രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്ക് പ്രവര്‍ത്തനം സ്വാതന്ത്രം നിഷേധിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായി ചത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റ് കാണാവുന്നതാണ്. ക്രിസ്ത്യന്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് പലതരത്തിലുള്ള ഭീഷണികള്‍ സംഘപരിവാര്‍ ശക്തികളില്‍ നിന്നുണ്ടാകുന്നുണ്ടെന്ന് ന്യൂനപക്ഷ വിഭാഗം മുറവിളികൂട്ടിക്കൊണ്ടിരിക്കുന്ന കാലത്താണ് വലിയ വകുപ്പുകള്‍ ചുമത്തി ച്ഛത്തീസ്ഗഢ് പൊലിസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുന്നത്. കഴിഞ്ഞ നാല് ദിവസമായി അവര്‍ റിമാന്‍ഡിലാണ്. രാജ്യത്താകമാനം വിദ്യാഭ്യാസ ആരോഗ്യ മേഖലയില്‍ പ്രശംസനീയമായ സേവനമനുഷ്ഠിക്കുകയും ഒരു രാജ്യത്തിന്റെ നിര്‍മ്മിതിയില്‍ പ്രധാന ആണിക്കല്ലുകളായ വിദ്യാഭ്യാസം ആരോഗ്യരംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ ശക്തമായി പ്രവര്‍ത്തിച്ച വിഭാഗമാണ് ക്രിസ്ത്യന്‍ സമൂഹം. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുക, അവരെ കായികമായി ആക്രമിക്കുക, കച്ചവട സ്ഥാപനങ്ങള്‍ തകര്‍ക്കുക, വീടുകള്‍ ഇടിച്ചുനിരത്തുക എന്നീകാര്യങ്ങളും ഇന്ത്യയിലെ ചിലസംസ്ഥാനങ്ങളില്‍ നടക്കുകയാണ്.
ഇക്കാര്യത്തില്‍ ഇന്ത്യയുടെ പരമോന്നത കോടതിപോലും ശക്തമായ മുന്നറിയിപ്പുകള്‍ സംസ്ഥാനഗവണ്‍മെന്റുകള്‍ക്ക് നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിലെ അച്ചന്മാര്ക്കും, സിസ്റ്റര്‍മാര്‍ക്കും സദാവസ്ത്രം ധരിച്ച് യാത്രചെയ്യാന്‍ പോലുമാകാത്ത സ്ഥിതിവിശേഷം രാജ്യത്തുണ്ട് എന്നുപറഞ്ഞാല്‍ സ്ഥിതി എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാണ്. രാജ്യത്തെ ഓരോപൗരനും അവന്റെ വിശ്വാസവും, മതവിശ്വാസം ഇല്ലാത്തവര്‍ത്ത് അവരുടെ വിശ്വാസവുമായി ജീവിക്കാമെന്ന് പ്രഖ്യാപിക്കുന്ന പ്രഖ്യാപിക്കുന്ന ഭരണഘടന നിലനില്‍ക്കുന്ന രാജ്യത്താണ് ഇത്തരം അതിക്രമങ്ങള്‍ നടക്കുന്നതെന്ന് നമ്മള് തിരിച്ചറിയണം. ഓരോ മതസമൂഹത്തിനും അവരുടെ വിശ്വാസ ആരാധനാ സമ്പ്രദായത്തിലൂന്നി മറ്റ് മതങ്ങളുമായി സൗഹാര്‍ദം പുലര്‍ത്തിപ്പോന്നിരുന്ന ഒരുരാജ്യമാണ് ഭാരതമെന്നത് നാം മറന്നുകൂടാ. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച ഭാരതത്തിന്റെ യശസ്സ് ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്. അതിനെല്ലാം കളങ്കം ചാര്‍ത്തുന്ന നടപടികളാണ് ചില കേന്ദ്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സ്വാതത്രലബ്ധിക്കുശേഷം നാമിന്ന് കാണുന്ന ഇന്ത്യ കെട്ടിപ്പടുത്ത് ലോകത്തെ പ്രധാന രാഷ്ട്രമാക്കിയതില്‍ എല്ലാവിഭാഗങ്ങള്‍ക്കും പങ്കുണ്ട്. അവരൊന്നും ജാതിയോ വര്‍ണ്ണമോ വര്‍ഗമോ നോക്കിയല്ല പ്രവര്‍ത്തിച്ചത്. അവരുടെ മനസില്‍ ഒരേയൊരു ഇന്ത്യ ഒരൊറ്റ ജനത എന്ന സങ്കല്പമാണുണ്ടായിരുന്നത്.
ആ മന്ത്രവുമായാണ് നമ്മള് ഒറ്റക്കെട്ടായി മുന്നേറേണ്ടത്. ഇവിടെ ജാതിയും മതവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ചാല്‍ നശിക്കുന്നത് മഹത്തായ ഭാരത പൈതൃകവും രാജ്യത്തിന്റെ യശസ്സുമാണെന്ന് ഇത്തരക്കാര്‍ തിരിച്ചറിയണം. കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്ത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയിട്ടുള്ളത്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിക്കുകയും സംസ്ഥാനമുഖ്യമന്ത്രി വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തിട്ടുണ്ട്.
. സഭാനേതൃത്വവും മറ്റ് രാഷ്ട്രീയ സാമൂഹിക സംഘടനകളും ശക്തമായ പ്രതിഷേധവുമയി രംഗത്തെത്തിയിട്ടുണ്ട്. സമീപ കാലത്ത് ക്രിസ്ത്യന്‍ സമൂഹത്തിനെതിരായി ആക്രമണവും വര്‍ധിച്ച് വരികയാണ്. മധ്യപ്രദേശിലെ ജബല്പൂരില് മലയാളി വൈദികര്‍ക്കുനേരെയുണ്ടായ അക്രമവും ച്ഛത്തീസ്ഗഢിലെ നഴ്സിങ് കോളജ് പ്രിന്‍സിപ്പലിനെതിരെ കേസെടുത്ത സംഭവവും ഒഡീഷയിലെ ഗജപതി ജില്ലയിലെ ജൂബ ഇടവക പള്ളിയില്‍ വൈദികര്‍ക്കും, വിശ്വാസികള്‍ക്കും നെരെ അക്രമമുണ്ടായതും സമീപകാലത്താണ്. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ഒരുമാലയിലെ മുത്തുമണികള്‍പോലെ കോര്‍ത്തിണക്കി കൊണ്ടുപോകേണ്ട ഉത്തരവാദിത്തം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. ആഉത്തരവാദിത്തം പാലിക്കുകയും വര്‍ഗീയവിഷം തുപ്പി സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന ശക്തികളെ നിയമത്തിന്റെ മുന്പിലെത്തിക്കാനും സര്‍ക്കാരുകള്‍ ജാഗ്രത പാലിക്കണം. ഒന്നിച്ചൊന്നായി മുന്നോട്ട് പോകേണ്ട 140ാം കോടിയോളം വരുന്ന ഭാരതീയര്ക്കിടയില് വിഷവിത്തിറക്കാന്‍ ഒരാളെയും അനുവദിക്കരുത്. ഇതുറപ്പുവരുത്താന്‍ ജനാധിപത്യവിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം.
