഹ്നമുയര്‍ത്തുന്നുവെങ്കില്‍ സംശയമില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം സംരക്ഷിക്കുന്ന പാര്‍ട്ടിയായ സിപിഎമ്മില്‍ ഭരണാധികാരത്തിന്റെ ശീതളഛായ സംരക്ഷിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് തിരുത്തിക്കാന്‍ പാര്‍ട്ടി മെമ്പര്‍മാരും അണികള്‍ തയ്യാറാകുമോ എന്നതാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തെ തിരുത്തികുറിച്ച പ്രസ്ഥാനമാണ്. മൂല്യാധിഷ്ഠിതമായ നേതൃത്വം കെട്ടിപ്പിടുത്തതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. അതുകൊണ്ടുതന്നെ നയ വ്യതിയാനം ആര് നടത്തിയാലും അത് തിരുത്തിയ പാരമ്പര്യം സിപിഎമ്മിന് ഉള്ളതിനാല്‍ അതാണ് കേരളം കാത്തിരിക്കുന്ന രാഷ്ട്രീയ നീക്കം.
