ചെറുകഥ

ചെറുകഥ

ഞാന്‍ കുല്‍സു എം .എ . സോഷ്യോളജി,

കുല്‍സു ചായയുമായി കോലായിലേക്ക് വരികയാണ് . വൈകുന്നേരത്തെ വെയില്‍ നാളം വീണ് അവളുടെ കാതിലെ കമ്മലിലുള്ള ചുവന്ന മുത്ത് ഇച്ചിരി നേരം ഒന്ന് മിന്നിയെന്നെല്ലാതെ അവളുടെ മുഖം ആര്‍ക്കും അവള്‍ കാണിച്ചില്ല .
ആരോടും ചിരിച്ചില്ല.
ആരോടും മിണ്ടിയില്ല.
ചായ ടീപോയിമേല്‍ വെച്ചിട്ട് അവള്‍ വന്നത് പോലെ തിരിച്ച് അവളുടെ മുറിയിലേക്ക് പോവുകയും ചെയ്തു .
ഉമ്മ മറിയാത്ത വാതില്‍ക്കലേക്ക് എത്തിയിട്ട് തിരക്കി ;
ഇഷ്ടായോ?

കുല്‍സു വാതിലിന്റെ പാളികള്‍ മലര്‍ക്കെ തുറന്നിട്ട് ഉമ്മാനോട് പറഞ്ഞു ; ഇഷ്ടായില്ല .

മറിയാത്ത കുല്‍സുവിന്റെ കണ്ണുകളിലേക്ക് ഉറ്റ് നോക്കി . എന്നിട്ട് ചോദിച്ചു ;
ഓനെന്താ ഒരു കുറവ് .?

ഇഷ്ട്ടല്ല . അത്രേന്നെ .
ഞാന്‍ പറഞ്ഞതല്ലേ ജോലി കിട്ടീട്ട് മതി കല്യാണോന്ന് .

ആ ഉമ്മാക്ക് അരിശം കേറി .
പിന്നെന്തിനാ ഓരെ ഇങ്ങോട്ട് വിളിപ്പിച്ചത് ?

കുല്‍സു രുക്ഷമായ ഒരു നോട്ടത്തോടെ പ്രതികരിച്ചു ; അത് എന്നോട് ചോദിച്ചിട്ടെന്താ . വാപ്പാനോട് ചോദിക്ക് ഓരെ എന്തിനാ ഇങ്ങോട്ട് കെട്ടി വലിച്ചതെന്ന് .

മറിയാത്ത ശാന്തമായി സ്വന്തം മോളോട് പറഞ്ഞു ;
നീ ഒരു പാട് വായിക്കുന്നവളാണ് .
ഒരു വാപ്പാന്റെ മനസ്സ് നീ ഇത് വരെ വായിച്ചിട്ടില്ല . അതാ നീ ഇങ്ങനെ ആയിപ്പൊയത് .
ആദ്യം നീ പറഞ്ഞു പഠിപ്പ് കഴിഞ്ഞിട്ട് മതി കല്യാണംന്ന് . നാലഞ്ച് ബന്ധം വന്നത് നീ തട്ടിക്കളഞ്ഞു . ഇപ്പം പറെന്ന് ജോലി കിട്ടീട്ട് മതീന്ന് . നിലാവുദിക്കും വരെ പന്നി കാക്ക്വോ ? വാപ്പ ആരാന്നാ നീ വിചാരിച്ചത് ?
ങ്ങ്ഹാ … നിന്നെ വാപ്പ വിളിക്കുന്നു .

മോളെ …

വാപ്പ വിളിച്ചീനോ ?

മോളോട് ഓരിക്ക് എന്തോ സംസാരിക്കണോന്ന് .
ചെല്ല് മോളെ ..

കുല്‍സു ആരോടോ പ്രതികാരം തീര്‍ക്കുമ്പോലെ പുറത്തേക്കിറങ്ങി .
കോലായില്‍ കസേരയില്‍ ഇരുന്നവര്‍ മുറ്റത്തേക്ക് ഇറങ്ങി നിന്നു , ഒരാളൊഴിച്ച് .

അവര്‍ പരസ്പരം സംസാരിക്കട്ടെ .

കുല്‍സു അവളെ കാണാന്‍ വന്ന ചെറുപ്പക്കാരന്റെ മുമ്പില്‍ നിന്നു .

കുല്‍സു അഴകില്‍ കടഞ്ഞെടുത്ത ഒരു പെണ്ണാണ് .
ഇപ്പോള്‍ ചെറുപ്പക്കാരന്‍ കാണുന്നത് അവളുടെ സൗന്ദര്യത്തിന് മീതെ ഒരു നിഴല്‍ പരന്നത് പോലെയാണ് .
അതെന്താണ് അങ്ങനെ ?
ഒരു പെണ്ണിന്റെ ചിരിയിലാണ് അവളുടെ അഴക് കുലച്ച് നില്‍ക്കുക എന്നത് എത്ര ശരിയാണ് .
അവളാണെങ്കില്‍ മുഖം വീര്‍പ്പിച്ച് നില്‍ക്കുന്നു . വികൃതമായ ഒരു രൂപത്തിന്റെ പ്രതീകം പോലെ .

ലജ്ജയില്‍ മുക്കിയ ചിരിയില്‍ കടക്കണ്ണെറിയുന്ന പെണ്‍കുട്ടിയായിരുന്നു അവന്റെ സ്വപ്നത്തില്‍ .

കാലം മാറിയാലും സ്ത്രീ എന്നതിന്റെ സങ്കല്‍പം പുരുഷത്വമല്ലെന്ന
ആണിന്റെ ബോധത്തിന് മാറ്റമുണ്ടാവുമോ ?
ഉണ്ടാവില്ല .

ഇവള്‍ക്ക് എന്നോട് വെറുപ്പാണോ ?
ചെറുപ്പക്കാരന്‍ ചോദിച്ചു ; എന്താ എന്നെ ഇഷ്ടമായില്ലേ.

കുല്‍സു അങ്കത്തട്ടിലെ കളരി ആശാന്റെ ഭാവത്തോടെ തല ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു ; പിന്നേയ് എനിക്ക് ചില നിബന്ധനകളുണ്ട് .

പറഞ്ഞോളൂ .

പറയാം
എന്റെ ജീവിത പങ്കാളിക്ക് സ്വന്തമായി കാര്‍ ഉണ്ടായിരിക്കണം .
വസ്ത്രങ്ങള്‍ അലക്കാനും തേക്കാനും ആരാ ?
പണിക്കാരുണ്ടാവും .ല്ലേ ?
ഓ ഞാനതങ്ങ് മറന്നു
നമ്മള്‍ പരസ്പരം പരിചയപ്പെട്ടില്ലല്ലോ .
ഞാന്‍ കുല്‍സു .
എം . എ സോഷ്യോളജി . വായന ഇഷ്ടമാണ് .
യാത്ര അതിനേക്കാള്‍ ഇഷ്ടമാണ് .
ഓണ്‍ ലൈന്‍ കാലമല്ലേ . അടുക്കള വലിയ പിടിയില്ല . സമ്പ്രദായങ്ങളൊക്കെ
ഒരു പാട് മുമ്പോട്ട് പോയി . അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് . അങ്ങനെ കേട്ടിട്ടുണ്ടാവുമല്ലോ .

ചെറുപ്പക്കാരന്‍ അന്തം വിട്ട് നില്‍ക്കുകയാണ് .
അവന്‍ അവളുടെ കണ്ണിലേക്ക് നോക്കി .
എന്നിട്ട് മുരടനക്കി .
ഞാന്‍ ഹൈദരലി .
യോഗ്യത ഏഴാം ക്ളാസ്സ്. ഇഷ്ടം കച്ചവടം .
അതും പറഞ്ഞ് നേരിയ പരിഹാസത്തിന്റെ
മേമ്പൊടി ചാലിച്ച് അവള്‍ക്ക് നേരെ അവന്‍ വാക്കുകള്‍ തുപ്പി .
”ഓണ്‍ലൈനിലാണോ അങ്ങുന്നിന്റെ ഫുഡ്?
എത്ര പണിക്കാരുണ്ട് മാഡത്തിന്റെ വീട്ടില്‍?”

പെട്ടെന്ന് കോലായില്‍ ഇരുള്‍ പരന്നു . നിശ്ശബ്ദത .

ഹൈദരലി വേഗം മുറ്റത്തേക്കിറങ്ങി . വാ പോവാം . ബ്രോക്കര്‍ ഹൈദരലിയുടെ കണ്ണിലെ കരിന്തിരി കണ്ടു .
മുറ്റത്തെ തെങ്ങിന്‍ ചോട്ടില്‍ നിന്നും പകലിന്റെ അവസാനത്തെ വെട്ടം ഒരു വട്ടം ചുറ്റിക്കറങ്ങി ആകാശത്തിന്റെ മാറിലമര്‍ന്നു .
അതോടെ പെണ്ണ് കാണല്‍ ചടങ്ങാവസാനിച്ചു .

രാത്രി മറിയാത്ത കുല്‍സുവിന്റെ മുറിയില്‍ ചെന്നു .
മോളെ .
ഒരു പൂവിന് എല്ലാ കാലവും സുഗന്ധം ചൊരിയാന്‍ കഴിയൂല്ല.
ഒരു പരിധി കഴിഞ്ഞാല്‍ വാടും .
വാടിയ പൂ ആരെങ്കിലും ചൂട്ഓ ?
ഒരു സമയം കഴിഞ്ഞാല്‍ പെണ്ണിന്റെ വളര്‍ച്ചയും താഴോട്ടാണ് മോളേ ?
പെണ്ണ് മുത്തിന് മാറണം. അല്ലാതെ ഉപ്പിനല്ല .
അവസാന കാലത്ത് ഒറ്റക്കാവുമ്പോ ആശ്വസിക്കാനും ആശ്വസിപ്പിക്കാനും കുറേ ഓര്‍മ്മകള്‍ കണ്ണിലുണ്ടാവണം .
ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ .
നരച്ചിട്ടാണോ നീയ് കുടുംബം തുടങ്ങുന്നത് ?

ഉമ്മാന്റെ കുടുംബ നിര്‍വചനം കേട്ടിട്ട് കുല്‍സുവിന് കുരു പൊട്ടി . ഒപ്പം അതിശയവും . ഓ ഉമ്മാക്ക് സൊര്‍ഗെല്ലെ ഇവിടെ , സൊര്‍ഗ്ഗം !

മോളേ ഒരു പെണ്ണിന് തിന്നാനും കുടിക്കാനുമപ്പുറത്ത് വേറെ ചിലതുണ്ട് . ഒരു കൈ . ബലിഷ്ഠമായ കൈ .
പെണ്ണിന് അതൊരു സ്വര്‍ഗീയമായ തലയണയാണ് .
അത് ആസ്വദിക്കുന്നവര്‍ക്കേ അനുഭൂതിയുണ്ടാവൂ.
അനുഭൂതിയാണ് ജീവനുള്ള ഓര്‍മകളാവുന്നത് . ആ ഓര്‍മകളാണ് ഏകാന്തതയെ അകറ്റിക്കളയുന്നത്.

ഉമ്മ നന്നായി സംസാരിക്കുന്നു .
കുല്‍സു ആശ്ചര്യപ്പെട്ടു . ഉമ്മാ…ഉമ്മ എത്ര വരെ പഠിച്ചു ? പഠിപ്പല്ല മോളേ ജീവിതം . പഠിപ്പ് പരീക്ഷക്കുള്ളതാണ്.
പ്രായോഗിക ബുദ്ധി .
അതാണ് മോളെ കടലാസിലില്ലാത്തത് .

മറിയാത്ത ക്‌ളോക്കിലേക്ക് കണ്ണിട്ടു . സമയം വൈകി .
തിരിച്ച് വരാത്ത രണ്ട് സംഗതികളേ ഉള്ളൂ മോളേ ഈ ലോകത്ത്.
സമയവും വയസ്സും .
അങ്ങനെ പിറുപിറുത്ത് മറിയാത്ത സ്വന്തം കിടപ്പറയിലെക്ക് പോയി വാതിലടച്ചു .

ഇനിയാണ് കഥ തുടങ്ങുന്നത് . വര്‍ഷങ്ങള്‍ക്കിപ്പുറം ബോട്ട് ജെട്ടിയില്‍ നിന്നും പുറപ്പെടുന്ന ആഡംബര ബോട്ടില്‍ യാത്ര ചെയ്യുകയായിരുന്നു നാല്പതോടടുത്ത ഒരു യുവാവ് .
ബോട്ട് ഓടിച്ച് കൊണ്ടിരുന്ന ആളെ യുവാവിന് പിടി കിട്ടി. പെട്ടന്ന് തന്നെ അയാളെ കാണാനായി യുവാവ് അങ്ങോട്ടേക്ക് നീങ്ങി .
ബോട്ട് കരക്കടുത്തു .
യുവാവ് അയാളോട് ചോദിച്ചു ; കുല്‍സുവിന്റെ വാപ്പയല്ലേ ?
ചോദ്യം കേട്ട് അയാള്‍ യുവാവിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി . ചുണ്ടിലുള്ള ബീഡിക്കുറ്റി പുഴയുടെ പരപ്പിലേക്ക് ഒറ്റ തുപ്പ് തുപ്പി.
ആ .. ഞാന്‍തന്നെ കുല്‍സൂന്റെ വാപ്പ .
മനസ്സിലായില്ല. എബിടെന്നാ ?

ഞാന്‍ കുറച്ച് ദൂരെ നിന്നാണ് . മോളിപ്പോള്‍ എവിടെയാണ് ?

മോള് ഒരു കമ്പനീലാ അങ്ങ് എറണാകുളത്ത് . മാസാമാസം വന്ന് പോവും .

എറണാകുളത്ത് ഏത് കമ്പനീലാ .

കുല്‍സുവിന്റെ വാപ്പ അയാളുടെ മടിക്കുത്തില്‍ നിന്നും ചെറിയ പഴ്‌സ് പുറത്തെടുത്ത് തപ്പി. മുഷിഞ്ഞ ഒരു വിസിറ്റിങ് കാര്‍ഡ് യുവാവിന് നേരെ നീട്ടി . ദാ . ഇതാ കമ്പനി .

യുവാവ് കാര്‍ഡ് തിരികെ നല്‍കിയിട്ട് അയാളോട് ചോദിച്ചു
മോളെ ഭര്‍ത്താവ് …?

പുഴയുടെ പരപ്പില്‍ നിന്നും ഒരു വലിയ മീന്‍ മേലോട്ട് തുള്ളി .
ആകാശം ഇരുണ്ടു .
കുല്‍സുവിന്റെ വാപ്പാന്റെ മുഖത്തും കാളിമ പരന്നു .
ഇല്ല മോനേ . മോള്‍ക്ക് അതിന് യോഗണ്ടായില്ല .
കാലം മാറീല്ലേ മോനേ . സ്വന്തം വാപ്പാക്ക് മക്കളെ ഇടയില്‍ വിലയില്ലാത്ത ഒരു കാലത്തല്ലേ നമ്മള് . മോള്‍ക്ക് ജോലി കിട്ടാന്‍ രണ്ട് കൊല്ലം കാത്തിരിക്കേണ്ടി വന്നു . വയസ്സ് പിന്നെയും മൂത്തു .
പോയ വയസ്സ് തിരിച്ച് വരൂല്ലാലോ .
വന്ന ആലോചനകളൊക്കെ ഒന്നുകില്‍ രണ്ടാം കെട്ട് അതല്ലെങ്കില്‍ ഭാര്യ മരിച്ചവര്‍ അതുമല്ലെങ്കില്‍ വയസ്സിന് ഏറെ മൂത്തോര് .
മണമില്ലാത്ത പൂവായിപ്പോയി ന്റെ മോള് . പണാണ്ടായിട്ടെന്താ ജീവിതെല്ലെങ്കില് .

ബോട്ടില്‍ നിറയെ യാത്രക്കാര്‍ .
ജീവിതം ജീവിച്ച് തീര്‍ക്കാനുള്ളതാണ്.പാഴാക്കാനുള്ളതല്ല .അനുഭവിച്ച് കണ്ണടക്കണം .
ഇങ്ങനെയൊക്കെ ജീവിതത്തെ നിര്‍വചിക്കാന്‍ തിരക്ക് കൂട്ടുകയാണ് കുറേ മനുഷ്യര്‍ . ഉല്ലാസ യാത്രയിലാണവര്‍ .

ബോട്ട് വീണ്ടും യാത്ര പുറപ്പെടുകയാണ് .
യുവാവ് യാത്ര തുടരാതെ കുല്‍സുവിന്റെ വാപ്പാക്ക് കൈ കൊടുത്ത് നടന്ന് നീങ്ങി .

കാലം സഞ്ചരിക്കുകയാണ്.പിന്നെയും വര്‍ഷങ്ങള്‍ കടന്ന് പോയി .
ഒരു ദിവസം കുല്‍സുവിന്റെ ഫോണ്‍ ശബ്ദിച്ചു .
ഫോണ്‍ ചെവിയോട് ചേര്‍ത്ത് വെച്ചിട്ട് കുല്‍സു നേര്‍ത്ത ശബ്ദത്തില്‍ ചുണ്ടനക്കി . മോര്‍ണിംഗ് സര്‍

മോര്‍ണിംഗ് .
ഒരു കാര്യം പറയാനുണ്ട് . ഇവിടം വരെ വരൂ .
ജനറല്‍ മാനേജറാണ് ഫോണിന്റെ അങ്ങേത്തലക്കല്‍ .

കുല്‍സു ഇരിപ്പിടത്തില്‍ നിന്നും എഴുനേറ്റ് വേഗം കാബിനില്‍ ചെന്നു .
എന്താ സാര്‍ ..

തന്നെ ബോസിന് കാണണമെന്ന് പറഞ്ഞു .
നീ എന്തെങ്കിലും ഒപ്പിച്ചോ ?ഓഫീസിലുണ്ട് .
വിട്ടോ .

കുല്‍സു ഇത് വരെ ബോസിനെ നേരില്‍ കണ്ടിട്ടില്ല . എപ്പോഴും ബോസ് പുറത്തായിരിക്കും .എന്തിനാണാവോ കാണാന്‍ പറഞ്ഞത് .
കുല്‍സു ഓഫീസിലെ ഹാഫ് ഡോര്‍ പതിയെ തുറന്നു.

സാര്‍ വിളിച്ചു എന്ന് പറഞ്ഞു .

ഇരിക്കൂ .

കുല്‍സു നില്‍ക്കുകയാണ് .

ഇരിക്കൂന്നെ .

കുല്‍സു ഇരുന്നു .

എത്രയായി ഇവിടെ ?

രണ്ട് വര്‍ഷം സാര്‍ .

കുല്‍സുവിന് വിയര്‍ക്കുന്നു .
ശബ്ദം ക്ഷീണിച്ചു പോയി .
കുല്‍സുവിന്റെ ഒട്ടിയ കവിളും
ക്ഷീണിച്ച കണ്ണുകളും കണ്ട് ബോസ് എന്തോ പറയാനാഞ്ഞെങ്കിലുംഒന്നും പറഞ്ഞില്ല .
നേര്‍ത്ത ഒരു മൂകത ഓഫിസ് മുറിയില്‍ പരന്നു .

വിളിപ്പിച്ചത് …..ഞാന്‍ തന്റെ വാപ്പാനെ കണ്ടിരുന്നു . ഉമ്മ ഒറ്റക്കാണെന്ന് അറിഞ്ഞു . രണ്ടാള്‍ക്കും വയസ്സായില്ലേ . അവരെ ഇങ്ങോട്ട് കൂട്ടിക്കോളൂ .

സാര്‍ ….

താമസത്തിനൊക്കെ ഏര്‍പ്പാടാക്കുന്നുണ്ട്.
കമ്പനി വക ഫ്‌ളാറ്റ് ആണ് . ന്താ അങ്ങനെ ചെയ്യാം . ല്ലേ .

അപ്പോഴാണ് ബോസിന്റെ ഫോണ്‍ കരഞ്ഞത് . ബോസ് എഴുനേറ്റു ഹാഫ് ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങാന്‍ നേരം തിരിഞ്ഞ് കുല്‍സുവിനോട് പറഞ്ഞു …
കുല്‍സു പൊയ്‌ക്കോളൂ .

കുല്‍സു തിരികെ സ്വന്തം ഇരിപ്പിടത്തില്‍ ചെന്നിരുന്ന് തൂവാല കൊണ്ട് മുഖം ഒപ്പി .
അപ്പോഴുണ്ട് ജനറല്‍ മാനേജര്‍ മുമ്പില്‍ നില്‍ക്കുന്നു .
പ്രൊമോഷനും അക്കമഡേഷനും .
ഇരട്ടി മധുരം . ല്ലേ .
കണ്‍ഗ്രാജ് …
ഇതാ താക്കോല്‍ .
വലത് കാലെടുത്ത് കയറിക്കോളൂ .

ശരിക്കും ആരാ ബോസ് . ബോസ് എന്നല്ലാതെ പേരറിയില്ല . കുല്‍സു ജനറല്‍ മാനേജരുടെ മുഖത്തേക്ക് നോക്കിക്കൊണ്ടിരിക്കയാണ് . സര്‍ .

എന്താ …
വിശ്വാസമായില്ലേ ?

അതല്ല സര്‍ .
ബോസിന്റെ പേര് ?

ജനറല്‍ മാനേജര്‍ ഊറിചിരിച്ചു കൊണ്ട് കുല്‍സുവിന്റെ നെറ്റിയിലെ ചുളിവിലേക്ക് കണ്ണിട്ട് കൊണ്ട് പറഞ്ഞു ;
കഴിഞ്ഞാഴ്ചത്തെ പത്രത്തില്‍ ഒരു ഫീച്ചര്‍ ഉണ്ടായിരുന്നു.
വായിച്ചില്ല അല്ലേ ?
വെറും ഏഴാം ക്ളാസ്സുകാരന്റെ നൂറ് കോടി ടേണ്‍ ഓവറിന്റെ നാള്‍വഴികള്‍ .പറഞ്ഞ് കൊണ്ടിരിക്കെ മാനേജരുടെ മൊബൈല്‍ ശബ്ദിച്ചു . ഉടനെ ലൈനില്‍ കയറി .
സാര്‍ . ശരി സാര്‍ .
സമയം പാഴാക്കാതെ മാനേജര്‍ ലിഫ്റ്റ് കയറി പോവുകയും ചെയ്തു .

പുറത്ത് കമ്പനിയുടെ
സൈറണ്‍ മുഴങ്ങി .

കുല്‍സു എഴുന്നേറ്റു.

മഴ ചാറുന്നുണ്ട് .
കുല്‍സു പുറത്തെ
ഗേറ്റില്‍ എത്തിയ നേരം സെകുരിറ്റിക്കാരന്‍ ഓടി വരുന്നു .
കുല്‍സു ചോദിച്ചു
ബോസ് പോയോ ?

പോയി . അപ്രതീക്ഷിതമായ വരവ് .
തങ്കം പോലത്തെ മനുഷ്യനാ നമ്മുടെ ബോസ് . വരുമ്പോഴൊക്കെ എന്തെങ്കിലും എനിക്ക് തരും .
ഇതാ … ബോസിന്റെ സമ്മാനം . ഒരു ഷര്‍ട്ട് .
അത് നിവര്‍ത്തിയിട്ട് കുല്‍സുവിനോട് ചോദിച്ചു ; എങ്ങനേണ്ട് ?

അവന്റെ ഒരു സന്തോഷം ! പിന്നേയ്
ബോസിന്റെ പേരെന്താ ?
സെകുരിറ്റിക്കാരന്‍ പറഞ്ഞു ; പേര് ബോസ്സ് . അത്രയേ എനിക്കറിഞ്ഞൂടൂ .
മക്കളും ഭാര്യയും എവിടാ ?

ഭാര്യ മരിച്ച് പോയി .
രണ്ട് മക്കളുണ്ട് . മരിച്ച ദിവസം കമ്പനി ലീവെനും . അതാ എന്റെ ഒരോര്‍മ .

അതിന് ശേഷം കല്യാണം കഴിച്ചിട്ടില്ലേ ?

അറിഞ്ഞൂട . ഒറ്റക്കാണെന്നാ കേട്ടത് .

പറഞ്ഞ് കൊണ്ടിരിക്കെ
കുല്‍സുവിന്റെ വണ്ടി എത്തിക്കഴിഞ്ഞു . അവള്‍
അതില്‍ കയറി .

വേര്‍പിരിഞ്ഞ് പോയ ഇണക്കിളിയുടെ ഓര്‍മകളില്‍ ജീവിച്ച് ആയുസ്സ് ഒടുങ്ങണമെന്ന തീരുമാനം കൊണ്ടായിരിക്കുമോ
ബോസ് ഒറ്റക്കായി കഴിയുന്നത് ?

കുല്‍സു സ്വന്തം ഉമ്മാന്റെ മുഖം മനസ്സിന്റെ കണ്ണാടിയില്‍ ഒരു നിമിഷം ദര്‍ശിച്ചു .
ഒറ്റക്കാവുമ്പോള്‍ ആശ്വസിക്കാനും ആശ്വസിപ്പിക്കാനും മരിക്കാത്ത കുറേ ഓര്‍മ്മകള്‍ സ്വന്തമാക്കണമെന്ന ആ വാക്കുകള്‍ കുല്‍സുവിന്റെ ചെവിയില്‍ ഇപ്പോഴും പ്രതിധ്വനിക്കുന്നു .
തനിക്കങ്ങനെ താലോലിക്കാന്‍ ഒന്നും ചേര്‍ത്ത് വെച്ചിട്ടില്ല .

കൈയിലുള്ള താക്കോലിലേക്ക് കുല്‍സു ദൃഷ്ടി പായിച്ചു .
മനോഹരമായ കീ ചെയിനില്‍ താക്കോല്‍ ആടുകയാണ് .
ചാരമായിപ്പോയ കിനാവുകളില്‍ നിന്നും ഒരു പക്ഷി
പുനര്‍ജനിക്കുന്നുണ്ടോ ? ഉണ്ട് .
കുല്‍സു പുറം കണ്ണിന്റെ ജാലകം അടച്ച് അകം കണ്ണിന്റെ പോള തുറന്നിട്ടു .
ചിന്ത കടിഞ്ഞാണ്‍ പൊട്ടിച്ച് ഓടുകയാണ്.
ശരിക്കും ബോസ്സ് ആരാണ് ?

വണ്ടി ഹോസ്റ്റലിന്റെ മുമ്പില്‍ നിന്നു .
കുല്‍സു ഇറങ്ങി .
തനിക്ക് അനുവദിച്ച ഫ്‌ലാറ്റിന്റെ താക്കോല്‍ പിന്നെയും അവളുടെ കൈയില്‍ കിടന്ന് ആടുന്നു , ഒരു തൊട്ടിലിലെന്നപോലെ .
വാപ്പയെയും ഉമ്മയെയും വിളിക്കണം . എന്നിട്ട് മതി വലത് കാലെടുത്ത് വെച്ച് അതില്‍ കയറാന്‍ . ചക്രവാളം സിന്ദൂരം ചാര്‍ത്തി ഒരുങ്ങി നില്‍ക്കുകയാണ് ആരെയോ പ്രതീക്ഷിച്ച് . ആരെയാണ് ?
കാത്തിരിക്കാന്‍ വകയുണ്ട് .
തനിക്കോ ?

കുല്‍സു വല്ലാതെ ചിന്തിക്കുന്നു .
കണ്ണില്‍ സ്വന്തം ഉമ്മ.
ഉമ്മാ ….
കുല്‍സു മുറിയില്‍ കയറി കട്ടിലില്‍ ചെന്നിരുന്നു .
ഇരുട്ട് പടി കയറി വരുന്നു .

ഉസ്മാന്‍ ഒഞ്ചിയം ഒരിയാന

ചെറുകഥ

 

Share

Leave a Reply

Your email address will not be published. Required fields are marked *