കെ.എഫ്.ജോര്‍ജ്
ഇസ്രയേലിലെ ഏറ്റവും മനോഹരമായ പ്രദേശമാണ് ഗലീലി. പുണ്യനഗരമെന്ന ഖ്യാതി ഉണ്ടെങ്കിലും ജറുസലം കാഴ്ചക്ക് അത്ര സുന്ദരമല്ല. കുന്നുകളും താഴ്‌വരകളും നിറഞ്ഞ ജറുസലം ഫലഭൂയിഷ്ഠമായ പ്രദേശമല്ല. നൂറ്റാണ്ടുകളായി കീഴടക്കലുകളും പോരാട്ടങ്ങളും ചോരപ്പുഴകളും കണ്ട ചുണ്ണാമ്പുകല്ലുകള്‍ നിറഞ്ഞ ഈ പ്രദേശത്തിന് ഒരു നരച്ച മുഖമാണ്.
എന്നാല്‍ ഗലീലി അതിമനോഹരിയാണ്. മലകളുടെ മടിത്തട്ടില്‍ കിടക്കുന്ന തടാകം കൊണ്ടാണ് ഗലീലി പ്രശസ്തയായത്. യേശുക്രിസ്തുവിന്റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്നു ഈ പ്രദേശം. മൂടല്‍ മഞ്ഞുള്ള പുലര്‍കാലത്ത് മേഘപാളികള്‍ക്കിടയിലൂടെ സൂര്യ കിരണങ്ങള്‍ നീലത്തടാകത്തിലേക്ക് നീണ്ടു ചെല്ലുന്ന കാഴ്ച മനസ്സില്‍ നിന്ന് മായുന്നില്ല.
ഗലീലി ശുദ്ധജല തടാകമാണ്. 21 കിലോ മീറ്റര്‍ നീളം. കൂടിയ വീതി 13 കിലോ മീറ്റര്‍. കൂടിയ ആഴം 54 മീറ്റര്‍. ചില ഭാഗങ്ങളില്‍ നിന്നു നോക്കിയാല്‍ മറുകര കാണാന്‍ കഴിയാത്ത കടല്‍പോലെ തോന്നിക്കും. ബൈബിളില്‍ ഗലീലി കടല്‍ എന്ന പരാമര്‍ശമുണ്ട്. കടലിലുള്ളതുപോലെ ഓളങ്ങളുണ്ട്. ചിലപ്പോള്‍ ശക്തിയായി കാറ്റടിച്ച് ഗലീലി നന്നായി ക്ഷോഭിക്കുകയും ചെയ്യും.
ലെബനന്റെയും സിറിയയുടേയും അതിര്‍ത്തി പ്രദേശമായ ഹെര്‍മന്‍ മലകളില്‍ നിന്ന് ഉത്ഭവിക്കുന്ന ജോര്‍ദാന്‍ നദിയിലുള്ള തടാകമാണിത്. സമുദ്ര നിരപ്പില്‍ നിന്ന് 1312 അടി ഉയരത്തില്‍ നിന്ന് ഉത്ഭവിക്കുന്ന ജോര്‍ദാന്‍ നദി ജോര്‍ദാന്‍, സിറിയ, ഇസ്രയേല്‍ രാജ്യങ്ങളിലൂടെയും പലസ്തീന്‍ പ്രദേശങ്ങളിലൂടെയും 251 കിലോമീറ്റര്‍ ഒഴുകി ചാവുകടലില്‍ മറയുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1300 അടി താഴ്ചയിലാണ് ചാവുകടല്‍. പ്രകൃതിക്ഷോഭം കൊണ്ട് താഴ്ന്നുപോയ പ്രദേശമാണിത്. സാധാരണ നദികള്‍ സമുദ്രത്തില്‍ യാത്ര അവസാനിപ്പിക്കുമ്പോള്‍ ജോര്‍ദാന്‍ ചാവുകടലില്‍ അസ്തമിക്കുന്നു. അതുകൊണ്ടാണ് ചാവുകടല്‍ എന്ന പേരു വീണത്.
ചാവു കടലിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ചുരം കയറുമ്പോള്‍ ചെവി കൊട്ടി അടയ്ക്കുന്നതുപോലെ മര്‍ദ്ദ വ്യത്യാസം അനുഭവപ്പെടും. നമ്മള്‍ 1300 അടി താഴ്ചയിലേക്ക് ഇറങ്ങിപ്പോവുകയാണല്ലോ. ചാവു കടലിലെ വെള്ളത്തിന് കടുത്ത ഉപ്പുരസമാണ്. കണ്ണില്‍ വെള്ളം വീണാല്‍ കടുത്ത നീറ്റലാണ്. വെള്ളത്തിന്റെ മര്‍ദ്ദക്കൂടുതല്‍ കാരണം മുങ്ങിക്കിടക്കാന്‍ കഴിയില്ല. വെള്ളത്തിനു മുകളില്‍ പൊങ്ങിക്കിടക്കും. വെള്ളത്തിനു മുകളില്‍ കിടന്നു പത്രം വായിക്കുന്നവരെ കണ്ടിട്ടുണ്ട്.
പലതരം രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളത്തിനും കരയിലെ ചെളിയ്ക്കും ചര്‍മ്മ രോഗ ശമന ശേഷിയുണ്ടെന്നു പറയപ്പെടുന്നു. ചാവുകടലിലെ ചെളി വാരിപ്പൂശി നില്‍ക്കുന്നവരെ ഇവിടെ കാണാം. ചെളി ഉണങ്ങിക്കഴിഞ്ഞ് നല്ല വെള്ളത്തില്‍ കുളിക്കാനും സൗകര്യമുണ്ട്.ചാവു കടലിലെ വെള്ളം വറ്റിച്ച് രാസ വസ്തുക്കള്‍ അരിച്ചെടുക്കുന്ന ഫാക്ടറികളും ഇവിടെ കാണാം.
ചാവുകടലിന് കടുത്ത ഉപ്പു രസമാണെങ്കില്‍ ഗലീലി തടാകത്തില്‍ തെളിഞ്ഞ വെള്ളമാണ്. ഉപ്പിന്റെ ആധിക്യം കാരണം ചാവുകടലില്‍ ഒറ്റ ജലജീവിയ്ക്കും വളരാനാവില്ല. എന്നാല്‍ ഗലീലി തടാകത്തില്‍ ഇഷ്ടം പോലെ മത്സ്യമുണ്ട്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരില്‍ പത്രോസും സഹോദരന്‍ അന്ത്രയോസും സെബദീ പുത്രന്മാരായ യാക്കോബും, യോഹന്നാനും മീന്‍ പിടിത്തക്കാരാണ്. മീന്‍ പിടിക്കുന്നതും വല വീശുന്നതും ഗലീലിയില്‍ കൂടി സഞ്ചരിക്കുന്നതുമെല്ലാം പലതവണ ബൈബിളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഗലീലി തീരത്തുള്ള ഹോട്ടലുകളില്‍ പത്രോസിന്റെ മീന്‍ പ്രത്യേക വിഭവമാണ് തിലോപ്പിയ വിഭാഗത്തില്‍പ്പെടുന്ന ഈ മീന്‍ ഉപ്പും മുളകുമൊന്നും ചേര്‍ക്കാതെ വാലും തലയും ചിറകുമെല്ലാം നിലനിര്‍ത്തി ഒലിവെണ്ണയില്‍ പൊരിച്ചു നല്‍കുന്നത് ഇസ്രയേലിലെത്തുന്ന സഞ്ചാരികള്‍ രുചിച്ചു നോക്കാതിരിക്കില്ല. മസാലകള്‍ ചേര്‍ക്കാത്തതു കൊണ്ട് സ്വാദു തോന്നിയില്ല. ചരിത്രത്തിലും വിശ്വാസത്തിലും ഇടം പിടിച്ച ഈ മീനിന് ഹോട്ടലുകളില്‍ ആയിരത്തോളം രൂപ ചാര്‍ജു ചെയ്തു. യേശുക്രിസ്തുവിന്റെ ശിഷ്യ പ്രമുഖന്‍ പത്രോസ് പിടിച്ച മീനെന്ന നിലയിലാണ് ഇതിനെ വിദേശ നാണ്യം കൊയ്യാന്‍ ഇസ്രയേല്‍ ഉപയോഗിക്കുന്നത്.
മത്തായിയുടെ സുവിശേഷം 17-ാം അധ്യായത്തില്‍ വിവരിക്കുന്ന മത്സ്യവും ഇതു തന്നെയാണെന്നു വിശ്വസിക്കപ്പെടുന്നു, ദേവാലയ നികുതി പിരിവുകാര്‍ പത്രോസിനെ സമീപിച്ച് ‘നിങ്ങളുടെ ഗുരു നികുതി കൊടുക്കുന്നില്ലേ?’ എന്ന് ചോദിച്ചപ്പോള്‍ യേശു പറഞ്ഞ വാക്കുകളാണ് ഈ വിശ്വാസത്തിനാധാരം. ‘നീ പോയി കടലില്‍ ചൂണ്ടയിടുക. ആദ്യം കിട്ടുന്ന മത്സ്യത്തിന്റെ വായ് തുറന്നാല്‍ ഒരു നാണയം കിട്ടും. അതെടുത്ത് എനിക്കും നിനക്കും വേണ്ടി അവര്‍ക്ക് കൊടുക്കുക’.
എന്തായാലും ഈ മത്സ്യം ഇസ്രയേലില്‍ സംരക്ഷിത ഇനമാണ്. ഈ മത്സ്യം ഒഴിച്ചുള്ള ഇനങ്ങളെ പിടിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ധന സഹായം നല്‍കിയിരുന്നു. ‘വിശുദ്ധ പത്രോസിന്റെ മത്സ്യത്തെ’ സംരക്ഷിക്കാന്‍ വേണ്ടിയാണ് മറ്റുള്ളവയെ പിടിച്ച് ഈ ഇനത്തിന് വളരാനും പെറ്റു പെരുകാനും സൗകര്യം ഒരുക്കിയത്.
ഗലീലി തടാകത്തിന്റെ ഇരു കരകളും ഫലഭൂയിഷ്ഠമാണ്. ഗാതമ്പു പാടങ്ങളും ഓറഞ്ച് – വാഴത്തോട്ടങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. കംപ്യൂട്ടറൈസ്ഡ് സംവിധാനങ്ങളൊരുക്കി ആധുനിക കൃഷിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഗോതമ്പു പാടങ്ങളില്‍ യന്ത്രക്കൈകളാല്‍ വെള്ളം ചീറ്റിച്ചാണ് നനയ്ക്കല്‍. ഗലീലി തടാകത്തിലുള്ള വെള്ളം മാത്രമാണ് ഇസ്രയേലിന് കൃഷിക്ക് ആശ്രയിക്കാനുള്ളത്. ഈ വെള്ളം ഒട്ടും പാഴാക്കാതെയുള്ള കാര്‍ഷിക രീതിയാണ് ഇസ്രയേലിനെ കൃഷിയില്‍ മുന്‍പന്തിയിലെത്തിച്ചത്. വിളയ്ക്കുവേണ്ട പോഷകങ്ങളും മൂലകങ്ങളും തുള്ളി നനയ്ക്കുള്ള വെള്ളത്തില്‍ കംപ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് ആവശ്യത്തിന് മാത്രം ഓട്ടമാറ്റിക്കായി കലര്‍ത്തി വിടുന്നു. മനുഷ്യന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ആവശ്യമില്ല.
കഫര്‍ണാം, തിബെര്യാസ്, മഗ്ദലന, ഗെന്നസറത്ത് തുടങ്ങി ബൈബിളില്‍ പരാമര്‍ശിക്കുന്ന പ്രദേശങ്ങളെല്ലാം ഈ തടാകക്കരയിലാണ്. കിലോമീറ്ററുകള്‍ നീളത്തില്‍ വാഴത്തോട്ടങ്ങള്‍. നമ്മുടെ റോബസ്റ്റ പോലെ തോന്നിക്കുന്ന പഴങ്ങളാണ് കാണുന്നത്. പഴുത്താലും മാസങ്ങളോളം കേടാകാതിരിക്കും. കപ്പലില്‍ കയറ്റി അയയ്ക്കാന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത സങ്കര ഇനങ്ങളാണിവ. എല്ലാ വാഴയിലും ഇലകളുടെ എണ്ണവും കുലയില്‍ കായയുടെ എണ്ണവും വലിപ്പവുമെല്ലാം ഒന്നു തന്നെ. സാങ്കേതിക വിദ്യയിലൂടെ ഇസ്രയേല്‍ എല്ലാ രംഗത്തും ഒന്നാം സ്ഥാനത്തെത്തിയത് അവരുടെ കഠിനാധ്വാനത്തിലൂടെയാണ്. ഇസ്രയേലിന്റെ കൃഷി മാതൃകകളാണ് ലോക രാജ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്.
യേശു ശിഷ്യരുമൊത്ത് വഞ്ചിയില്‍ തടാകത്തിലൂടെ യാത്ര ചെയ്തതിനു പകരം ഇന്ന് ബോട്ട് സര്‍വ്വീസുണ്ട്. തിബെര്യാസില്‍ നിന്ന് ബോട്ടില്‍ മറുകരയിലെത്താം. യോശുവിന്റെ കാലത്തോളം പഴക്കമുള്ള ഒരു വഞ്ചി 1986 ജനുവരിയില്‍ ഗലീലി തടാകത്തില്‍ നിന്നു കിട്ടിയത് അവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. രണ്ടായിരം വര്‍ഷം മുമ്പു നിര്‍മ്മിച്ചതെന്നു പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ ഈ വഞ്ചി എഴുവര്‍ഷം രാസ വസ്തുക്കള്‍ കലര്‍ത്തിയ ലായനിയില്‍ ഇട്ട് ബലപ്പെടുത്തിയ ശേഷമാണ് പ്രദര്‍ശനത്തിന് വച്ചത്.