
കെ.എഫ്.ജോര്‍ജ്
2002 ജനുവരി, മലാപ്പറമ്പിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല. ഇതിനായി അക്വയര്‍ ചെയ്ത സ്ഥലം ഒഴിഞ്ഞുകിടപ്പുണ്ട്. ഒരു ദിവസം അവിടെ നിന്ന് വളരെ ശക്തിയുള്ള ഡീസല്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന ശബ്ദം കേട്ടു തുടങ്ങി. കുറച്ചു കഴിഞ്ഞ് ടാര്‍ ചൂടായതിന്റെ രൂക്ഷ ഗന്ധവും ഉയര്‍ന്നു. വീടിന്റെ ടെറസിലും മുറ്റത്തുമെല്ലാം ടാറും മണലും ചേര്‍ന്ന പൊടി വീണു തുടങ്ങി.
എന്റെ വീട്ടില്‍ നിന്നു കാണാവുന്ന സ്ഥലത്തു നിന്നാണ് ശബ്ദം വരുന്നത്. എന്താണ് സംഭവമെന്ന് അറിയാന്‍വേണ്ടി അയല്‍ക്കാരായ കരിപ്പാപ്പറമ്പില്‍ ഡൊമനിക്ക് സെബാസ്റ്റ്യന്‍, ഇ.വി.വേലായുധന്, കൈനടി ബേബിച്ചന് എന്നിവരെയും കൂട്ടി അവിടെ ചെന്നു. അപ്പോഴാണ് ഒരു ടാര്‍ മിക്സിങ് പ്ലാന്റ് അവിടെ സ്ഥാപിച്ചതായി മനസ്സിലാകുന്നത്. മലപ്പുറം ജില്ലയിലെ റോഡു നിര്‍മ്മാണത്തിനായി ഇവിടെ ടാര്‍ മിശ്രിതം തയ്യാറാക്കി ലോറികളില്‍ കടത്തിക്കൊണ്ടു പോവുകയാണ്.
വലിയ ശബ്ദ ശല്യവും അന്തരീക്ഷ മലിനീകരണവുമുണ്ടാകുമെന്നതിനാല് ഇത്തരം പ്ലാന്റുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് അകലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ സ്ഥാപിക്കണമെന്നാണ് നിയമം. ഇതിനുള്ള ട്രാന്‍സ്പോര്‍ട്ടിങ് ചെലവു കൂടി ഉള്‍പ്പെടുത്തിയാണ് ടെന്‍ഡര്‍ നല്‍കുന്നത്.
ട്രാന്‍സ്പോര്‍ട്ടിങ് ചെലവ് കുറച്ച് ലാഭത്തിനു വേണ്ടിയാണ് ദേശീയ പാതയ്ക്ക് അക്വയര്‍ ചെയ്ത സ്ഥലത്ത് കരാറുകാരന് പ്ലാന്റ് സ്ഥാപിച്ചത്. പക്ഷേ തൊട്ടടുത്ത് മുഴുവന്‍ വീടുകളാണെന്ന കാര്യം ബന്ധപ്പെട്ടവര്‍ ശ്രദ്ധിച്ചില്ല. ഗവ.വനിതാ പോളിടെക്നിക്ക്, വേദവ്യാസ വിദ്യാലയം, ക്രിസ്തുരാജ എല്‍.പി.സ്കൂള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇവിടെ നിന്നുള്ള ശബ്ദവും മലിനീകരണവുമെത്തി.
ജനവാസ കേന്ദ്രത്തില്‍ നിന്നു പ്ലാന്റ് മാറ്റണമെന്ന് കരാറുകാരനോട് അഭ്യര്‍ത്ഥിച്ചുവെങ്കിലും ഒഴിഞ്ഞുമാറുന്ന തരം മറുപടികളാണ് ലഭിച്ചത്. അന്ന് ഞങ്ങള്‍ക്ക് ‘മാനസ’ (മലാപ്പറമ്പ് നോര്‍ത്ത് ഏരിയ സോഷ്യോ കള്‍ച്ചറല്‍ അസോസിയേഷന്) എന്ന പേരില്‍ ഒരു സംഘടനയുണ്ട്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പൊതു പ്രശ്നങ്ങളില്‍ ഇടപെടുകയുമാണ് മാനസയുടെ ലക്ഷ്യം. മുന്‍ കോര്പ്പറേഷന് കൗണ്‍സിലറും ഊര്‍ജ്ജസ്വലനായ സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന ഇ.വി.വേലായുധനായിരുന്നു പ്രസിഡന്റ്.
ടാര്‍ മിക്സിങ് പ്ലാന്റു കൊണ്ടുള്ള മലിനീകരണ പ്രശ്നങ്ങള്‍ വിവരിച്ച് വേങ്ങേരി വില്ലേജ് ഓഫീസര്‍ക്ക് മാനസ നിവേദനം നല്കി. അതില്‍ നാട്ടുകാരും ഈ പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപന അധികൃതരും ഒപ്പിട്ടിരുന്നു. വില്ലേജ് ഓഫീസര്‍ അന്വേഷിച്ച് ഈ പ്ലാന്റ് മലിനീകരണമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട് കൊടുത്തു. നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും പ്ലാന്റ് പൂട്ടണമെന്ന് നിര്‍ദ്ദേശിച്ചു.
എന്നിട്ടും പ്ലാന്റ് പ്രവര്‍ത്തനം തുടര്‍ന്നു. എല്ലാ പത്രങ്ങളിലും ചാനലുകളിലും മലാപ്പറമ്പിലെ അന്തരീക്ഷ മലിനീകരണം വലിയ വാര്‍ത്തയായി. പക്ഷേ പ്ലാന്റില്‍ നിന്നുള്ള പുകയും പൊടിയും കാതടപ്പിക്കുന്ന ഘോരശബ്ദവും തുടര്‍ന്നു. അതിനിടെ പ്ലാന്റിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇങ്ങനെ കൊടുക്കരുതെന്നും എന്താണെന്നുവെച്ചാല്‍ ചെയ്യാമെന്ന ഓഫറുകളുമായി പലരുമെത്തി. ഒരു ഓഫറും വേണ്ട, നാട്ടുകാര്‍ക്ക് ശബ്ദവും പുകയും പൊടിയുമില്ലാതെ കഴിയാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നു മാത്രമാണ് ‘മാനസ’ ആവശ്യപ്പെടുന്നതെന്ന മറുപടി കൊടുത്തു.
ഇക്കാര്യത്തില്‍ മലനീകരണ നിയന്ത്രണ ബോര്‍ഡും വില്ലേജ് ഓഫീസറും നല്കിയ രേഖകള്‍ ചേര്‍ത്ത് ആര്.ഡി.ഒ പി.ബാലന് ‘മാനസ’ നിവേദനം നല്കി. വിശദമായ അന്വേഷണത്തിനു ശേഷം നിയമം ലംഘിച്ചു കൊണ്ടും ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തിലും മലിനീകരണമുണ്ടാക്കുന്ന പ്ലാന്റ് പൂട്ടാന്‍ 22-01-2002ന് ആര്.ഡി.ഒ. ‘സ്റ്റോപ്പ് മെമ്മോ’ നല്കി.
അതിനിടെ ഞങ്ങള്‍ കുറച്ചുപേര്‍ പ്ലാന്റിനെതിരെ പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ചിലര്‍ ഹൈക്കോടതിയിലെത്തിയിരുന്നു. 23-01-2002ല്‍ എനിക്കും ഇ.വി.വേലായുധന്, ഡൊമനിക്ക് സെബാസ്റ്റിയന് എന്നിവര്‍ക്കും ഹൈക്കോടതിയില്‍ നിന്നു സമന്‍സെത്തി. 28-01-2002ല്‍ ഹൈക്കോടതിയില്‍ ഹാജരാകണമെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. സമന്‍സ് എത്തുന്നതിനു മുമ്പ് ആര്.ഡി.ഒ സ്റ്റോപ്പ് മെമ്മോ നല്കിയിരുന്നതിനാല് കരാറുകാര്‍ പിന്നീട് പ്ലാന്റുമായി മുന്നോട്ടു പോയില്ല. അവര്‍ പ്ലാന്റ് പൂട്ടാന്‍ തയ്യാറായി. നാടു രക്ഷപ്പെട്ടു.ഭരണ നേതൃത്വവും ബ്യൂറോക്രസിയും സ്വാധീനമുള്ള ധനിക വര്‍ഗവും തമ്മിലുള്ള അവിശുദ്ധ ബന്ധം എത്ര ആഴത്തിലുള്ളതാണെന്ന് ഒരു മാസം നീണ്ടു നിന്ന ഈ പോരാട്ടം ഞങ്ങളെ ബോധ്യപ്പെടുത്തി. പ്ലാന്റിനെതിരെ പ്രവര്‍ത്തിച്ച് നാടിന്റെ വികസനം എന്തിനു തടസപ്പെടുത്തുന്നുവെന്നു ചോദിച്ച മന്ത്രിയും ജില്ലാ കലക്ടറും ചില ഉയര്‍ന്ന രാഷ്ട്രീയ നേതാക്കളും ഫോണ്‍ ചെയ്തു. ഇവിടെ വന്നു കാണുക, ചുറ്റും വീടുകളുള്ള സ്ഥലത്ത് സ്ഥാപിച്ച ഈ പ്ലാന്റ് നിങ്ങളുടെ വീടിനടുത്തായിരുന്നുവെങ്കില് എന്തായിരിക്കും അനുഭവം എന്നു മനസിലാകുമെന്നായിരുന്നു എന്റെ മറുപടി.
സാധാരണക്കാരുടെ ജീവിതം ആര് ഗൗനിക്കുന്നു? അവര്‍ക്ക് വേണ്ടി ഇറങ്ങിയാല്‍ സമ്മര്‍ദ്ദവും ഓഫറുകളും കേസും ഭീഷണിയുമെല്ലാം പിന്നാലെയെത്തും.. ഇതെല്ലാം ഞങ്ങള്‍ക്കുമുണ്ടായി. ആര്.ഡി.ഒ പി.ബാലന്റെ സമയോചിതവും ധീരവുമായ ഇടപെടലാണ് ഞങ്ങളുടെ പോരാട്ടത്തെ വിജയത്തിലെത്തിച്ചത്.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര് മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)

