‘തത്വ ’25’-ന് എന്‍ഐടി കാലിക്കറ്റില്‍ തുടക്കം
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടെക്‌നോ-മാനേജ്‌മെന്റ് ഫെസ്റ്റായ ‘തത്വ ’25’-ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കാലിക്കറ്റില്‍ തുടക്കമായി. ഒക്ടോബര്‍ 24 മുതല്‍ 26 വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റ്, ക്യാമ്പസിനെ നവീകരണത്തിന്റെ കേന്ദ്രമാക്കി മാറ്റും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നായി ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചീഫ് ഗസ്റ്റ് ഡിആര്‍ഡിഒ (ന്യൂഡല്‍ഹി) എഫ് ടി എം ഡയറക്ടര്‍ ഡോ. എന്‍. രഞ്ജന ഫെസ്റ്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ പോലുള്ള ദൗത്യങ്ങളില്‍ ഇന്ത്യന്‍ പ്രതിരോധ രംഗത്ത് സാങ്കേതികവിദ്യയുടെ നിര്‍ണായക പങ്കിനെക്കുറിച്ച് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. രാജ്യത്തിനായി ഭാവിയിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ നയിക്കാന്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന വരും തലമുറയ്ക്ക് സാധിക്കണമെന്നും അവര്‍ പറഞ്ഞു.
സാങ്കേതികവിദ്യയോടും രാഷ്ട്ര നിര്‍മ്മാണത്തോടുമുള്ള എന്‍ഐടിയുടെ അചഞ്ചലമായ പ്രതിബദ്ധത ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
ഡീന്‍ (സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍) ഡോ. സത്യാനന്ദ പാണ്ഡ സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥികളായ എല്‍പിഎസ്സിഐഎസ്ആര്‍ഒ (തിരുവനന്തപുരം) ശാസ്ത്രജ്ഞന്‍ ഡോ. റെജി ജോസഫ്, മിന്ത്ര, GoCHK (ബാംഗ്ലൂര്‍) സ്ഥാപക ഡയറക്ടറുമായ ശ്രീ. ശങ്കര്‍ ബോറ എന്നിവര്‍ സംസാരിച്ചു. ഡീന്‍ (ഐഎസിആര്‍) പ്രൊഫ. എം. കെ. രവിവര്‍മ്മ ആശംസയര്‍പ്പിച്ചു.
വരും ദിവസങ്ങളില്‍ വിപുലമായ ടെക് എക്‌സ്‌പോ, നിരവധി ശില്പശാലകള്‍, ടെക് കോണ്‍ക്ലേവിന്റെ ഭാഗമായുള്ള സെഷനുകള്‍ എന്നിവ നടക്കും.പ്രശസ്ത മെന്റലിസ്റ്റ് ആനന്ദു തുടങ്ങിയ പ്രമുഖര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
‘റോബോവാര്‍സ്’ ആണ് മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കേരളത്തില്‍ ആദ്യത്തേതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘നെക്‌സസ് വിആര്‍ അരീന’ ഈ വര്‍ഷത്തെ പുതിയ കൂട്ടിച്ചേര്‍ക്കലാണ്. ആവേശകരമായ ഓട്ടോമോട്ടീവ് ഷോ, വിവിധ ഡിസൈന്‍ ഷോക്കേസുകള്‍, എക്‌സിബിഷനുകള്‍, കലാപരിപാടികള്‍ എന്നിവയും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 26-ന് ഫെസ്റ്റ് സമാപിക്കും.
