കോഴിക്കോട് നഗരത്തിലെ മത്സ്യ – മാംസ സെന്‍ട്രല്‍ മാര്‍ക്കറ്റ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയിലുള്‍പ്പെടുത്തി 55 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ കോര്പ്പറേഷന് ഒരുങ്ങുകയാണ്. ഈ ഘട്ടത്തിലാണ് ഒരു വിഭാഗം, സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ സംയുക്ത ട്രേഡ് യൂണിയനുകളുടെ സംയുക്ത സമിതി എടുത്തിട്ടുള്ള നിലപാട് മാതൃകാപരമാണ്. ഇപ്പോള്‍ നിലവില്‍ അവിടെ നിയമാനുസൃതം കച്ചവടം ചെയ്യുന്ന എല്ലാവരെയും പുതിയ മാര്‍ക്കറ്റ് വരുമ്പോള്‍ പുനരധിവസിപ്പിക്കുമെന്ന് കോര്പ്പറേഷന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും, അത് സംബന്ധിച്ച് ഉറപ്പ് വ്യാപാരികള്‍ക്കും, ട്രേഡ് യൂണിയനുകള്‍ക്കും, കച്ചവടക്കാര്‍ക്കും നല്‍കിയിട്ടുണ്ട്. മാത്രവുമല്ല നിര്‍മ്മിക്കാനുദ്ദേശിക്കുന്ന മാര്‍ക്കറ്റിന്റെ പ്ലാനും, കച്ചവടക്കാര്‍ക്ക് ലഭ്യമാവുന്ന സൗകര്യങ്ങളും വിവിധ ഘട്ടങ്ങളിലായി ബന്ധപ്പെട്ട എല്ലാവരോടും ചര്‍ച്ച ചെയ്തിട്ടാണ് പ്രൊജക്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്നിരിക്കെ, കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് യഥാസമയം ഉപയോഗിക്കാതിരുന്നാല്‍ നഷ്ടപ്പെടുമെന്ന ഭീതിയും നിലനില്‍ക്കുന്ന ഘട്ടത്തില്‍ കച്ചവടക്കാരുടെ എല്ലാ ആശങ്കകളും കൂട്ടായി ചര്‍ച്ച ചെയ്ത് സെന്‍ട്രല്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കേണ്ടത്.
മത്സ്യ – മാംസ മാര്‍ക്കറ്റ് കാലോചിതമായി നവീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഓരോ കാലത്തിന്റെയും മാറ്റം ഉള്‍ക്കൊണ്ട്, പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചില്ലെങ്കില്‍ നാം പിന്തള്ളപ്പെട്ടുപോകുമെന്നും, നാടിന്റെ നവീകരണമാണ് പുറകോട്ടടിപ്പിക്കപ്പെടുന്നതെന്നും എല്ലാവരും തിരിച്ചറിയണം. നമ്മുടെ നാട്ടില്‍ ഏത് പദ്ധതികള്‍ വന്നാലും എതിര്‍ക്കുക എന്ന മനോഭാവം ചിലര്‍ക്കുണ്ട്. അവര്‍ പിന്നാമ്പുറത്ത് നിന്ന് പദ്ധതികളുടെ ഗുണഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് തടസ്സ വാദങ്ങള്‍ ഉന്നയിക്കപ്പെടുന്നതിന്റെ കാരണം. 1964 ലാണ് ജപ്പാനില്‍ ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാവുന്നത്. 2025 ആയിട്ടും കേരളത്തിലെ റെയില്‍ നവീകരണം എന്ന ആശയം മുന്നോട്ട് വെക്കുമ്പോള്‍ അതിനെയും തുരങ്കം വെക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് കാണാവുന്നതാണ്.
ടെക്നോളജി ജീവിതത്തിന്റെ സമസ്ത മേഖലയിലും ഭാഗമാകുന്ന ഇക്കാലത്ത്, പുതു തലമുറ ഇത്തരം വിദ്യാഭ്യാസം കൈവരിക്കുകയും ചെയ്യുമ്പോള്‍ മാറ്റം ഉള്‍ക്കൊള്ളാന്‍ നാമെല്ലാം തയ്യാറാവണം. വന്‍കിട പ്രൊജക്ടുകള്‍ നാടിനും, പ്രകൃതിക്കും ഗുണപ്രദമായി നടപ്പിലാക്കപ്പെടേണ്ടത് തന്നെയാണ്. നിലവിലുള്ള സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സൗകര്യങ്ങളുടെ അപര്യാപ്തത ഉണ്ട്. ഇത് പരിഗണിച്ച് മികച്ച മാര്‍ക്കറ്റുണ്ടാക്കുകയും, ആധുനിക വ്യാപാര തന്ത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവ മേഖലകള്‍ മത്സ്യ-മാംസ വിപണന മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കണം.
കോഴിക്കോട് വലിയ സാധ്യതകളുള്ള നഗരമാണ്. വ്യാപാരത്തിന്റെയും, ടൂറിസത്തിന്റെയും, ഐടിയുടെയും സാധ്യതകള്‍ ഉപയോഗിച്ച് മുന്നേറുന്ന ഇടമാണ് കോഴിക്കോട്. മികച്ച പദ്ധതികള്‍ വരികയും, നമ്മുടെ നഷ്ടപ്പെട്ടുപോയ വ്യവസായ സ്ഥാപനങ്ങള്‍ പുനരുദ്ധരിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. ഇപ്പോള്‍ മത്സ്യ-മാംസ മാര്‍ക്കറ്റ് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരുടെ ആശങ്കകള്‍ കൂടി പരിഹരിച്ച് മത്സ്യ-മാംസ മാര്‍ക്കറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടികളുണ്ടാവണം.
