ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ ജിഎസ്ടി നിരക്ക് രാജ്യത്ത് ഇന്ന് മുതല്‍ പ്രാബല്യത്തിലായി. ജിഎസ്ടി നിരക്ക് കുറഞ്ഞതോടെ സാധനങ്ങളുടെ വിലക്കുറവിന്റെ ഗുണം നേരിട്ട് ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ജിഎസ്ടി കുറഞ്ഞത് നികുതി ഘടനയെ കൂടുതല്‍ ലളിതമാക്കുന്നതോടൊപ്പം സാധാരണക്കാര്‍ക്ക് അവശ്യസാധനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാവുകയും ചെയ്യും. നിത്യോപയോഗ സാധനങ്ങള്‍ക്ക് മാത്രമല്ല ജീവന്‍രക്ഷാ മരുന്നുകള്‍ക്കും വില കുറയും. കാന്‍സര്‍, ഹീമോഫീലിയ, സ്പൈനല്‍ മസ്കുലര്‍ അട്രോഫി, മാരക ശ്വാസകോശ രോഗങ്ങള്‍ എന്നിവക്കടക്കമുള്ള 36 മരുന്നുകളുടെമേല്‍ ചുമത്തിയിരുന്ന ജി.എസ്.ടിയാണ് പൂര്‍ണമായി ഇല്ലാതായത്. രക്ത സമ്മര്‍ദം, കൊളസ്ട്രോള്‍, നാഡി ഞരമ്പ് രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്കും വില കുറയും. ബി.പി അപ്പാരറ്റസ്, ഗ്ലൂക്കോമീറ്റര്‍ തുടങ്ങിയവക്കും വില കുറയും. കരളിലെ കാന്‍സറിനുള്ള ഒന്നേകാല്‍ ലക്ഷത്തോളം വില വരുന്ന അലക്റ്റിനിബ് ഗുളികയ്ക്ക് 15,000രൂപ വരെ വില കുറയും. ഹീമോഫീലിയ രോഗികള്‍ക്കുള്ള , മൂന്ന് ലക്ഷത്തോളം രൂപ വില വരുന്ന എമിസിസുമാബ് ഇന്ജക്ഷന് 35,000 രൂപ വരെ വില കുറയും. എന്നാല്‍ ഇന്‍സുലിന്‍ മരുന്നുകള്‍ക്ക് വില കുറയില്ല. ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗമാണ് ഈ മാറ്റങ്ങള്‍ക്ക് അംഗീകാരം നല്‍കിയത്.
