ജുഡീഷ്യറിക്കെതിരായ നീക്കം
ജനാധിപത്യത്തിന് ആപത്ത്
വഖഫ് നിയമ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയതിന് പിന്നാലെ രാജ്യത്തെ പരമോന്നത നീതി പീഠത്തിനെതിരായും നീക്കങ്ങള്‍ കണ്ട് വരുന്നത് ജനാധിപത്യത്തിന് ആപത്താണ്. രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് പുതിയ വഖഫ് നിയമ ഭേദഗതി ബില്ല് എന്നാണ് നിയമ വിദഗധരടക്കം ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ സുപ്രിംകോടതി നടത്തിയ ചില പരാമര്‍ശങ്ങളും വഖഫ് സംബന്ധിച്ച് നല്‍കിയ ഇടക്കാല ഉത്തരവുമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയം. മറ്റൊരു പ്രധാനവിഷയം കേന്ദ്രസര്‍ക്കാരിന്റെ നോമിനികളായി സംസ്ഥാനങ്ങളിലെത്തുന്ന ഗവര്‍ണര്‍മാര്‍ നടത്തുന്ന രാഷ്ട്രീയകളികളെക്കുറിച്ച് സുപ്രിംകോടതി ഈയടുത്ത ദിവസം നടത്തിയ ചരിത്രപരമായ വിധിയാണ്. ഈ വിധിയാണ് കേരള ഗവര്‍ണറെയും ഉപരാഷ്ട്രപതിയേയുമെല്ലാം പരാമര്‍ശിച്ചിട്ടുള്ളത്.
. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പുകളിലൂടെ അധികാരത്തിലേറ്റുന്ന സര്‍ക്കാരുകള്‍ നിയമസഭയില്‍ പാസാക്കിയെടുക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം കൊടുക്കാതെ അനിശ്ചിതമായി നീട്ടുന്ന പ്രവണതയുണ്ട്. ഇത് ചോദ്യം ചെയ്താണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിംകോടതിയിലെത്തിയത്. ഈ കേസിലാണ് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സുപ്രിംകോടതി സമയ പരിധി നിശ്ചയിച്ചത്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷി ഏതുമാകട്ടെ, അവരുടെ ഭൂരിപക്ഷം ഉപയോഗിച്ച് പാര്‍ലമെന്റില്‍ ഒരു നിയമം പാസാക്കിയാല്‍ അതില്‍ എതിര്‍പ്പുള്ള വിഭാഗം സ്വാഭാവികമായും കോടതികളിലെത്തും. പൗരന്മാര്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും നീതി നിഷേധിക്കുകയാണെന്ന ബോധ്യം അവര്‍ക്കുണ്ടാകുമ്പോള്‍ അവര്‍ക്ക് അഭയം നമ്മുടെ ജുഡീഷ്യറിയാണ്. രാജ്യചരിത്രത്തില്‍ നിരവധി വിഷയങ്ങള്‍ ഇതിന് മുന്‍പും കോടതിയിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി പോലും നിയമനടപടികള്‍ക്ക് വിധേയമായിട്ടുണ്ടെന്ന ചരിത്രപാഠം നാം മറന്നുപോകരുത്. ഭരണാധികാരികളും ഭരണകൂടങ്ങളും ഏകാധിപത്യ ശൈലിയിലേക്ക് പോകുമ്പോള്‍ അഭയകേന്ദ്രം സുപ്രിംകോടതിതന്നെയാണ്. മോദിസര്‍ക്കാര്‍ ജുഡീഷ്യറിയെ അക്രമിക്കുകയും കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുകയും ചെയ്യുന്നതായുള്ള ആരോപണം ഇവിടെ ശക്തമാണ്. വഖഫ് നിയമഭേദഗതി ബില്ല് മുസ്ലിംകളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അവര്‍ ആരോപിക്കുമ്പോള്‍ സ്വാഭാവികമായും അത് പരിശോധിച്ച് നീതിനടപ്പിലാക്കാന്‍ സുപ്രിംകോടതിക്ക് അധികാരമുണ്ട്. ബിജെപി സര്‍ക്കാരിന് കീഴില്‍ രാജ്യത്തെ മുസ്ലിം അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്നെതിന് തെളിവാണ് അവരുടെ ഭാഗത്ത് നിന്ന് കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍. ഒന്നാം മോദി സര്‍ക്കാരില്‍ നിന്ന് വിഭിന്നമാണ് രണ്ടാം മോദി സര്‍ക്കാരിന്റെതെന്നും അത് ന്യൂനപക്ഷവേട്ടനടത്തുകയാണെന്ന ചോദ്യം പ്രധാനമന്ത്രി മോദിക്ക് തന്നെ ചോദ്യശരമായി യുഎസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരില്‍ നിന്നുണ്ടായത് ലോകം മുഴുവന്‍ കണ്ടതാണ്. വഖഫില്‍ കേന്ദ്രസര്‍ക്കാര്‍ അന്യായമായി ഇടപെടുന്നതിനെതിരെ നിയമ യുദ്ധം തുടരുമെന്നത് വ്യക്തമാണ്. കേന്ദ്ര സര്‍ക്കാര്‍ നിയമം നടപ്പാക്കുമ്പോള്‍ അത് വിശദമാക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. അത് ചോദ്യം ചെയ്യാനും അവകാശമുണ്ട്. അതിന്റെ നീതിയുടെ പാത തുറന്ന് തരേണ്ടത് നമ്മുടെ നീതിന്യായ സംവിധാനമാണ്. അതുകൊണ്ട്തന്നെ ജുഡീഷ്യറിയുടെ നിക്ഷ്പക്ഷത ജനാധിപത്യത്തിന്റെ ആത്മാവാണ്. അതാണ് ഓരോ ഭാരതീയനും ജുഡീഷ്യറിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. അത്‌കൊണ്ട് തന്നെ ജുഡീഷ്യറിക്കെതിരായ കടന്നാക്രമണം ജനാധിപത്യത്തിന് അപകടം തന്നെയാണ്.