സ്റ്റോക്കോം: 2025ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ട് 3 ശാസ്ത്രജ്ഞര്‍. മേരി ഇ.ബ്രോങ്കോവ്, ഫ്രെഡ് റാംസ്ഡെല് , ഷിമോണ്‍ സഗാഗുച്ചി എന്നിവര്‍ക്കാണ് നൊബേല്‍ ലഭിച്ചത്. രോഗപ്രതിരോധ സംവിധാനം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍. ശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ സംവിധാനം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്, അല്ലെങ്കില്‍ അത് നമ്മുടെ സ്വന്തം അവയവങ്ങളെ ആക്രമിച്ചേക്കാം.
രോഗപ്രതിരോധ സംവിധാനത്തെ തടയുന്ന പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്സ്സംബന്ധിച്ച കണ്ടെത്തലുകള്‍ക്കാണ് മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെല്, ഷിമോണ്‍ സകാഗുചി എന്നിവര്‍ പുരസ്കാരത്തിന് അര്‍ഹമായത്.
ശരീരത്തില്‍ കടന്നുകൂടുന്ന വ്യത്യസ്ത സൂക്ഷ്മാണുക്കളില്‍നിന്ന് പ്രതിരോധ സംവിധാനമാണ് നമ്മെ സംരക്ഷിക്കുന്നത്. ഇവയ്ക്കെല്ലാം വ്യത്യസ്ത രൂപങ്ങളാണുള്ളത്, കൂടാതെ പലതും ഒളിച്ചിരിക്കാനായി മനുഷ്യകോശങ്ങളുമായി സാമ്യം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആയതിനാല്‍ എന്തിനെ ആക്രമിക്കണം, എന്തിനെ സംരക്ഷിക്കണം എന്ന് പ്രതിരോധ സംവിധാനം എങ്ങനെയാണ് തിരിച്ചറിയുന്നത് എന്നാണ് സംഘം പഠിച്ചത്.
പ്രതിരോധ സംവിധാനത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്ന് വിളിക്കാവുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഈ കോശങ്ങളാണ് നമ്മുടെ ശരീരത്തെ ആക്രമിക്കുന്നതില്‍നിന്ന് പ്രതിരോധ കോശങ്ങളെ തടയുന്നത്. ”പ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു, എന്തുകൊണ്ടാണു ഗുരുതരമായ ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍ വരാത്തത് എന്നതിനെക്കുറിച്ചുള്ള നമ്മുടെ ധാരണയ്ക്ക് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമായി” നൊബേല്‍ കമ്മിറ്റി ചെയര്മാന് ഓലെ കേംപെ പറഞ്ഞു.
