വിപ്ലവ നായകന്‍ വി.എസ് വിടവാങ്ങി

വിപ്ലവ നായകന്‍ വി.എസ് വിടവാങ്ങി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിര്‍ന്ന വിപ്ലവ നേതാവുമായ വി എസ് അച്യുതാനന്ദന്‍ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട് 3.20 നായിരുന്നു മരണം. മൃതദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദര്‍ബാര്‍ ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാര ചടങ്ങുകള്‍ മറ്റന്നാള്‍ നടക്കും. സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ജീവിച്ചിരുന്ന അവസാനത്തെയാളാണ് വി.എസ്.

വിഎസിന്റെ മരണത്തോടെ കേരള രാഷ്ട്രീയത്തിലെ ഒരു തലമുറയാണ് അവസാനിക്കുന്നത്. ജീവിത പ്രയാസങ്ങളുടെ കനല്‍വഴി താണ്ടിയാണ് വിഎസ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമായത്. 1923 ഒക്ടോബര്‍ 20 നാണ് ആലപ്പുഴ വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കാമ്മയുടെയും മകനായി വി എസ് അച്യുതാനന്ദന്‍ ജനിച്ചത്. നാലാം വയസില്‍ അമ്മയും 11 വയസായപ്പോള്‍ അച്ഛനും മരിച്ചു. അനാഥത്വവും ദാരിദ്യവും വലച്ചെങ്കിലും പഠിക്കണമെന്ന മോഹം വി എസ് ഉപേക്ഷിച്ചില്ല. ജാതി വ്യവസ്ഥ കത്തിക്കാളി നിന്ന നാട്ടില്‍ സവര്‍ണ കുട്ടികള്‍ ചോവച്ചെറുക്കനെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ വി എസ് ബെല്‍റ്റൂരിയടിച്ചോടിച്ചു. അന്നേ വിഎസ് അച്യുതാനന്ദന്‍ വ്യവസ്ഥിതിയോട് കലഹം പ്രഖ്യാപിച്ചു. ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതായതോടെ ഏഴാം ക്ലാസില്‍ പഠിപ്പവസാനിപ്പിച്ചു.

ചേട്ടന്റെ തയ്യല്‍ക്കടയിലെ ചെറിയ ജോലി കൊണ്ട് വീട്ടിലെ വിശപ്പടക്കാന്‍ കഴിയാതായി. പതിനഞ്ചാം വയസില്‍ നേടിയ ആസ്പിന്‍വാള്‍ കമ്പനിയിലെ ജോലിയില്‍ കുറഞ്ഞ കൂലിയും, മോശമായ തൊഴില്‍ സാഹചര്യങ്ങളെയും എതിര്‍ത്ത്് അവിടെ ഉണരുന്നു വി.എസിന്റെ ഉള്ളിലെ വിപ്ലവകാരി. ഒരു വര്‍ഷത്തിനിടെ ആ പതിനാറുകാരന്‍ തൊഴിലാളികളുടെ കണ്ണിലുണ്ണിയും മുതലാളിമാരുടെ കണ്ണിലെ കരടുമായി. പതിനേഴാം വയസില്‍ വി എസിന് പാര്‍ട്ടി അംഗത്വം കിട്ടി. 1943ലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ ആ ചെറുപ്പക്കാരന്‍ പ്രതിനിധിയായി. അച്യുതാനന്ദനെന്ന യുവനേതാവ് അവിടെ ഉദിച്ചുയരുകയായിരുന്നു.

ദുരിത ജീവിതം മാത്രമറിയാവുന്ന തൊഴിലാളികള്‍ക്ക് നിശ്ചയ ദാര്‍ഢ്യത്തിന്റെ കരുത്തും പ്രതീക്ഷയുമായി അയാള്‍ വളര്‍ന്നു. പിന്നീട് കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികള്‍ക്കിടയിലേക്കിറങ്ങി. പതിറ്റാണ്ടുകളായി ജന്മിമാര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ച് നിന്നിരുന്ന തൊഴിലാളികള്‍ കൂലി കൂട്ടിത്തരണം എന്നാവശ്യപ്പെട്ട് സമരം തുടങ്ങി. അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് തെമ്മാടിയെ വെട്ടിനുറുക്കി കൊല്ലാന്‍ ജന്മിമാര്‍ ഉത്തരവിട്ടു. കൊടിയ മര്‍ദ്ദനങ്ങള്‍, ചെറുത്ത് നില്‍പുകള്‍ പ്രതിഷേധങ്ങള്‍ പിന്നെ ഐതിഹാസികമായ പുന്നപ്ര വയലാര്‍ സമരം. ഒളിവ് ജീവിതം, അറസ്റ്റ്, ദിവസങ്ങള്‍ നീണ്ട പൊലീസ് മര്‍ദ്ദനം. മരിച്ചെന്ന് കരുതി കാട്ടിലേക്ക് വലിച്ചെറിഞ്ഞിടത്ത് നിന്നാണ് വിഎസ് തിരിച്ച് വന്നത്.

1957ല്‍ ആദ്യ സര്‍ക്കാര്‍ വന്നതോടെ അച്യുതാനന്ദന്‍ സംസ്ഥാന നേതൃനിരയിലെ പ്രമുഖനായി. 1964ലെ പാര്‍ട്ടി പിളര്‍പ്പ്, നയവ്യതിയാനങ്ങള്‍ക്കെതിരെയുള്ള പോരാട്ടം, വെട്ടിപ്പിടിക്കലുകള്‍, വെട്ടിനിരത്തലുകള്‍ കടുത്ത വിഭാഗീയ പോരാട്ടങ്ങള്‍ മാരാരിക്കുളം തോല്‍വി അങ്ങനെയങ്ങനെ കേരള രാഷ്ട്രീയം ആ മനുഷ്യന്‍ തനിക്കൊപ്പമാക്കി. വിഎസ് എന്ന രണ്ടക്ഷരം ലക്ഷോപലക്ഷങ്ങള്‍ക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചമായി. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കാരണവരായി. സീറ്റ് നിഷേധിച്ചവരോടും, പരിഹസിച്ചവരോടും ഒറ്റപ്പെടുത്തിയവരോടുമൊക്കെ അദ്ദേഹം വെടിയുണ്ടയുടെയും തൂക്കുമരത്തിന്റെയും വാരിക്കുന്തത്തിന്റെയും രക്തമിറ്റുന്ന കഥകള്‍ പറഞ്ഞു.

ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

 

 

വിപ്ലവ നായകന്‍ വി.എസ് വിടവാങ്ങി

 

Share

Leave a Reply

Your email address will not be published. Required fields are marked *