ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് മന്ത്രി അമീര്ഖാന് മുത്തഖിയുടെ വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു വിലക്ക്. വാര്‍ത്താസമ്മേളനത്തിനെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെ അകത്തേക്കു കടത്തിവിട്ടില്ല. വാര്‍ത്താ സമ്മേളനത്തിനു പിന്നാലെ തന്നെ പല മാധ്യമപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഡ്രെസ് കോഡ് ധരിച്ചിരുന്നുവെങ്കിലും പ്രവേശനം നിഷേധിച്ചുവെന്നാണ് പലരും സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.
എന്നാല്‍ അഫ്ഗാന് ഭരണകൂടമാണു വാര്‍ത്താസമ്മേളനം വിളിച്ചതെന്നും അതില്‍ ഇന്ത്യയ്ക്കു പങ്കൊന്നുമില്ലെന്നുമാണ് വിദേശകാര്യമന്ത്രാലയം അറിയിച്ചത്.അഫ്ഗാന് എംബസി ഇന്ത്യയുടെ നിയന്ത്രണത്തിലല്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിന്റെ ക്ഷണക്കത്ത് അയച്ചത് മുംബൈയിലെ അഫ്ഗാന് കോണ്‍സല്‍ ജനറല്‍ ആണ്.
ഇത്തരം സംഭവം ഇന്ത്യയിലെ വനിതകള്‍ക്ക് അപമാനമാണെന്നും സംഭവത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ് എം.പി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പുരുഷന്മാരായ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകണമായിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും വിമര്‍ശിച്ചു.
