മലയോര ജനതയെ വിധിക്ക് വിട്ട് കൊടുക്കരുത്; വി.ഡി.സതീശന്‍

മലയോര ജനതയെ വിധിക്ക് വിട്ട് കൊടുക്കരുത്; വി.ഡി.സതീശന്‍

മാനന്തവാടി: വന്യജീവി ആക്രമണത്തില്‍ മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. പഞ്ചാരക്കൊല്ലിയില്‍ കടുവ കൊന്ന രാധയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി എന്താണോ അതുപോലെ ആയിക്കോട്ടെ, ഞങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന സര്‍ക്കാര്‍ നിസ്സംഗതയെ സതീശന്‍ കുറ്റപ്പെടുത്തി.

കരിയില അനങ്ങിയാല്‍ പോലും പേടിയാണ്. ജനങ്ങള്‍ ഭീതിയിലാണ്. കുട്ടികള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റുന്നില്ല. കഴിഞ്ഞ മൂന്നര വര്‍ഷക്കാലം ഇക്കാര്യം ശക്തമായി നിയമസഭയില്‍ ഉയര്‍ത്തി. 4 അടിയന്തര പ്രമേയം അവതരിപ്പിച്ചു. നാല് വര്‍ഷമായി വന്യജീവി ആക്രമണം പ്രതിരോധിക്കാന്‍ ഒന്നും ചെയ്തില്ല. എന്നിട്ട് ഗവര്‍ണറുടെ പ്രസംഗത്തില്‍ എഴുതി വച്ചിരിക്കുകയാണ് കേരളത്തില്‍ വന്യജീവി ആക്രമണം കുറഞ്ഞുവരികയാണെന്ന്. വനംമന്ത്രി നിയമസഭയില്‍ പറയുകയാണ് ആക്രമണം കുറഞ്ഞുവെന്ന്.

2019 മുതല്‍ വന്യമൃഗ ആക്രമണം ജില്ലയില്‍ വലിയ തോതില്‍ വര്‍ധിക്കുകയാണുണ്ടായത്. 8 വര്‍ഷം കൊണ്ട് അറുപതിനായിരത്തിലധികം വന്യജീവി ആക്രമണം കേരളത്തിലുണ്ടായി. ആയിരത്തിലധികം ആളുകള്‍ മരിച്ചു. എന്നിട്ടാണ് വന്യജീവി ആക്രമണങ്ങള്‍ കുറഞ്ഞുവരികയാണെന്ന് പറയുന്നത്. സര്‍ക്കാര്‍ തന്നെ തയാറാക്കിയ കണക്ക് ഞങ്ങള്‍ നിയമസഭയില്‍ കാണിച്ചു. മറ്റു പല സംസ്ഥാനങ്ങളിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു. മൃഗങ്ങളെ കാട്ടിലേക്ക് തിരിച്ചോടിക്കാന്‍ സാധിക്കുന്ന ആധുനിക ഉപകരണങ്ങള്‍ അവരുടെ പക്കലുണ്ട്. കേരളത്തില്‍ പഴയ സംവിധാനം ഉപയോഗിക്കുന്നില്ല, പുതിയതിനെക്കുറിച്ച് ആലോചിക്കുന്നുമില്ലെന്നും വി.ഡി.സതീശന്‍ കുറ്റപ്പെടുത്തി.

വന്യജീവി നിയമത്തില്‍ കാലനുസൃതമായ ഭേദഗതി വേണമെന്ന് കേരളത്തില്‍ നിന്നുള്ള മുഴുവന്‍ യുഡിഎഫ് എംപിമാരും പാര്‍ലമെന്റില്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യണം. വാച്ചര്‍മാരില്ല, ജീവനക്കാരില്ല, ആവശ്യത്തിന് സംവിധാനങ്ങളില്ല. നിസ്സംഗത വെടിഞ്ഞ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം.പ്രതിരോധ സംവിധാനത്തിന് വേണ്ടി ഒരു രൂപ പോലും സര്‍ക്കാര്‍ ചെലവാക്കിയില്ല. ഗുരുതരമായി പരുക്കേറ്റ എട്ടായിരത്തോളം പേര്‍ക്ക് ചികിത്സാ സഹായം നല്‍കിയിട്ടില്ല. മലയോര സമരയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി സര്‍ക്കാരിനെ അറിയിക്കും. എല്ലാ വിഭാഗം ആളുകളില്‍ നിന്നും അഭിപ്രായം തേടിയശേഷം അറിയിക്കുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

ഇന്നലെയും വയനാട് കുറുക്കന്‍ മൂലയില്‍ വളര്‍ത്തുനായയെ വന്യ ജീവി ആക്രമിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാരുടെ മുന്നിലൂടെ നായയെ കടിച്ച് ഓടി. പുള്ളിപുലിയാണെന്നാണ് വനം വകുപ്പിന്റെ നിഗമനം.

 

മലയോര ജനതയെ വിധിക്ക് വിട്ട് കൊടുക്കരുത്; വി.ഡി.സതീശന്‍

Share

Leave a Reply

Your email address will not be published. Required fields are marked *