എസ്.കെ.പൊറ്റക്കാടിന്റെ നട്ടുച്ച യാത്ര (വാടാമല്ലി ഭാഗം-25)

എസ്.കെ.പൊറ്റക്കാടിന്റെ നട്ടുച്ച യാത്ര (വാടാമല്ലി ഭാഗം-25)

കെ.എഫ്.ജോര്‍ജ്

കോഴിക്കോട് ദീപിക റിപ്പോര്‍ട്ടറായി ജോലി ചെയ്യുന്ന കാലം. മാനാഞ്ചിറ സി.എസ്.ഐ ബില്‍ഡിങിലെ രണ്ടാം നിലയിലാണ് ഓഫീസ്. ഒരു ദിവസം ഉച്ചക്ക് രണ്ടര മണിക്ക് ഓഫീസ് വരാന്തയില്‍ റോഡിലേക്കു നോക്കി നില്‍ക്കുമ്പോള്‍ പാരഗണ്‍ ഹോട്ടല്‍ ഭാഗത്തു നിന്ന് ഒരാള്‍ നടന്നു വരുന്നു. കക്ഷത്തില്‍ ചെറിയ ലെതര്‍ ബാഗുണ്ട്. അന്ന് പാരഗണിന്റെ ഭാഗത്ത് റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയിട്ടില്ല. മാനാഞ്ചിറയ്ക്കുള്ള റോഡിലേക്കു കടന്നപ്പോള്‍ ആളെ പിടികിട്ടി. അത് എസ്.കെ.പൊറ്റക്കാടാണ്. ചുട്ടു പൊള്ളുന്ന വെയിലില്‍ അദ്ദേഹം സ്റ്റേഡിയം ഭാഗത്തേക്കു നടന്നു നീങ്ങുന്നു.
അടുത്ത ദിവസം ഊണു കഴിഞ്ഞ് ഓഫീസ് വരാന്തയില്‍ നില്‍ക്കുമ്പോള്‍ കഴിഞ്ഞ ദിവസം കണ്ടതുപോലെ എസ്.കെ.കക്ഷത്തില്‍ ബാഗുമായി വരുന്നു. ഇപ്രാവശ്യം കൗതുകം കൗണ്ട് അദ്ദേഹത്തിന്റെ പിന്നാലെ നടന്നു. സ്‌റ്റേഡിയം ജങ്ഷന്‍ പിന്നിട്ട് അദ്ദേഹം പുതിയറ റോഡിലേക്ക് പോകുന്നു. വീടായ ‘ചന്ദ്രകാന്ത’ ത്തിലേക്കുള്ള യാത്രയാണ്. പിന്നീട് പല ദിവസവും ഇതേ റൂട്ടിലൂടെ എസ്.കെ.നട്ടുച്ചക്ക് നടന്നു വരുന്നതു കണ്ടു.
സ്ഥിരം കാണുന്ന സ്ഥലമാണെങ്കിലും എസ്.കെ ക്കു കാണാന്‍ ദിവസവും പുതിയ വിശേഷങ്ങളുണ്ടാകും. അത് അദ്ദേഹം യാത്രാ വിവരണമായി എഴുതും. യാത്ര ഹരമായി കണ്ട മഹാനായ എഴുത്തുകാരന്‍. രാവിലെ എണീറ്റ് ഒറ്റ നടത്തമാണ്. ചരിത്രകാരന്‍ എം.ജി.എസ്.നാരായണന്‍ ഒരു ദിവസം രാവിലെ തേഞ്ഞിപ്പാലത്തെ യൂണിവേഴ്‌സിറ്റി കാമ്പസില്‍ എസ്.കെ യെ കണ്ട കാര്യം പറയുകയുണ്ടായി. പുതിയറയില്‍ നിന്ന് നടന്ന് എത്തിയതാണ്. അവിടെ സുഹൃത്തുക്കളെ കണ്ട് തിരിച്ച് ബസില്‍ ‘ചന്ദ്രകാന്ത’ ത്തിലേക്കു മടങ്ങും. ഈ യാത്രയില്‍ അടുത്ത കഥയിലേക്കോ നോവലിലേക്കോ വേണ്ട നിരവധി കഥാപാത്രങ്ങളെ കണ്ടെത്തിയിരിക്കും. നോട്ടു ബുക്കില്‍ അതെല്ലാം കുറിച്ചു വെയ്ക്കും. കോഴിക്കോട്ടു നിന്ന് അടിവാരത്തേക്കു ബസില്‍ യാത്ര ചെയ്തിട്ട് അത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്നു ലക്കത്തില്‍ യാത്രാ വിവരണമായി എഴുതിയത് ഓര്‍ക്കുന്നു. ഓരോ നാടിന്റെയും പേരുകള്‍ വരാനുള്ള കാരണവും ടിപ്പുവിന്റെ പടയോട്ടവും കച്ചവട പാരമ്പര്യവുമെല്ലാം അതിലുണ്ടായിരുന്നു.
മലയാള മനോരമയില്‍ ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് എസ്.കെ.പലതവണ പാളയം ബസ് സ്റ്റാന്റ് കെട്ടിടത്തിലുള്ള മലയാള മനോരമ ബ്യൂറോയില്‍ വരുന്നത് ഓര്‍ക്കുന്നു. പല നിറത്തിലുള്ള മഷികള്‍ നിറച്ച പേനകള്‍ അദ്ദേഹത്തിനുണ്ട്. ന്യൂസ് പാഡില്‍ എന്തെങ്കിലും എഴുതുമ്പോള്‍ പല പേനകള്‍ ഉപയോഗിക്കും. വര്‍ണ ഭംഗിയുള്ള എഴുത്താണത്. വെറുതെ ഇരിക്കുമ്പോള്‍ കൈകൊണ്ട് തലമുടി പിരിച്ചുകൊണ്ടിരിക്കും.
സ്‌കൂള്‍ പഠന കാലത്ത് തന്നെ ഏറെ ആകര്‍ഷിക്കുകയും വായനയില്‍ താല്‍പര്യമുണ്ടാക്കുകയും ചെയ്ത മഹാനായ എഴുത്തുകാരനാണ് മുന്നില്‍. അന്നു വായിച്ച ‘പാതിരാ സൂര്യന്റെ നാട്ടില്‍’ , ‘സിംഹ ഭൂമി’, ‘ബാലിദ്വീപ്’ തുടങ്ങിയ യാത്രാ വിവരണങ്ങള്‍ മന:പാഠമായി ഉള്ളിലുണ്ട്. ‘വിഷകന്യക’, ‘ഒരു തെരുവിന്റെ കഥ’ തുടങ്ങിയ നോവലുകളിലെ കഥാ പാത്രങ്ങളും വിവരണങ്ങളും ഒരിക്കലും മറക്കില്ല.
അക്കാലത്ത് പ്രശസ്തരായ ഏറെ എഴുത്തുകാര്‍ പത്രം ഓഫീസുകളില്‍ ജോലി ചെയ്തിരുന്നു. അവരുടെ കൂടെ ജോലി ചെയ്യാനുള്ള മോഹമാണ് പത്രപ്രവര്‍ത്തന രംഗത്തേക്ക് എന്നെ ആകര്‍ഷിച്ചത്.
മാതൃഭൂമിയില്‍ എം.ടി.വാസുദേവന്‍ നായര്‍, എന്‍.വി.കൃഷ്ണ വാര്യര്‍, കുട്ടികൃഷ്ണ മാരാര്‍ തുടങ്ങിയ പ്രഗല്‍ഭര്‍. മലയാള മനോരമയില്‍ മൂര്‍ക്കോത്ത് കുഞ്ഞപ്പ, കടവനാട് കുട്ടികൃഷ്ണന്‍, ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍. മറ്റു പത്രങ്ങളിലും പ്രമുഖരായ സാഹിത്യകാരന്മാര്‍ ജോലി ചെയ്തിരുന്നു.
കോട്ടയം ദീപികയില്‍ ഞാന്‍ പത്ര പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ അവിടെ ഹാസ്യ സാഹിത്യകാരന്‍ വേളൂര്‍ കൃഷ്ണന്‍കുട്ടി സഹ പ്രവര്‍ത്തകനായി ഉണ്ടായിരുന്നു. ‘അഖില കേരള വയസയന്‍സ് ക്ലബ്’ പോലെ ശുദ്ധ ഹാസ്യത്തിന്റെ വെടിക്കെട്ടു തീര്‍ത്ത കൃതികളുടെ കര്‍ത്താവായ അദ്ദേഹം എഡിറ്റോറിയല്‍ ഡെസ്‌ക്കിലും തമാശകള്‍ പൊട്ടിച്ചുകൊണ്ടിരിക്കും. ജനപ്രിയ നോവലിസ്റ്റ് മുട്ടത്തുവര്‍ക്കി അപ്പോള്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ നിന്നു പിരിഞ്ഞിരുന്നു. പത്രപ്പണിക്കിടയില്‍ ഓഫീസില്‍ വെച്ച് അദ്ദേഹം രണ്ടും മൂന്നും നോവലുകള്‍ക്കുള്ള അധ്യായങ്ങള്‍ എഴുതിക്കൊടുത്തിരുന്നതായി സഹ പ്രവര്‍ത്തകര്‍ പറഞ്ഞു. വാരികകളില്‍ നിന്നുള്ളവര്‍ അധ്യായത്തിനായി ഓഫീലെത്തുമ്പോഴാണ് അദ്ദേഹം ജോലിക്കിടയില്‍ നോവലെഴുതുന്നത്. ഇങ്ങനെ എഴുതുന്ന നോവലുകള്‍ വായിക്കാനായി ജനം തിരക്കു കൂട്ടി. വായനക്കാരെ രസിപ്പിക്കാനും ആകര്‍ഷിക്കാനുമുള്ള അസാമാന്യ രചനാ ശൈലികൊണ്ട് അനുഗ്രഹീതനായിരുന്നു അദ്ദേഹം. എഴുതിക്കൊണ്ടിരിക്കുന്ന നോവലുകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ എഴുതിയ കുറിപ്പ് കൈയ്യിലുണ്ടാകും. എഴുതി വരുമ്പോള്‍ പേരുകള്‍ മാറിപ്പോകരുതല്ലോ! ഇങ്ങനെ തിരക്കിനിടയില്‍ എഴുതിക്കൊടുത്ത നോവലുകളെ പൈങ്കിളി സാഹിത്യമെന്നു ചിലര്‍ കളിയാക്കിയിരുന്നെങ്കിലും മധ്യ തിരുവിതാംകൂറിലെ ഗ്രാമീണ ജീവിതവും പ്രണയവും വിരഹവുമെല്ലാം പ്രമേയമായ എല്ലാ നോവലുകളും വായിക്കാന്‍ സാധാരണക്കാര്‍ ആര്‍ത്തിയോടെ കാത്തിരുന്നു. സ്ഥിരം മുറുക്കുകാരനായ അദ്ദേഹത്തിനായി ദീപിക മാനേജ്‌മെന്റ് എഡിറ്റോറിയല്‍ മുറിയില്‍ മുറുക്കിത്തുപ്പാന്‍ കോളാമ്പിയും സംഘടിപ്പിച്ചു കൊടുത്തിരുന്നു. വാര്‍ത്താ ഏജന്‍സികള്‍ നല്‍കുന്ന ഇംഗ്ലീഷ് വാര്‍ത്തകള്‍ മുട്ടത്തുവര്‍ക്കി മലയാളത്തിലേക്കു തര്‍ജജമ ചെയ്യുമ്പോള്‍ കഥയോ, നോവലോ വായിക്കുന്ന സുഖവും രസവും കിട്ടുമായിരുന്നു.
കോട്ടയം മലയാള മനോരമയില്‍ അടൂര്‍ഭാസിയുടെ സഹോദരന്‍ കെ.പത്മനാഭന്‍ നായര്‍ എന്ന പത്മന്‍ ജോലി ചെയ്തിരുന്നു. അദ്ദേഹത്തെ കാണാന്‍ അടൂര്‍ഭാസി ഇടയ്ക്കിടെ കെ.കെ.റോഡിലുള്ള മനോരമ ഓഫീസില്‍ വരും. റോഡരുകില്‍ കുറച്ചു നേരം അടൂര്‍ഭാസി നില്‍ക്കും. അപ്പോഴേക്കും നടനെ തിരിച്ചറിഞ്ഞ് ആളുകള്‍ കൂടും. ചെറിയ ജനക്കൂട്ടമാകുമ്പോള്‍ അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ കുണുങ്ങിക്കുണുങ്ങിയുള്ള നടത്തത്തോടെ ഓഫീസിലേക്ക് കയറിപ്പോകും. അദ്ദേഹം ഇറങ്ങി വരുന്നതുവരെ ജനം നടനെ കാണാനായി റോഡരുകില്‍ കാത്തു നില്‍ക്കും. ഇത് ഒരു അടൂര്‍ഭാസി ട്രിക്കാണ്.
മനോരമയിലെ ജനപ്രിയ പോക്കറ്റ് കാര്‍ട്ടൂണായ കുഞ്ചുക്കുറുപ്പ് 35 വര്‍ഷം തുടര്‍ച്ചയായി എഴുതിയ പത്മനും സഹോദരനെപ്പോലെ തമാശക്കാരനായിരുന്നു. വൈകിട്ട് ആറുമണിയോടെ കുഞ്ചുക്കുറുപ്പ് എഴുതിക്കൊടുക്കണം. സമകാലീന വിഷയം വച്ചാണ് എഴുതേണ്ടത്. വൈകിട്ട് കാന്റീനില്‍ നിന്നു കാപ്പി കുടിച്ച് വരുന്നതോടെ അന്നത്തെ വിഷയം തേടി പത്മന്‍ അസ്വസ്ഥനാകാന്‍ തുടങ്ങും. വാര്‍ത്ത എഴുതുന്ന ന്യൂസ് പ്രിന്റില്‍ പല തവണ എഴുതുന്നതും കീറി കൊട്ടയില്‍ ഇടുന്നതും കാണാം.
ഒരു ദിവസം എഡിറ്റോറിയല്‍ ഡെസ്‌ക്കില്‍ ജോലി  ചെയ്തുകൊണ്ടിരുന്നപ്പോള്‍ പ്യൂണ്‍ ഒരു ന്യൂസ് പ്രിന്റ് തുണ്ട് എനിക്ക് തന്നു. തുറന്നു വായിച്ചപ്പോള്‍ അന്നത്തെ കുഞ്ചുക്കുറുപ്പാണ്. വായിച്ചപ്പോള്‍ തരക്കേടില്ല, എന്നാല്‍ അത്രപോരെന്ന് തോന്നി. തല ഉയര്‍ത്തി നോക്കിയപ്പോള്‍ അപ്പുറത്തുള്ള കസേരയില്‍ അടൂര്‍ഭാസി സ്റ്റൈല്‍ ചിരിയുമായി പത്മന്‍. എന്റെ മുഖഭാവം കണ്ടതോടെ ആ കടലാസ് കൊട്ടയിലിടാന്‍ ആംഗ്യം കാട്ടി. ഞാന്‍ അടുത്തുപോയി ചെറിയ മാറ്റം വരുത്തിയാല്‍ മതി, ഗംഭീരമാകും എന്നെല്ലാം പറഞ്ഞു, വേണ്ട, വേണ്ട, അതു കളയൂ എന്നായി പത്മന്‍.
ഇത് കുഞ്ചുക്കുറുപ്പിന്റെ പത്മന്‍ ശൈലിയിലുളള ക്വാളിറ്റി ടെസ്റ്റാണ്. കുഞ്ചുക്കുറുപ്പ് എഴുതി എഡിറ്റോറിയല്‍ ഡെസ്‌ക്കിലുള്ള ആര്‍ക്കെങ്കിലും നല്‍കും. അവരുടെ മുഖത്തു ചിരി വിടര്‍ന്നാല്‍ പത്മനും ചിരിക്കും. അതോടെ അന്നത്തെ കുഞ്ചുക്കുറുപ്പ് റെഡി. മുഖം ചെറുതായി മ്ലാനമായിക്കണ്ടാല്‍ പിന്നീട് അത് ഒരിക്കലും എടുക്കില്ല. ഇങ്ങനെ പലതവണ എഴുതി നോക്കിയാണ് ഒരു ദിവസത്തെ കുഞ്ചുക്കുറുപ്പ് റെഡിയാക്കുന്നത്.
ഏതു വിഷയവും സരസവും ഗഹനവുമായി എഴുതുന്ന മൂര്‍ക്കോത്തു കുഞ്ഞപ്പ മനോരമ കോഴിക്കോട് യൂണിറ്റില്‍ അസോസിയേറ്റ് എഡിറ്ററായിരുന്നു. റെയില്‍വേയില്‍ ഉയര്‍ന്ന ഉദ്യോഗം വഹിച്ച ശേഷമാണ് പിതാവ് മൂര്‍ക്കോത്ത കുമാരന്റെ വഴിയില്‍ കുഞ്ഞപ്പയും പത്ര മേഖലയിലേക്കു വന്നത്. എഴുത്തുകാരുടെ പൊന്നാനിക്കളരിയിലുണ്ടായിരുന്ന പ്രശസ്ത കവി കടവനാട് കുട്ടികൃഷ്ണന്‍ കോഴിക്കോട്ട് സഹപ്രവര്‍ത്തകനായിരുന്നു. പിന്നീട് അദ്ദേഹം മനോരമയുടെ കുട്ടികളുടെ പ്രസ്ഥാനമായ അഖില കേരള ബാലജനസഖ്യത്തിന്റെ ചുമതലക്കാരനായി. അദ്ദേഹത്തിനു ശേഷം എഴുത്തുകാരനും ആത്മ വിദ്യാ സംഘം പ്രവര്‍ത്തകനുമായിരുന്ന ധര്‍മരാജ് കാളൂരിനായിരുന്നു സഖ്യം ചുമതല. അദ്ദേഹത്തിനു ശേഷമാണ് എനിക്ക് സഖ്യത്തിന്റെ ചുമതല ലഭിച്ചത്.
കവിയും ഗാനരചയിതാവുമായിരുന്ന ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയും മനോരമയില്‍ സഹ പ്രവര്‍ത്തകനായിരുന്നു. വാര്‍ത്ത എഴുതുന്ന ന്യൂസ് പാഡിലെല്ലാം പല മൂലയ്ക്കും ‘ശ്രീ’ എന്ന് എഴുതുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നു. എഴുതിക്കൊണ്ടിരിക്കുന്നതില്‍ മാത്രമല്ല, അവിടെ കിടക്കുന്ന ന്യൂസ് പാഡിലെല്ലാം അദ്ദേഹം ഇങ്ങനെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുന്നതായി കാണാം. നര്‍മോക്തികള്‍കൊണ്ടും കവികളോടും സിനിമാക്കാരോടുമുള്ള ബന്ധം മൂലമുണ്ടായ കഥകള്‍ കൊണ്ടും അദ്ദേഹം എഡിറ്റോറിയല്‍ ഡെസ്‌ക്കിനെ സജീവമാക്കി നിലനിര്‍ത്തിയിരുന്നു.
(മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജിന്റെ ഈ പംക്തി എല്ലാ ബുധനാഴ്ചകളിലും വായിക്കാവുതാണ്.അരനൂറ്റാണ്ടു കാലത്തെ മാധ്യമ രംഗത്തെയും സാഹിത്യ രംഗത്തെയും അനുഭവങ്ങളും ജീവിത ദര്‍ശനങ്ങളും പ്രതിപാദിക്കുതാണ് വാടാമല്ലികള്‍.)

എസ്.കെ.പൊറ്റക്കാടിന്റെ നട്ടുച്ച യാത്ര (വാടാമല്ലി ഭാഗം-25)

Share

Leave a Reply

Your email address will not be published. Required fields are marked *