കോഴിക്കോട്: ജില്ലയിലെ മലബാര്‍ സഹോദയ സ്കൂള്‍ കോംപ്ലക്സിന് കീഴിലുള്ള സിബിഎസ്ഇ സ്കൂളുകളുടെ ജില്ലാ കലോത്സവത്തിന് ചെത്തുകടവ് കെ പി സി എം ശ്രീനാരായണ വിദ്യാലയത്തില്‍ തുടക്കമായി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനില്‍കുമാര്‍ വി ഉദ്ഘാടനം ചെയ്തു. മലബാര്‍ സഹോദയ പ്രസിഡന്റ് മോനി യോഹന്നാന് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം വാര്‍ഡ് മെമ്പര്‍ ജിഷ ചോലക്ക മണ്ണില്‍, കെപിസിഎം ശ്രീനാരായണ വിദ്യാലയം പിടിഎ പ്രസിഡന്റ് വിപിന്‍, സഹോദയ പാട്രണ്‍ കെ പി ഷക്കീല, സഹോദയ ഭാരവാഹികളായ ടി.എം സഫിയ, സലീല്‍ ഹസന്, ഫാദര്‍ ബിനോയ് ഫ്രാന്‍സിസ്, പി.സി.അബ്ദുറഹ്മാന്, ഫാദര്‍ ജില്‍സണ്‍, റജിനാ സൂപ്പി, റാഷിദ് ഇബ്രാഹിം നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സിന്ധു ബിപി സ്വാഗതവും ജോയിന്‍ സെക്രട്ടറി ഷാനവാസ് തളാപ്പില്‍ നന്ദിയും പറഞ്ഞു. അഞ്ചു വിഭാഗങ്ങളിലായി നാലു വേദികളില്‍ ആവിഷ്കരിക്കപ്പെട്ട കലോത്സവത്തില്‍ അറുപത്തിയേഴ് സ്കൂളുകളില്‍ നിന്നും ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ മൂവ്വായിരത്തിലധികം കുട്ടികളാണ് മാറ്റുരയ്ക്കുന്നത്. കലോത്സവം നാളെ സമാപിക്കും. സമാപന സംഗമം ശ്രീനാരായണ എജുക്കേഷന്‍ ട്രസ്റ്റ് പ്രസിഡന്റ് പി വി ചന്ദ്രന് ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനിമാനടനും സംവിധായകനുമായ വിനീത് കുമാര്‍ സമ്മാനദാനം നിര്‍വഹിക്കും. ഓരോ ഇനത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ജേതാക്കള്‍ നവംബര്‍ 12 മുതല്‍ 15 വരെ കോട്ടയം മരങ്ങാട്ടുപള്ളി ലേബര്‍ ഇന്ത്യ സ്കൂളില്‍ വെച്ച് നടക്കുന്ന സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടും. ജില്ലാ കലോത്സവത്തിന്റെ ആദ്യ മൂന്നു ഘട്ടങ്ങള്‍ നേരത്തേ കോഴിക്കോട് സില്‍വര്‍ ഹില്‍സ് പബ്ലിക് സ്കൂള്‍, കുറ്റിക്കാട്ടൂര്‍ ബി ലൈന്‍ പബ്ലിക് സ്കൂള്‍, താമരശ്ശേരി അല്‍ഫോന്‍സാ പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് പൂര്‍ത്തിയായത്.
