കോഴിക്കോട്: മാതൃഭാഷയുടെ നിലനില്‍പ്പിനും, പ്രാദേശിക വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കിയും സേവനം നടത്തിക്കൊണ്ടിരിക്കുന്ന ചെറുകിട മാധ്യമങ്ങളോട് പൊതുമേഖലാ ബാങ്കുകള്‍, പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ഓര്ഗനൈസേഷന് ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്സ് സൊസൈറ്റി കേന്ദ്ര കമ്മറ്റിയോഗം ആവശ്യപ്പെട്ടു. ഓണം ഉള്‍പ്പെടെയുള്ള ഫെസ്റ്റിവെല്‍ സീസണില്‍ ചെറുകിട മാധ്യമങ്ങളെ തീര്‍ത്തും അവഗണിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. വായന മരിക്കുന്നു, മാധ്യമ രംഗം തകരുന്നു എന്ന് വിലപിച്ചതുകൊണ്ട് കാര്യമില്ലെന്നും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ സംരക്ഷിക്കേണ്ടത്, രാജ്യത്തെ ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമാണെന്നും യോഗം ഓര്‍മ്മിപ്പിച്ചു.
ചെറുകിട മാധ്യമങ്ങളെ അവഗണിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ പൊതു സമൂഹത്തിന്റെ മുന്പില് തുറന്നുകാട്ടുമെന്ന് യോഗം മുന്നറിയിപ്പ് നല്കി. ഒ.എസ്.എന്‍.എസ് മുഖ്യരക്ഷാധികാരിയും പീപ്പിള്‍സ് റിവ്യൂ പത്രാധിപരുമായ പി.ടി.നിസാര്‍ യോഗം ഉദ്ഘാടനം ചെയ്തു.ഒ.എസ്.എന്‍.എസ് പ്രസിഡന്റ് രാമദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു.നിസാര്‍ ഒളവണ്ണ, ശ്രീകലാ വിജയന്, സുരേന്ദ്രന് വടകര, പുരുഷു കക്കോടി, ആര്.കെ.ഇരവില്‍,ഒ.വി.വിജയന്, ബഷീര്‍ അത്തോളി, ശശി കക്കോടി എന്നിവര്‍ പ്രസംഗിച്ചു.
