
കെ.എഫ്.ജോര്‍ജ്
തട്ടിയും തടഞ്ഞും, ആദ്യ സ്ഥലത്തു നിന്നു വീണ്ടും തുടങ്ങിയുമുള്ള ജീവിത യാത്ര. വിദ്യാഭ്യാസ തുടക്കം മുതല്‍ ഔദ്യോഗിക മേഖലയില്‍ ഉറയ്ക്കുന്നതുവരെ ഈ ശൈലിയിലാണ് എന്റെ ജീവിതം നീങ്ങിയത്.
സ്കൂളില്‍ ചേരാതെ ഒന്നാം ക്ലാസ്സില്‍ പോയിത്തുടങ്ങിയതില്‍ നിന്ന് അതു തുടങ്ങുന്നു. മാസങ്ങള്‍ക്കു ശേഷം ഒരു ഡിസംബര്‍ 14നാണ് ഹെഡ്മാസ്റ്റര് എന്നെ സ്കൂള്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നത്. അക്ഷരങ്ങള്‍ പഠിച്ചതോടെ വായന എന്നെ ആകര്‍ഷിച്ചു. എന്റെ ചാച്ചന്റെ (പിതാവ് ഫ്രാന്‍സിനെ ഞങ്ങള്‍ അങ്ങനെയാണ് വിളിച്ചിരുന്നത്) കസിന് അഗസ്റ്റിന് മികച്ച വായനക്കാരനായിരുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പ് ഓരോ വര്‍ഷം തിരിച്ച് ബയന്റ് ചെയ്ത് അദ്ദേഹം വീട്ടില്‍ സൂക്ഷിച്ചിരുന്നു. സമയം കിട്ടുമ്പോഴെല്ലാം ഈ തടിച്ച ആഴ്ചപ്പതിപ്പു കെട്ട് മറിച്ചു നോക്കും. രണ്ടിലും മൂന്നിലുമെല്ലാം പഠിക്കുമ്പോള്‍ തപ്പിപ്പിടിച്ചു വായിക്കുമെങ്കിലും ഒന്നും മനസ്സിലായിരുന്നില്ല. ഉറൂബ്, ബഷീര്‍, തിക്കോടിയന്, എസ്.കെ.പൊറ്റക്കാട് തുടങ്ങിയ പേരുകള്‍. തൃശൂര്‍ പൂരത്തിന്റെയും ആറന്മുള വള്ളം കളിയുടെയും പടങ്ങള്‍!
ഞങ്ങളുടെ മലയോര പ്രദേശത്ത് മറ്റൊന്നും വായിക്കാനില്ലാത്തതുകൊണ്ട് ഇടയ്ക്കിടെ ഇത് മറിച്ചു നോക്കും. വേറെ ഏതൊക്കെയോ നാടുകളുണ്ടെന്നും അവിടെ പല കാര്യങ്ങളും നടക്കുന്നുണ്ടെന്നും ഇതിലൂടെ മനസ്സിലായി. നാലിലും അഞ്ചിലുമെത്തിയപ്പോള് എസ്.കെ.പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങള്‍ വായിച്ചു തുടങ്ങി. ഈ നാടുകളില്‍ പൊറ്റക്കാടിനെപ്പോലെ സഞ്ചരിക്കണമെന്നും ഇതുപോലെ എഴുതണമെന്നുമുള്ള മോഹം മനസില്‍ മുളച്ചു. ബഷീറിന്റെയും ഉറൂബിന്റെയും കഥകള്‍ വായിച്ചുവെങ്കിലും അന്ന് പൂര്‍ണമായി മനസ്സിലായില്ല. ഏഴാം ക്ലാസിലെത്തുമ്പോഴേക്കും നാലു വര്‍ഷത്തെ ആഴ്ചപ്പതിപ്പു കെട്ടുകള്‍ മുഴുവന്‍ വായിച്ചു തീര്‍ത്തിരുന്നു. അപ്പോഴേക്കും പുല്ലൂരാംപാറയില്‍ മലയാള മനോരമ പത്രം എത്തിത്തുടങ്ങി. അന്ന് കോഴിക്കോട്ട് മനോരമ യൂണിറ്റില്ല. കോട്ടയത്ത് അച്ചടിക്കുന്ന പത്രം അടുത്ത ദിവസം വൈകിട്ടാണ് അങ്ങാടിയിലെ കടയില്‍ എത്തിയിരുന്നത്. അവിടെ നിന്ന് എടുത്തുകൊണ്ടുവരുന്ന പത്രം ആര്‍ത്തിയോടെ വായിച്ചു.
കോടഞ്ചേരി ഹൈസ്കൂളിലേക്ക് രണ്ടു പുഴകളും തോടുകളും വയലുകളും കുന്നുകളും കടന്ന് എട്ടു കിലോമീറ്റര്‍ നടക്കണം. സ്കൂള്‍
അടുക്കുമ്പോള്‍ പുലിക്കയം കഴിഞ്ഞ് മാത്രമേ കൂട്ടുകാരുണ്ടാവൂ. ബാക്കി ദൂരം മുഴുവവന്‍ സ്വപ്നങ്ങള്‍ മനസ്സില്‍ നെയ്തുകൂട്ടി ഒറ്റയ്ക്കുള്ള നടത്തം. വായിച്ച കാര്യങ്ങളും ഭാവി ജീവിതവുമെല്ലാം മനസില്‍ സജീവമായിരിക്കും. അക്ഷരങ്ങളുടെയും എഴുത്തിന്റെയും ലോകം അവ്യക്തമായാണെങ്കിലും മനസില്‍ പരുവപ്പെട്ടത് ഈ ഏകാന്ത നടത്തത്തിലാണ്. ചെറുപ്പത്തില്‍ കാണുന്ന ഭാവനയുടെയും സ്വപ്നത്തിന്റെയും ലോകത്തിലാണ് നമ്മള് അവസാനം എത്തിച്ചേരുന്നതെന്നു തോന്നുന്നു.
നല്ല മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായി. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളേജില്‍ നിന്ന് പ്രീഡിഗ്രി അപേക്ഷ ഫോം വാങ്ങി പൂരിപ്പിച്ച് അയച്ചു. ഒരാഴ്ച കഴിഞ്ഞ് കോളേജില്‍ ചേരാന്‍ ക്ഷണിച്ചു കൊണ്ടുള്ള ഇന്റര്‍വ്യൂ കാര്‍ഡ് വന്നു. അപ്പോള്‍ ചാച്ചന് പറയുകയാണ് ‘ നമുക്ക് ഈ വര്‍ഷം കോളേജില്‍ പോകേണ്ട, അടുത്ത വര്‍ഷം പോകാം’.
അന്ന് കോളേജില്‍ പഠിക്കണമെങ്കില്‍ ഹോസ്റ്റലില്‍ താമസിക്കണം. സ്വകാര്യ കോളേജുകള്‍ സര്‍ക്കാറിനു കീഴില്‍ വന്നിരുന്നില്ല. നല്ല ഫീസുണ്ട്. കൂടെ ഹോസ്റ്റല്‍ ഫീസും കൊടുക്കണം. അതിനാല്‍ എന്റെ സ്കൂളില്‍ നിന്നു ജയിച്ച 80 പേരില്‍ അഞ്ചു പേര് മാത്രമാണ് കോളേജില്‍ ഉപരിപഠനത്തിനു ചേര്‍ന്നത്.
ഇക്കൊല്ലം പോകുന്നില്ലെങ്കില്‍ വേണ്ട, അടുത്ത കൊല്ലമാകാമല്ലോ! അപ്പോള്‍ കാര്യമായ വിഷമം തോന്നിയില്ല. കാര്‍ഷിക ഗ്രാമമായി പുല്ലൂരാംപാറ ഉണരുന്ന കാലമാണ്. മരച്ചീനി, നെല്ല്, ഇഞ്ചി, റബര്‍, തെങ്ങ് തുടങ്ങി എല്ലാത്തരം കൃഷിയുമുണ്ട്. വീട്ടില്‍ ദിവസവും നാലഞ്ച് കര്‍ഷക തൊഴിലാളികളുണ്ടാവും. അവരുടെ കൂടെ പണികളില്‍ കൂടും. റബര്‍ ടാപ്പു ചെയ്യും. വൈകുന്നേരങ്ങളില്‍ ജ്യേഷ്ഠന്റെ കൂടെ ഇരുവഞ്ഞിപ്പുഴയില്‍ മീന്‍ പിടുത്തം. ചാച്ചന് തോക്കുണ്ട്. നായാട്ട് നിരോധിച്ചിട്ടില്ലാത്തതിനാല്‍ കാട്ടു പന്നിയുടേയും മുള്ളന്‍ പന്നിയുടേയും കേഴ മാനിന്റേയും ഇറച്ചി സുലഭം. കാലവര്‍ഷത്തുടക്കത്തില്‍ തോട്ടിലേക്ക് മീന്‍ കയറി വരും. ഊത്ത പിടുത്തം എന്നാണ് ഇതിനു നാട്ടുപേര്. വേനല്‍ക്കാലത്ത് കടലാവണക്കിന് കുരു കലക്കി നഞ്ചിട്ട് മീന്‍ വേട്ട നടത്തും. എന്തായാലും ഭക്ഷണം കുശാല്‍.
ഒരു വര്‍ഷം കൊണ്ട് കൃഷിയുടെ എല്ലാ വശവും പഠിച്ചു. മനസിനു കരുത്തുകൂടി. എസ്.എസ്.എല്‍.സിയോ പ്ലസ് ടുവോ കഴിഞ്ഞ് എല്ലാ കുട്ടികള്‍ക്കും ജീവിതത്തിന്റെ പരുക്കന്‍ വശങ്ങള് മനസിലാക്കാന്‍ ഇത്തരം ഒരു ഇടവേള നല്ലതാണെന്നു തോന്നുന്നു.
അടുത്ത വര്‍ഷം ദേവഗിരി കോളേജില്‍ പ്രീഡിഗ്രിക്ക് അപേക്ഷ കൊടുത്തു. സെക്കന്റ് ഗ്രൂപ്പിനാണ് അപേക്ഷിച്ചത്. ഇന്റര്‍വ്യൂ നടത്തിയത് പ്രിന്‍സിപ്പല്‍ ഫാ.ഇസിദോര്‍.എം.വടക്കനും വൈസ് പ്രിന്‍സിപ്പല്‍ ഫാ.കൊളമ്പസും ചേര്‍ന്നാണ്.
സെക്കന്റ് ഗ്രൂപ്പെടുത്താല്‍ ഡോക്ടറാകാന്‍ പറ്റും. അതിനു താല്പര്യമില്ലെങ്കില് ഈ ഗ്രൂപ്പെടുത്തിട്ടു കാര്യമില്ല – ഫാ.കൊളമ്പസ് പറഞ്ഞു. ഞാന്‍ ഒന്നും മിണ്ടിയില്ല. അപ്പോഴാണ് ഫാ.കൊളമ്പസ് എന്റെ മാര്‍ക്ക് ലിസ്റ്റ് നോക്കുന്നത്. ‘കണക്കിന് 75 മാര്‍ക്കുണ്ട്, ഫസ്റ്റ് ഗ്രൂപ്പെടുക്ക്’ – അച്ചന്റെ നിര്‍ദ്ദേശം. ഞാന്‍ പറഞ്ഞു എനിക്ക് കണക്ക് പഠിക്കേണ്ട. കണക്ക് എനിക്ക് ഇഷ്ടമല്ല. പരീക്ഷക്ക് വേണ്ടി കുത്തിയിരുന്ന് കാണാപ്പാഠം പഠിച്ചതുകൊണ്ട് കിട്ടിയ മാര്‍ക്കാണ്.
‘എന്നാല്‍ തേഡ് ഗ്രൂപ്പെടുക്ക്’ – അച്ചന് പറഞ്ഞു. ഓരോ ഗ്രൂപ്പുകളെക്കുറിച്ചും അത് പഠിച്ചാല്‍ ഉണ്ടാവുന്ന സാധ്യതകളെക്കുറിച്ചും കാര്യമായ പിടിപാടില്ലാതിരുന്ന നാട്ടുമ്പുറത്തുകാരനായ ഞാന്‍ അതു സമ്മതിച്ചു. ക്ലാസു തുടങ്ങിയപ്പോഴാണ് മറ്റു ഗ്രൂപ്പുകള്‍ കിട്ടാത്ത മാര്‍ക്ക് കുറഞ്ഞവരാണ് എന്റെ ക്ലാസ്സിലുള്ളതെന്നു മനസിലായത്. ആദ്യം എഴുതിക്കൊടുത്ത സെക്കന്റ് ഗ്രൂപ്പില്‍ ഒഴിവുണ്ട്. അതിലേക്ക് മാറാന്‍ ശ്രമം തുടങ്ങി. പക്ഷേ ക്ലാസു തുടങ്ങി മൂന്നാം ദിവസം ചിക്കന്‍ പോക്സ് പിടിപെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. രോഗം സുഖമായി മൂന്നാഴ്ച കഴിഞ്ഞാണ് കോളേജില്‍ മടങ്ങിയെത്തിയത്. അപ്പോഴേക്കും സെക്കന്റ് ഗ്രൂപ്പ് സീറ്റുകള്നിറഞ്ഞു കഴിഞ്ഞിരുന്നു.
തേഡ് ഗ്രൂപ്പില്‍ തന്നെ തുടര്‍ന്നു. പ്രീഡിഗ്രി കഴിഞ്ഞ് ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ബി.എ.യ്ക്കു ചേരണമെന്ന് ഉറപ്പിച്ചു. സാഹിത്യത്തിന്റേയും അക്ഷരത്തിന്റേയും ലോകം. ഇന്ത്യയിലെ തന്നെ മികച്ച ഇംഗ്ലീഷ് പ്രഫസറായ സി.എ.ഷെപ്പേഡിന്റെ നേതൃത്വത്തിലുള്ള പ്രഗല്ഭരായ അധ്യാപകരാണ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിലുള്ളത്. ദേവഗിരിയില്‍ തന്നെ ഇംഗ്ലീഷ് എം.എ വരെ പഠിച്ചു.
കേളേജ് അധ്യാപകനാകാനായിരുന്നു മോഹം. പക്ഷേ അന്ന് കോളേജുകള്‍ കുറവ്. അതിനാല്‍ ലക്ചറര്‍ ജോലി പെട്ടെന്ന് കിട്ടണമെന്നില്ല. ബി.എഡ്. ഡിഗ്രി കൂടി എടുത്താല്‍ അധ്യാപക ജോലി കിട്ടാന്‍ സൗകര്യമാകും. കേരളത്തില്‍ ബി.എഡ്.കോളേജുകള്‍ അന്നു കുറവാണ്. മൈസൂരില്‍ രാമകൃഷ്ണമിഷന്‍ നടത്തുന്ന ‘രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോറല്‍ ആന്റ് സ്പിരിച്വല്‍ എജ്യുക്കേഷന്‍’ എന്ന സ്ഥാപനത്തില്‍ ബി.എഡ് കോഴ്സുണ്ടെന്നു കേട്ട് മൈസൂര്‍ക്ക് തിരിച്ചു. മൈസൂര്‍ ആകാശവാണിക്കടുത്ത് വണ്ടിക്കൊപ്പലിലെ ഈ സ്ഥാപനം തിരഞ്ഞു കണ്ടുപിടിച്ചു.
ബി.ടെക് ബിരുദ ധാരിയും എഴുത്തുകാരനും ഗായകനുമായ സ്വാമി ഹര്ഷാനന്ദയാണ് രാമകൃഷ്ണ മിഷന് മഠാധിപതി. അദ്ദേഹത്തെ കണ്ട് അവിടെ ബി.എഡിനു ചേര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്കും അവിടെ സ്വാമിമാര്‍ക്കൊപ്പം ആശ്രമ ജീവിതമാണ്. പൂര്‍ണ സസ്യ ഭക്ഷണം. ചില ദിവസങ്ങളില്‍ ഉപവാസം. വെള്ള വസ്ത്രം ധരിച്ച് ക്ലാസിലെത്തും. രാവിലെയും വൈകിട്ടും കുളിച്ച് അംഗവസ്ത്രം ധരിച്ച് പ്രാര്‍ത്ഥനാ കേന്ദ്രത്തിലെത്തണം. ഒരു മണിക്കൂറോളം സര്‍വമത പ്രാര്‍ത്ഥനയും വിശുദ്ധ ഗ്രന്ഥ പാരായണങ്ങളും ഭജനകളും തുടര്‍ന്ന് ധ്യാനവും.
ഇന്ത്യന്‍ ചിന്താ ധാരയുടേയും ഹൈന്ദവ ധര്‍മ്മത്തിന്റെയും പൊരുള്‍ മനസ്സിലാക്കാനും ഭഗവദ്ഗീതയുടെ ആഴങ്ങളിലേക്കിറങ്ങാനും സഹായിച്ച ഒരു വര്‍ഷം ധന്യമായ ഓര്‍മ്മയാണ്. ധ്യാനം നല്കുന്ന ശാന്തിയുടെ അലൗകികാനുഭവം മനസിനെ ഉണര്‍ത്തി.
പുല്ലൂരാംപാറയില്‍ ആ വര്‍ഷം ഹൈസ്കൂള്‍ ആരംഭിച്ചിരിക്കുന്നു. അവിടെ ജോലി ഒഴിവുണ്ട്. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നടന്നാല്‍ സ്കൂളിലെത്താം. ജോലി കിട്ടാന്‍ സംഭാവന നല്‍കണം. പുല്ലൂരാംപാറ ഇടവകയിലെ അംഗമായതിനാല്‍ ചെറിയ ഇളവുണ്ട്. അയ്യായിരം രൂപ നല്കിയാല് മതി. പണം കൊടുത്ത് ജോലി നേടാന്‍ ആത്മാഭിമാനം സമ്മതിച്ചില്ല. ടെസ്റ്റ് എഴുതി ജോലി നേടാമല്ലോ! അതുകൊണ്ട് ആ ജോലി വേണ്ടെന്ന് വെച്ചു.
അന്ന് പാരലല്‍ കോളേജുകളുടെ കാലമാണ് അയല്ക്കാരന് എം.ഒ.മാണി തിരുവമ്പാടിയില്‍ സെന്റ് ജോസഫ്സ് കോളജ് ആരംഭിച്ചിരുന്നു. സാമൂഹിക ചിന്തകനും പിന്നീട് കോളജ് അധ്യാപകനുമായ ഹമീദ് ചേന്ദമംഗല്ലൂര്‍, എഴുത്തുകാരന് ഹിരണ്യന്, ഭാര്യ ഗീതാ ഹിരണ്യന് തുടങ്ങിയവരായിരുന്നു അവിടെ അധ്യാപകര്‍. കുറച്ചു ദിവസം ഞാന്‍ അവിടെ ക്ലാസ്സെടുത്തു.
അക്കൊല്ലം തിരുവമ്പാടിയിലെ പൗര പ്രമുഖര്‍ നാഷണല്‍ കോളജ് എന്ന പേരില്‍ മറ്റൊരു പാരലല്‍ കോളജ് തുടങ്ങി. ഞാന്‍ അവിടെ അധ്യാപകനായി.
ഇതിനിടെ വിവിധ ജോലികള്‍ക്ക് ടെസ്റ്റ് എഴുത്ത് തുടര്‍ന്നു. അപ്പോഴാണ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്ന് ഹൈസ്കൂള്‍ അധ്യപകനാകാന്‍ ക്ഷണം വന്നത്. ആഴ്ചവട്ടം ഗവണ്മെന്റ് ഹൈസ്കൂളില്‍ ഒരു വര്‍ഷത്തെ അധ്യാപകനായി നിയമനം കിട്ടി.
നിയമനം തരുമ്പോള്‍ ഹെഡ്മിസ്ട്രസ് ലളിതാഭായി ടീച്ചര്‍ പറഞ്ഞു. ‘ഇക്കൊല്ലം പത്താം ക്ലാസ്സില്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ അധ്യാപകര്‍ കുറവാണ്. 10 എയില്‍ ഇംഗ്ലീഷ് മാഷായി വിടുകയാണ്. അവിടെ സ്വാമിനാഥന് എന്ന കുട്ടിയുണ്ട്. അവന് എസ്.എസ്.എല്‍.സി ജയിക്കാന്‍ സാധ്യതയുണ്ട് അവനെ ഒന്ന് ശ്രദ്ധിക്കണേ!’
എനിക്ക് ആദ്യം ഒന്നും മനസ്സിലായില്ല. സ്വാമിനാഥനെ ശ്രദ്ധിക്കണമെന്നു പറഞ്ഞതിന്റെ പൊരുള്‍ ക്ലാസിലെത്തിയപ്പോഴാണ് മനസിലായത്. സ്വാമിനാഥന് നിക്കര്‍ ധരിച്ച ചെറിയ കുട്ടി. നന്നായി പഠിക്കും ബാക്കിയുള്ളവര്‍ എന്നേക്കാള്‍ തടിയും തണ്ടുമുള്ള വളരെ പ്രായമുള്ള കുട്ടികള്‍. അവര്‍ക്കാര്‍ക്കും പഠിക്കാന്‍ ഒരു താല്പര്യവുമില്ല.
അക്കൊല്ലം ആഴ്ചവട്ടം സ്കൂളില്‍ എസ്.എസ്.എല്‍.സി വിജയിച്ചവര്‍ വെറും നാല് ശതമാനം മാത്രം. വലിയ സ്കൂളാണ്. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഉച്ചവരെ ആണ്‍കുട്ടികള്‍. ഉച്ചക്ക് ശേഷം പെണ്‍കുട്ടികള്‍. സ്റ്റാഫ് റൂമില്‍ ആണുങ്ങള്ക്കിരിക്കാന് കസേര പോലുമില്ല. അധ്യാപകര്‍ ഉഴപ്പന്മാര്. സ്കൂളിനെക്കുറിച്ച് ആരും നല്ല ഒരു വാക്കും പറയില്ല.
ഒരു മാസം ജോലി ചെയ്തു. ഹെഡ്മിസ്ട്രസിനോട് ഈ ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്നു പറഞ്ഞു വിടുതല്‍ വാങ്ങി. ഹെഡ്മിസ്ട്രസ് ദയനീയമായി നോക്കി പറഞ്ഞു ‘ഇംഗ്ലീഷിന് ആളില്ലാത്തതുകൊണ്ടാണ് എം.എക്കാരനായ മാഷെ നിയമിച്ചത്. ഇനി ഇക്കൊല്ലം ഇംഗ്ലീഷിന് ഒരു ഹാന്‍ഡിനെ കിട്ടില്ല’.
ഇന്ന് കോഴിക്കോട് നഗരത്തിലെ മികച്ച സ്കൂളാണ് ആഴ്ചവട്ടം. നല്ല വിജയ ശതമാനം. നല്ല സൗകര്യമുള്ള കെട്ടിടങ്ങള്‍. മറ്റൊരു കാര്യം. എന്റെ ശിഷ്യന് സ്വാമിനാഥന് 420 മാര്‍ക്കോടെ എസ്.എസ്.എല്‍.സി ജയിച്ചതായി പിന്നീട് അറിയാന്‍ കഴിഞ്ഞു.
ഞാന്‍ തിരിച്ചു വന്ന് നാഷണല്‍ കോളേജില്‍ വീണ്ടും പഠിപ്പിക്കാന്‍ തുടങ്ങി. ഒരു ദിവസം ഞങ്ങളുടെ പള്ളി വികാരി ഫാ.ഫിലിപ്പ് മുറിഞ്ഞ കല്ലേല്‍ ദീപിക പത്രത്തില്‍ പത്ര പ്രവര്‍ത്തരെ ആവശ്യമുണ്ടെന്നു പറഞ്ഞുള്ള പ്രസ്കട്ടിങ് തന്നു. ‘എഴുത്തില്‍ താല്‍പ്പര്യമുള്ള നിനക്ക് പറ്റുന്ന പണിയാണെന്നും’ അദ്ദേഹം പറഞ്ഞു. അന്ന് കുറച്ചു പത്രങ്ങളേയുള്ളൂ. അതിനാല്‍ പത്രങ്ങളില്‍ ജോണലിസ്റ്റുകളുടെ ഒഴിവുകളും കുറവാണ്.
ദീപികയില്‍ ടെസ്റ്റ് എഴുതി ജേണലിസം ട്രെയിനിയായി നിയമനം കോട്ടയത്ത്. ക്ലാസുകളോ പരിശീലനമോ ഇല്ല. നേരിട്ട് പേജുകള്‍ തയ്യാറാക്കാന്‍ ചുമതല നല്കി. അവിടുത്തെ ജോലി അന്തരീക്ഷം പിടിച്ചില്ല. പ്രശസ്തനായ ഫാ.കൊളംബിയറായിരുന്നു ചീഫ് എഡിറ്റര്‍. അദ്ദേഹത്തോടു ഞാന്‍ ജോലി ഉപേക്ഷിച്ചു പോവുകയാണെന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചു.
തിരിച്ചു വന്ന് ആ അധ്യയന വര്‍ഷം മുഴുവന്‍ നാഷണല്‍ കോളജില്‍ ക്ലാസെടുത്തു. അപ്പോഴേക്കും ദീപിക തൃശൂരില്‍ അവരുടെ രണ്ടാമത്തെ യൂണിറ്റ് ആരംഭിച്ചിരുന്നു. ദീപിക സര്‍ക്കുലേഷന്‍ വിഭാഗം പുല്ലൂരാംപാറയിലെത്തിയപ്പോള് ഞാന്‍ ദീപിക വിട്ടു വന്ന കാര്യം ഫാ.ഫിലിപ്പ് മുറിഞ്ഞ കല്ലേല്‍ സൂചിപ്പിച്ചു. അച്ചന് എന്നെ വിളിപ്പിച്ചു. മലബാറില്‍ നിന്നുള്ള ഒരു പത്ര പ്രവര്‍ത്തനെ ആവശ്യമുണ്ടെന്നും തൃശൂര്‍ യൂണിറ്റില്‍ ചേരണമെന്നും അവര്‍ നിര്‍ബന്ധിച്ചു.
അങ്ങനെ തൃശൂര്‍ യൂണിറ്റിലെത്തിയ എന്നെ താമസിയാതെ മലപ്പുറം മുതല്‍ കാസര്‍ഗോഡ് വരെ ചുമതലയുള്ള മലബാര്‍ ലേഖകനായി കോഴിക്കോട് ബ്യൂറോ ചീഫ് തസ്തികയില്‍ നിയമിച്ചു.
പത്ര പ്രവര്‍ത്തകനെന്ന നിലയില്‍ ഏറ്റവും ആസ്വദിച്ച കാലമായിരുന്നത്. മലബാറില്‍ ഉടനീളം യാത്രകള്‍. പരമ്പരകളും ഫീച്ചറുകളും തയ്യാറാക്കി. നാടുകള്‍ കാണാനും ജനങ്ങളെ അറിയാനും അതെല്ലാം എഴുതാനുമുള്ള കുട്ടിക്കാലത്തെ അഭിനിവേശം പൂര്‍ത്തിയാക്കാന്‍ നല്ല മേഖല പത്ര പ്രവര്‍ത്തനമാണെന്നു മനസിലായി. ഇത് എനിക്കു പറ്റിയ ജോലിയിടം തന്നെ!
അപ്പോഴാണ് ജേണലിസം ട്രെയിനികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം മലയാള മനോരമയില്‍ വരുന്നത്. ടെസ്റ്റ് എഴുതി മനോരമയില്‍ പത്ര പ്രവര്‍ത്തകനായി കേരളത്തില്‍ ഉടനീളം ബ്യൂറോകളിലും യൂണിറ്റുകളിലും പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ, കുട്ടികളുടെ സംഘടനയായ അഖില കേരള ബാലജനസഖ്യത്തിന്റെ മലബാര്‍ ജില്ലകളിലെ മുഖ്യ സംഘാടകനായി പത്തു കൊല്ലം ചുമതല വഹിച്ചു. കുട്ടികളുടെ നേതൃത്വ കഴിവുകള്‍ വളര്‍ത്താനും സ്വഭാവ രൂപവല്‍ക്കരണത്തിനും നിര്‍ണായക സംഭാവന നല്കിയ പ്രസ്ഥാനമാണ് ബാലജനസഖ്യം. അങ്ങനെ ജേണലിസത്തിനൊപ്പം കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കുന്ന അധ്യാപകനായും പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു.ബാലികാ ബാലന്മാര്ക്കും കൗമാരക്കാര്‍ക്കും വ്യക്തിത്വ വികസന കളരികള്‍ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് മനോരമ അവര്‍ക്കായി ഈ പ്രസ്ഥാനം ആരംഭിച്ചത്. സാംസ്കാരിക രംഗത്തും രാഷ്ട്രീയ രംഗത്തും സമര്‍ത്ഥരായ ഒരു തലമുറയെ രൂപപ്പെടുത്തിയെടുക്കുവാന്‍ സഖ്യത്തിനു സാധിച്ചു. മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ അന്തര്‍മുഖത്വത്തിന്റെ തോടു പൊട്ടിച്ച് പറന്നുയരുന്നത് കാണാന്‍ കഴിഞ്ഞു.
നാട്ടിലും വിവിധ രാജ്യങ്ങളിലും നല്ല നിലയില്‍ കഴിയുന്ന മുന്‍ സഖ്യാംഗങ്ങള്‍ ഇപ്പോഴും പഴയ ഓര്‍മ്മ പുതുക്കി ക്യാമ്പുകള്‍ സംഘടിപ്പിച്ച് പഴയ സൗഹൃദം സജീവമാക്കി തുടര്‍ന്നുകൊണ്ടിരിക്കുന്നു. പഴയ സൗഹൃദവും കടപ്പാടും അവര്‍ എന്നോടും ഊഷ്മളമാക്കി നിലനിര്‍ത്തുന്നുവെന്നതും സന്തോഷമുള്ള കാര്യമാണ്.
