75 ലധികം സീറ്റും നീന്തല്‍കുളംവും; ലോകത്തിലെ ഏറ്റവും വലിയ കാറില്‍ വേറേയുമുണ്ട് അത്ഭുതങ്ങള്‍
വാഷിങ്ടണ്‍: നീന്തല്‍ക്കുളവും ഹെലിപാഡും ഗോള്‍ഫ് കോഴ്സുമെല്ലാമുള്ള ഒരു കാര്‍. 75 സീറ്റ്, വിവാഹമടക്കമുള്ള പാര്‍ട്ടികള്‍ നടത്താനുള്ള സൗകര്യം. ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറായ ‘ദി അമേരിക്കന്‍ ഡ്രീം’ കാറിന്റെ പ്രത്യേകതകളില്‍ ഏതാനും ചിലത് മാത്രമാണിത്.
100 അടിയും 1.5 ഇഞ്ച് നീളവുമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ കാറാണ് ‘അമേരിക്കന്‍ ഡ്രീം’. 1986 ല്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള പ്രശസ്ത കസ്റ്റം കാര്‍ ഡിസൈനറായ ജെയ് ഓര്‍ബര്‍ഗ് ആണ് ഇത് ആദ്യം നിര്‍മ്മിച്ചത്. തുടക്കത്തില്‍, കാറിന് 60 അടി നീളമുണ്ടായിരുന്നു.പിന്നീടാണ് 100 അടിയിലേക്ക് കാറിന്റെ നീളം വികസിപ്പിച്ചത്. ഇതോടെ ലോകത്തെ ഏറ്റവും നീളം കൂടിയ കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ‘അമേരിക്കന്‍ ഡ്രീം ‘സ്വന്തം പേരിലാക്കി.
26 ചക്രങ്ങളാണ് ഇതിനുള്ളത്. മുന്നിലും പിന്നിലുമായി രണ്ട് ്8 എഞ്ചിനുകള്‍, ഒരു നീന്തല്‍ക്കുളം, ഡൈവിംഗ് ബോര്‍ഡ്, വാട്ടര്‍ബെഡ്, ബാത്ത് ടബ്, മിനി-ഗോള്‍ഫ് കോഴ്‌സ്, ഒരു ഹെലിപാഡ് എന്നിവയും ഈ ഭീമന്‍ കാറിലൊരുക്കിയിട്ടുണ്ട്.പേരിനൊരു ഹെലിപാഡാണ് ഒരുക്കിയതെന്ന് കരുതിയതെങ്കില്‍ തെറ്റി. 5,000 പൗണ്ട് ഭാരം വഹിക്കാന്‍ കഴിയുന്ന ഹെലിപാഡാണ് ഇതില്‍ ഒരുക്കിയിരിക്കുന്നത്.
ഒരേ സമയം 75ലധികം യാത്രക്കാര്‍ക്ക് ഇരിക്കാന്‍ കഴിയും. വിവാഹങ്ങളോ,മറ്റ് ആഘോഷങ്ങളുടെ പാര്‍ട്ടികള്‍ക്കോ അനുയോജ്യമായ രീതിയിലാണ് സീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്. കാറിന്റെ കാബിനില്‍ ടെലിവിഷന്‍ സെറ്റുകള്‍,റഫ്രിജറേറ്റര്‍, ടെലിഫോണ്‍ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. നിലവില്‍ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള ഡെസര്‍ലാന്‍ഡ് പാര്‍ക്ക് കാര്‍ മ്യൂസിയത്തിലാണ് ലോകത്തിലെ ഏറ്റവും നീളമേറിയ കാറുള്ളത്. കാര്‍ മ്യൂസിയത്തിന്റെ ഉടമയായ മൈക്കല്‍ ഡെസര്‍ ആണ് ‘ദി അമേരിക്കന്‍ ഡ്രീമിന്റെ’ ഇപ്പോഴുള്ള നിലയിലേക്ക് മാറ്റിയെടുത്തത്.. രണ്ടര വര്‍ഷം കൊണ്ട് ഏകദേശം 250,000 യുഎസ് ഡോളര്‍ ചിലവാക്കിയതാണ് ഈ കാണുന്ന രീതിയിലേക്ക് കാര്‍ നിര്‍മിച്ചെടുത്തത്.
